ന്യൂഡൽഹി: ഫോൺ ഉപയോഗിക്കാത്ത സമയത്തുപോലും മൈക്രോഫോൺ വഴി സ്‌മാർട്ട്‌ഫോൺ വാട്സ്ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നുവെന്ന ആരോപണം അന്വേഷിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. പുതിയ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ സംരക്ഷണ ബിൽ തയ്യാറാക്കുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ഗൗരവമായി കാണുമെന്ന് കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
രാത്രി ഉറങ്ങുന്ന സമയത്ത് വാട്സ്ആപ്പ് മൈക്രോഫോൺ ഉപയോഗിച്ച് സ്വകാര്യ വിവരങ്ങൾ ചോർത്തുന്നുവെന്ന ട്വിറ്ററിലെ എൻജിനിയറിംഗ് ഡയറക്ടർ ഫോഡ് ദബിരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടൽ. എന്നാൽ തങ്ങൾ ഉപഭോക്താക്കളുടെ വിവരങ്ങൾ സമ്മതമില്ലാതെ ശേഖരിക്കുന്നില്ലെന്ന് വാട്സ്ആപ്പ് വിശദീകരിക്കുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടത്തി പരിഹരിക്കാൻ ആൻഡ്രോയിഡ് ഉടമകളായ ഗൂഗിളിനോട് ആവശ്യപ്പെട്ടതായും വാട്സ് ആപ്പ് അറിയിച്ചു.
ഈ നമ്പരുകൾ ശ്രദ്ധിക്കുക
അജ്ഞാത രാജ്യാന്തര നമ്പരുകളിൽ നിന്നുള്ള സ്‌പാം കാളുകൾ (സ്‌പാം: തെറ്റായ ഉദ്ദേശ്യത്തോടെ കൂട്ടത്തോടെ അയയ്‌ക്കുന്ന ഫോൺ വിളികളും സന്ദേശങ്ങളും) വർദ്ധിച്ച സാഹചര്യത്തിൽ വാട്സ്ആപ്പിന് നോട്ടീസ് അയയ്‌ക്കുമെന്ന് ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇന്തോനേഷ്യ (+62), വിയറ്റ്നാം (+84), മലേഷ്യ (+60), കെനിയ (+254), എത്യോപ്യ (+251) എന്നീ രാജ്യങ്ങളിലെ അന്താരാഷ്‌ട്ര സ്‌പാം നമ്പരുകളിൽ നിന്നുള്ള ഫോൺ വിളികളും സന്ദേശങ്ങളുമാണ് വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.
നമ്പർ ലഭ്യമാകുന്നത്?
ഉപയോക്താക്കളുടെ നമ്പറുകൾ സ്‌പാം ഏജന്റുമാർക്ക് ലഭിക്കുന്നത് ഗൗരവമുള്ള കാര്യമാണ്. നമ്പറുകളുടെ ഡാറ്റാബേസ് അവർക്ക് ലഭിക്കുണ്ടെങ്കിൽ അത് സ്വകാര്യത ലംഘനമാണ്. ഇക്കാര്യം പരിശോധിക്കാൻ ഡിജിറ്റൽ പ്ളാറ്റ്ഫോമുകൾക്ക് നിർദ്ദേശം നൽകുമെന്ന് മന്ത്രി പറഞ്ഞു.
തട്ടിപ്പുകളിൽ വീഴാതിരിക്കാൻ
സ്‌പാം നമ്പരുകളിൽ നിന്നുള്ള കാളുകൾ വന്നാൽ അത് എടുക്കാതിരിക്കുക. ആ നമ്പർ ഉടൻ ബ്ലോക്ക് ചെയ്യുക (വാട്സ്ആപ്പ് പേജിന്റെ വലതു വശത്ത് മുകളിലുള്ള മൂന്ന് കുത്തുകളിൽ തൊടുക. തുറന്നു വരുന്ന മെനുവിൽ നിന്ന് 'മോർ" തിരഞ്ഞെടുക്കുക. അതിൽ രണ്ടാമതായി ബ്ളോക്ക് ചെയ്യാനുള്ള ഓപ്‌ഷൻ കാണാം). അഞ്ജാത സന്ദേശങ്ങൾക്കൊപ്പമുള്ള ലിങ്കുകൾ ക്ലിക്കു ചെയ്യരുത്. ഫോണിൽ രഹസ്യസോഫ‌്‌റ്റ്‌വെയർ നിക്ഷേപിച്ച് ബാങ്കിംഗ് ഇടപാടുകളുടെ അടക്കം വിവരങ്ങൾ ചോർത്താൻ അതുവഴി അവർക്ക് സാധിക്കും.
ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ പണം സമ്പാദിക്കാമെന്ന വാഗ്‌ദാനം നൽകുന്ന തട്ടിപ്പും വാട്സ്ആപ്പിൽ സാധാരണമാണ്. ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തൽ മാത്രമാണ് അവരുടെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |