പത്തനംതിട്ട : പമ്പയും അച്ചൻകോവിലാറും മണിമലയും നിറഞ്ഞൊഴുകുന്ന പത്തനംതിട്ട, വള്ളംകളിയും കുട്ടവഞ്ചി സവാരിയും ശീലമാക്കിയ പള്ളിയോടങ്ങളുടെ നാട്. ചന്തത്തിൽ തുഴഞ്ഞുനീങ്ങുന്ന പള്ളിയോടങ്ങളുടെ ആകർഷണീയതയിൽ വിസ്മരിക്കപ്പെടുന്ന ഒരു കാര്യമുണ്ട്. എത്രത്തോളം സുരക്ഷിതമാണ് പള്ളിയോടങ്ങളുടെ സഞ്ചാരം ?. കാലങ്ങളായുള്ള ചോദ്യമാണെങ്കിലും ഇന്നും ഉത്തരമില്ല.
ഒാരോ പള്ളിയോടകാലത്ത് അപകടങ്ങളും മരണങ്ങളും ഉണ്ടാകുന്നുണ്ട്. എന്നിട്ടും മുൻകരുതലുകളും സുരക്ഷാമാർഗങ്ങളും സ്വീകരിക്കുന്നില്ല.
താനൂരിൽ ബോട്ടപകടത്തിന് കാരണം മത്സ്യബന്ധന ബോട്ട് യാത്രാബോട്ടാക്കി മാറ്റിയപ്പോൾ ഉണ്ടായ ഘടനാപരമായ പിഴവാണ്. പള്ളിയോടങ്ങളുടെ കാര്യത്തിലും ഇത്തരം പിഴവുകൾ ഉണ്ടാകുന്നുണ്ട്. വള്ളംകളിക്ക് മത്സരസ്വഭാവം കൈവന്നതോടെ പള്ളിയോടങ്ങളുടെ ഘടനയിലും വലിയ മാറ്റങ്ങളാണ് വരുത്തുന്നത്. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു.
അമരം ഉയർത്തി, അപകടം വരുത്തി
കരകൾ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായി പള്ളിയോടങ്ങളുടെ അമരത്തിന്റെ ഉയരം വർദ്ധിപ്പിക്കുന്നത് അപകടത്തിനിടയാക്കുന്നതായി പള്ളിയോട ശിൽപ്പികൾ വെളിപ്പെടുത്തിയിരുന്നു. അമരത്തിന് 20 അടി ഉയരം വരെയുള്ള പള്ളിയോടങ്ങൾ വരെയുണ്ട്. പരിചയം ഇല്ലാത്ത അമരക്കാരാണെങ്കിൽ നിയന്ത്രണം തെറ്റാനുള്ള സാദ്ധ്യത ഏറെയാണ്. അണിയം അഥവാ കൂമ്പിന്റെ ഭാഗം ക്രമാതീതമായി ഉയർന്നാലും അപകടം ഉണ്ടാകും.
പമ്പാനദിയിലെ ഭീഷണി
പമ്പാനദിയിലെ അനാവശ്യ നിർമാണങ്ങൾ അപകട ഭീഷണിയാണ്. പുത്തൻകാവിൽ തകർന്നുവീഴാറായ പാലത്തിന്റെ കമ്പിയിൽ തട്ടി പള്ളിയോടം മറിഞ്ഞിട്ടും ഇതുനീക്കം ചെയ്തിട്ടില്ല. മാരാമൺ കരിങ്കൽക്കെട്ടിന്റെ ഭാഗത്ത് കുത്തൊഴുക്ക് പലപ്പോഴും നിയന്ത്രണം തെറ്റിക്കുന്നു. ആറന്മുളയിലും നദിയിലേക്ക് ഇറക്കിയുള്ള നിർമാണം ഒഴുക്കിന്റെ ശക്തി കൂട്ടുന്നു.
രജിസ്ട്രേഷന് സംവിധാനമില്ല
ജില്ലയിൽ പലയിടത്തും സ്പീഡ് ബോട്ടുകളും യന്ത്രവൽകൃത വള്ളങ്ങളുമുണ്ട്. ഇവയിൽ പലതിനും രജിസ്ട്രേഷൻ ഇല്ല. ചിലത് ആലപ്പുഴയിൽ രജിസ്റ്റർ ചെയ്തതാണ്. വള്ളവും ബോട്ടും രജിസ്റ്റർ ചെയ്യുന്നതിന് ജില്ലയിൽ ഓഫീസില്ല.
പള്ളിയോടം മറിഞ്ഞ് മരണം
2015 ൽ ആറന്മുളയിൽ 2 യുവാക്കൾ മരിച്ചു.
2022 ൽ ചെന്നിത്തലയിൽ 3 പേർ മരിച്ചു.
സുരക്ഷാ നിർദേശം ലംഘിച്ച് അമിതമായി ആളുകൾ കയറുന്നതാണ് പള്ളിയോടങ്ങൾ അപകടത്തിൽപ്പെടാൻ കാരണം.
മുകുന്ദൻ, ആറൻമുള
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |