ദീപാരാധനാവേളയിൽ ക്ഷേത്രത്തിലെ ശ്രീകോവിലിനടുത്തുള്ള പടികൾക്ക് സമീപം നിന്ന് ഈശ്വരപ്രീതിക്കായി ഇടയ്ക്ക കൊട്ടിപ്പാടുന്നതാണ് സോപാനസംഗീതം. മലയാളത്തിലോ സംസ്കൃതത്തിലോ ഉള്ള സ്തുതികളാണ് ഇടയ്ക്ക കൊട്ടിപ്പാടാറുള്ളത്.
കൂടുതലും പുരുഷശബ്ദം കേട്ടിരുന്ന ഈ മേഖലയിൽ സ്വന്തം സ്വരവുമായി സോപാനം (ചവിട്ടുപടി) കയറുകയാണ് ആശ സുരേഷ്. സോപാനസംഗീതത്തെ ജനപ്രിയമാക്കിയ ഞെരളത്ത് രാമപ്പൊതുവാളിന്റെ പേരിലുള്ള പുരസ്കാരം ലഭിച്ച ഈ ഇരുപത്തിനാലുകാരിയെ പ്രോത്സാഹിപ്പിച്ചവരിൽ അദ്ദേഹത്തിന്റെ മകൻ ഞെരളത്ത് ഹരിഗോവിന്ദനുമുണ്ട്. ക്ഷേത്രവേദികളിലും സോപാനങ്ങളിലും ആരാധക ഹൃദയങ്ങളിലും ആശയുടെ സോപാനസംഗീതം ഒഴുകുന്നു.
ലോക്ക്ഡൗൺകാലം. തൃശൂർ ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിനടുത്ത് പേഷ്കാർ റോഡ് 'രാജശ്രീ"യിലെ ഹാളിലിരുന്ന് ഫേസ്ബുക്ക് ലൈവിൽ ആശ ഇടയ്ക്കകൊട്ടി പാടുന്നു. മകളുടെ സോപാനസംഗീതത്തിൽ ലയിച്ചിരിപ്പാണ് അച്ഛൻ സുരേഷ്കുമാർ. സ്വയം മറന്നിരുന്നപ്പോൾ അദ്ദേഹത്തിന്റെ മനസിലൊരു കീർത്തനം പിറന്നു. തട്ടകസ്വാമിയും തങ്ങളുടെ പ്രിയപ്പെട്ട ആരാധനാമൂർത്തിയുമായ കൂടൽമാണിക്യസ്വാമിയെ (ഭരതൻ) കുറിച്ച്...
സംഗമനാഥാ വൈഷ്ണവരൂപാ
ദശരഥതനയാ ശ്രീഭരത
സോദരപാദുകം പൂജിച്ചു വാഴുന്ന
ശ്രീരാമസോദര ശ്രീഭരത
ശ്രീരാമസോദരാ ശ്രീഭരത... എന്ന വരികൾ ആശയെ അത്ഭുതപ്പെടുത്തി. വല്ലപ്പോഴും കവിതകളെഴുതുമായിരുന്ന അച്ഛനിതാ കീർത്തനമെഴുതിയിരിക്കുന്നു. അതും കൂടൽമാണിക്യ സ്വാമിയെക്കുറിച്ച്. ആശ അത് പാടിയപ്പോൾ നന്നായിട്ടുണ്ടന്നായി അച്ഛൻ. പരിപാടികൾക്ക് പോകുമ്പോൾ ആശയ്ക്ക് തുണയായി അച്ഛനുമുണ്ടാകും. മകളുടെ ഒരു മണിക്കൂർ സംഗീതത്തിൽ ലയിച്ചിരിക്കും. പരിപാടി കഴിയുമ്പോൾ പലരും വന്ന് കൈപിടിച്ച് പറയും, പുണ്യം ചെയ്ത അച്ഛൻ. അപ്പോൾ സന്തോഷത്തിൽ സുരേഷിന്റെ കണ്ണു നനയും.
മകളുടെ സോപാന സംഗീതത്തിൽ പ്രചോദിതനായി ശിവൻ, ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ തുടങ്ങിയവരെക്കുറിച്ചും സുരേഷ്കുമാർ കീർത്തനങ്ങളെഴുതി. ലോക്ക്ഡൗൺകാലമാണ് ആശയെ സൃഷ്ടിച്ചത്. നൂറ്റമ്പതോളം ഫേസ്ബുക്ക് ലൈവുകളിൽ സോപാനസംഗീതം അവതരിപ്പിച്ചു. കീർത്തനങ്ങൾ ഹൃദിസ്ഥമാക്കിയ ആശയുടെ ഫേസ്ബുക്ക് ലൈവിന്് ആരാധകർ കൂടി. അമേരിക്കയും ലണ്ടനും കേന്ദ്രീകരിച്ചുള്ള ഫേസ്ബുക്ക് ലൈവിലും ആശയുടെ സോപാനം ഹിറ്റായി. ലോക്ക്ഡൗണിന് ശേഷം ആരാധകർ ക്ഷേത്രങ്ങളിലെ പരിപാടികൾക്ക് വിളിച്ചു തുടങ്ങി.
ഗുരു ധൈര്യം കൊടുത്തു; ആശ കൊട്ടിപ്പാടി
കഴിഞ്ഞ പത്തു വർഷത്തിനിടെയാണ് പുതുതലമുറയിലെ പെൺകുട്ടികൾ സോപാന സംഗീതത്തിലെത്തിയത്. പലരും പാട്ട് പഠിച്ച ശേഷം ഇടയ്ക്ക വാങ്ങി പറ്റുന്ന രീതിയിൽ കൊട്ടിപ്പാടാറുണ്ട്. എന്നാൽ ആശ ഗുരുനാഥനു കീഴിൽ ഇടയ്ക്ക പഠിച്ചിട്ടുണ്ട്. കർണ്ണാടക സംഗീതം പാട്ടിനെ സഹായിക്കുമെങ്കിലും പഠിച്ചിട്ടില്ല. മൂന്നാം വയസിൽ മകളെ കർണ്ണാടക സംഗീതം പഠിപ്പിക്കാൻ സുരേഷ് കൊണ്ടുപോയപ്പോൾ സംഗീതത്തിൽ വാസനയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. സുരേഷിനത് വിഷമമായി. തുടർന്ന് അക്ഷരശ്ളോകം പഠിപ്പിക്കാൻ ചേർത്തു. ഇടയ്ക്കയിലെ വർണ്ണത്തൊങ്ങലുകൾ ഇഷ്ടപ്പെട്ട മൂന്നാം ക്ളാസുകാരിക്ക് ഇടയ്ക്ക കൊട്ടാൻ മോഹം. പെൺകുട്ടികൾ ഇടയ്ക്ക പഠിക്കുന്നതും പഠിപ്പിക്കുന്നതും അന്ന് വളരെ കുറവായിരുന്നിട്ടും ഇരിങ്ങാലക്കുടയിലെ പി. നന്ദകുമാർ മാരാർ പറഞ്ഞു, ധൈര്യമായി കൊട്ടൂ കുട്ടീ. ആശയത് ശിരസാ വഹിച്ചു. ആരും പഠിപ്പിച്ചില്ലെങ്കിലും സോപാനസംഗീതം സ്വന്തം ശൈലിയിൽ പാടാൻ തുടങ്ങി. അതിനിടെ ചെണ്ട പഠിക്കാൻ തോന്നി.
ഏഴാം ക്ളാസിൽ പഞ്ചാരിമേളം പഠിച്ച് അരങ്ങേറി. ഇരിങ്ങാലക്കുട രാജീവ് വാര്യരായിരുന്നു ഗുരു. സംസ്ഥാന യുവജനോത്സവത്തിൽ നാല് തവണ അക്ഷരശ്ളോകത്തിലും ഗുരുവായൂർ ദേവസ്വത്തിന്റെ നാരായണീയ പാരായണ മത്സരത്തിൽ (ദശപാഠമത്സരം) ഒമ്പതുകൊല്ലവും ഒന്നാമതായി. പഠനവും മുടക്കിയില്ല, എം.എയ്ക്ക് ശേഷം ലൈബ്രറി സയൻസ് പഠിച്ചു. പരിപാടികളുമായി തിരക്കിലാണെങ്കിലും ഇപ്പോൾ ബി.എഡിന് പഠിക്കുന്നു. കൂടാതെ വീട്ടിൽവച്ച് കുട്ടികളെ ഭഗവദ്ഗീതയും നാരായണീയവും പഠിപ്പിക്കുന്നുണ്ട്. അമ്മ രാജലക്ഷ്മിയുടെയും സഹോദരൻ അർജ്ജുന്റെയും പിന്തുണയും വേണ്ടുവോളം.
ആറാം ക്ലാസിൽ സോപാനത്തിൽ
രണ്ടാം ക്ളാസിലായിരിക്കെ ഇടയ്ക്ക പഠിക്കാൻ തുടങ്ങിയ ആശ ആറാം ക്ളാസിൽ പഠിക്കുമ്പോൾ ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂർ വെങ്ങാട്ടുമ്പള്ളി ശിവക്ഷേത്രത്തിലാണ് ആദ്യമായി സോപാനത്തിൽ കൊട്ടിപ്പാടിയത്. തൃശൂർ കേച്ചേരി ആളൂർക്കാവ് ഭഗവതി ക്ഷേത്രം, ശ്രീനാരായണ ഗുരുദേവന്റെ സന്ദർശനം കൊണ്ട് പവിത്രമായ കായംകുളം വാരണപ്പള്ളി ശിവക്ഷേത്രം എന്നിവിടങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട്. സമീപകാലത്ത് കഥകളിപ്പദവും പഠിച്ചു. കർണ്ണാടക സംഗീതം പഠിക്കാത്തവർക്കിത് ബുദ്ധിമുട്ടാണെങ്കിലും ആശയ്ക്ക് പ്രശ്നമായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |