പുനലൂർ: പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് സമീപത്തെ റെയിൽവേയുടെ ക്രോസ് ബാരിയറിൽ ഇടിച്ച് കയറി അപകടം. ബസ് യാത്രക്കാരായ ഒരു കുട്ടി അടക്കം 5 പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 4.45 ഓടെ പുനലൂർ ബോയ്സ് ഹൈസ്കൂളിന് സമീപത്തായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ട വഴി പാലായിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസാണ് ഇരുമ്പ് ക്രോസ് ബാരിയറിൽ ഇടിച്ച് കയറിയത്. ഇന്നലെ പത്തനാപുരത്ത് നിന്ന് പുനലൂരിലേക്ക് വന്ന മറ്റൊരു കെ.എസ്.ആർ.ടി.സി ബസും ഇന്നോവ കാറും ഇതിന് സമീപത്ത് വച്ച് കൂട്ടിയിടിച്ചിരുന്നു. റീ ടാറിംഗ് നടത്തിയ റോഡിൽ ഓയിൽ വീണിരുന്നു. ഇതിൽ കയറിയ വാഹനങ്ങളാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് പുനലൂർ സി.ഐ.ടി.രാജേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും ഫയർഫോഴ്സുമെത്തി റോഡിൽ വീണ ഓയിൽ വെള്ളം ഒഴിച്ച് കഴുകി മാറ്റി.സംഭവത്തെ തുടർന്ന് അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |