കൊല്ലം: പെരുമൺ- മൺറോതുരുത്ത് ജങ്കാർ സർവ്വീസ് മുടങ്ങിയതോടെ, പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിയുള്ള പെരുമൺ എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ. മൺറോതുരുത്ത് അടക്കമുള്ള കുന്നത്തൂർ, കരുനാഗപ്പള്ളി മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ കോളേജിലെത്താൻ ഈ ജങ്കാറിനെയാണ് ആശ്രയിച്ചിരുന്നത്.
ജങ്കാർ സർവീസ് നിലച്ചതോടെ കുന്നത്തൂർ താലൂക്കിലെ വിദ്യാർത്ഥികൾ കോളേജിലെത്താൻ കുണ്ടറ വഴി മണിക്കൂറുകളോളം ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ്. പരീക്ഷയ്ക്ക് മുന്നോടിയായുള്ള ക്ലാസുകൾ നടക്കുകയാണിപ്പോൾ. കരുനാഗപ്പള്ളി ഭാഗത്തുള്ളവർക്ക് കരുനാഗപ്പള്ളി, ചവറ എന്നിവിടങ്ങൾക്ക് പുറമേ കൊല്ലം നഗരത്തിലെയും കുരുക്കിൽപ്പെടാതെ മൺറോതുരുത്ത് ജങ്കാർ വഴി കോളേജിലെത്താമായിരുന്നു. പതിവിലും ഒന്നര മണിക്കൂർ മുൻപേ വീടുകളിൽ നിന്നും ഇറങ്ങേണ്ട അവസ്ഥയാണ്.
ബോട്ടുകൾക്ക് നിയന്ത്രണം
മൺറോതുരുത്തിലെ ടൂറിസ്റ്റ് ബോട്ടുകൾക്കും ശിക്കാര വള്ളങ്ങൾക്കും സാമ്പ്രാണിക്കോടിയിൽ എർപ്പെടുത്തിയതിന് സമാനമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ റൂറൽ എസ്.പി മൺറോതുരുത്തിൽ ഇന്നലെ വിളിച്ചുചേർത്ത യോഗത്തിൽ ധാരണയായി. യാനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കാനും നിരീക്ഷിക്കാനും പൊലീസ്, പഞ്ചായത്ത്, ടൂറിസം, ഡി.ടി.പി.സി അധികൃതർ, ബോട്ട് ഉടമകൾ, ജീവനക്കാർ തുടങ്ങിയവർ ഉൾപ്പെട്ടതാകും സമിതി. ബോട്ടുകളുടെ സഞ്ചാരത്തിന് പ്രത്യേക റൂട്ട് സമിതി നിശ്ചയിക്കും. കടവുകളും തീരുമാനിക്കും. ബോട്ടുകൾക്കും ഡ്രൈവർമാർക്കും രജിസ്ട്രേഷനും ലൈസൻസും കർശനമാക്കും.
സർവ്വീസ് തുടങ്ങണം
പെരുമൺ - പട്ടംതുരുത്ത് ജങ്കാർ സർവീസ് അടിയന്തിരമായി പുനരാരംഭിക്കണമെന്ന് വാട്ടർ ട്രാൻസ്പോർട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.ജെ.ഷൈൻകുമാർ ഉദ്ഘാടനം ചെയ്തു. ജോയി പെരുമൺ അദ്ധ്യക്ഷത വഹിച്ചു. കെ.രാജശേഖരൻ പിള്ള, ഇ.എമേഴ്സൺ, ജോസഫ് അരവിള, ജോസ്‌പ്രകാശ് പെരുമൺ, ഗിരിജ പെരുമൺ, അരുൺ പെരുമൺ, വൈ. സുനിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |