ടോക്കിയോ : ഹൃദയാഘാതം വന്ന മനുഷ്യന്റെ ജീവൻ രക്ഷിച്ച നായയെ ഹീറോ ആയി വാഴ്ത്തി ജപ്പാൻ. മോൺഗ്രൽ ഇനത്തിലെ അഞ്ച് വയസുള്ള ' കൂമെ ' എന്ന നായയാണ് കഥയിലെ താരം. ഫെബ്രുവരി 25ന് ചിബാ സിറ്റിയിലെ വകാബ - കുവിലുള്ള ഒരു ഹോഴ്സ് റൈഡിംഗ് ക്ലബ്ബിൽ 50 വയസ് പ്രായമുള്ള ഒരാൾ കുഴഞ്ഞുവീണിരുന്നു.
എന്നാൽ ഇദ്ദേഹം ബോധരഹിതനായി കിടക്കുന്നത് ക്ലബ്ബിലെ വളർത്തുനായ ആയ കൂമെ ഒഴികെ മറ്റാരും കണ്ടില്ല. അപകടം മണത്ത കൂമെ നിറുത്താതെ കുരച്ചും ഓടിയും ആളുകളെ ഇവിടേക്ക് എത്തിക്കുകയായിരുന്നു. കൂമെയ്ക്ക് പൊതുവെ ശാന്ത സ്വഭാവമാണ്. വളരെ അപൂർവമായാണ് കുരച്ചിരുന്നത് പോലും. ആരെയും അക്രമിക്കുന്ന ശീലവുമില്ല.
അതുകൊണ്ടാണ് കൂമെ നിറുത്താതെ കുരച്ചതോടെ ക്ലബ്ബിലുണ്ടായിരുന്നവർ ഉടൻ ഓടിയെത്തിയത്. കുഴഞ്ഞുവീണയാളെ ഉടൻ ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ തിരിച്ചുകിട്ടി. ആരോഗ്യം വീണ്ടെടുത്ത ഇദ്ദേഹം ക്ലബ്ബിലേക്ക് വീണ്ടും എത്തിത്തുടങ്ങിയിട്ടുണ്ട്. കൂമെയുടെ ധീരതയ്ക്ക് വകാബ ഫയർ ഡിപ്പാർട്ട്മെന്റ് പ്രത്യേക അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.
കൂമെയ്ക്കായുള്ള അഭിനന്ദന സർട്ടിഫിക്കറ്റും ക്ലബ്ബിന് കൈമാറി. ക്ലബ്ബിലെത്തുന്നവരെ അഭിവാദ്യം ചെയ്യുക എന്നതായിരുന്നു കൂമെയുടെ പ്രധാന ജോലി. മുമ്പ് ക്ലബ്ബിലെ ഒരു കുതിര സുരക്ഷാ വേലി ചാടിരക്ഷപെടാൻ ശ്രമിച്ചപ്പോഴും മറ്റൊരു കുതിരയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായപ്പോഴും കൂമെയുടെ ഇടപെടലാണ് മനുഷ്യരുടെ ശ്രദ്ധയിലേക്ക് നയിച്ചത്.
ഊമേ എന്ന മറ്റൊരു നായയുടെ സംരക്ഷണത്തിലാണ് കൂമെ വളർന്നത്. അപകടം മണത്താൽ എങ്ങനെ പ്രതികരിക്കണമെന്നത് ഊമേയിൽ നിന്നാണ് കൂമെ പഠിച്ചത്. ഊമേ ഇന്ന് ജീവിച്ചിരിപ്പില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |