
ആലപ്പുഴ : നാട്ടിൽ മാമ്പഴക്കാലമാണെങ്കിലും വിപണിയിൽ വിലസുന്നത് അന്യദേശമാങ്ങകൾ. പണ്ട് സുലഭമായിരുന്ന തത്തചുണ്ടൻ, മൂവാണ്ടൻ, കോട്ടുക്കോണം തുടങ്ങിയ നാടൻ ഇനങ്ങൾ ഇപ്പോൾ കിട്ടാനില്ല. പകരം ആന്ധ്ര, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള നീലം, സേലം, പ്രിയൂർ, കർപ്പൂരം, മൽഗോവ, മല്ലകി, സിന്ദൂരം, അൽഫോൻസ എന്നീ ഇനങ്ങൾ ജില്ലയിലെ വിപണിയിൽ സുലഭവുമാണ്. സംസ്ഥാനത്ത് നാടൻ മാങ്ങയുടെ ഉത്പാദനം കുറഞ്ഞത് മറുനാടന്റെ വരവ് വർദ്ധിപ്പിച്ചു. കനത്തചൂടും മഴകിട്ടാത്തതുമാണ് നാടൻ മാമ്പഴത്തിന് തിരിച്ചടിയായത്. ഇതോടെ കർഷകരും പ്രതിസന്ധിയിലായി. ചിലയിടങ്ങളിൽ ഇപ്പോഴും മാങ്ങ പാകമാകാത്ത അവസ്ഥയുണ്ട്. മഴക്കാലത്തോടെ മാമ്പഴ വിപണി കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. മറുനാടൻ മാമ്പഴത്തിന് കിലോയ്ക്ക് 50മുതൽ 150രൂപ വരെയാണ് വില.
മറുനാടൻ താരങ്ങൾ
തമിഴ്‌നാട് : നീലം, സിന്ദൂരം, മൽഗോവ പഞ്ചവർണം
ആന്ധ്രാപ്രദേശ് : സപ്പോട്ട, റുമാനിയ, പ്രിയൂർ, ബംഗനപ്പള്ളി
കൃത്രിമ മാമ്പഴത്തെ കരുതണം
കാത്സ്യം കാർബൈഡ് പോലുള്ള രാസവസ്‌തുക്കൾ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ചെടുത്ത മാങ്ങകൾ വിപണിയിൽ സുലഭമാണ്. കുറഞ്ഞവിലയ്ക്ക് ലഭിക്കുന്ന ഇത്തരം മാമ്പഴം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കും. കൃത്രിമമായി പഴുപ്പിക്കുന്ന ഫലങ്ങൾ കാൻസർ പോലുള്ള മാരകരോഗങ്ങൾക്ക് ഇടയാക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ കണ്ടെത്തിയിട്ടുണ്ട്. പഴങ്ങളിലെ രാസവസ്‌തുവിന്റെ അളവ് അനുസരിച്ചാണ് രോഗലക്ഷണം പ്രകടമാകുന്നത്. ക്ഷീണം, തളർച്ച, തലവേദന എന്നിവ അനുഭവപ്പെടാം.
കാത്സ്യം കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങകൾ മാർക്കറ്റിലെത്തിയിരുന്നു. എന്നാൽ, പരിശോധന ശക്തമാക്കിയതോടെ വരവ് നിലച്ചു. പകരം നാടൻ മാങ്ങയുടെ വരവ് കൂടിയിട്ടുണ്ട്. പരിശോധന ശക്തമായി തുടരും
- ജി. രഘുനാഥക്കുറുപ്പ്, അസി.കമ്മിഷണർ, ഭക്ഷ്യസുരക്ഷാവിഭാഗം
ഈ മൂന്നുകാര്യങ്ങൾ ശ്രദ്ധിക്കുക
മാമ്പഴം വാങ്ങുമ്പോൾ, അവ ഒരു ബക്കറ്റ് വെള്ളത്തിൽ ഇട്ടശേഷം മുങ്ങുന്നത് ഏത് പൊങ്ങിക്കിടക്കുന്നത് ഏത് എന്ന് ശ്രദ്ധിക്കുക. വെള്ളത്തിൽ മുങ്ങുന്ന മാമ്പഴം സ്വാഭാവികമായി പഴുത്തതാണ്. എന്നാൽ പൊങ്ങിക്കിടക്കുന്നവ രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ചതാണെന്ന് മനസിലാക്കാം.
മാങ്ങ വാങ്ങുമ്പോൾ ചെറുതായി അമർത്തി നോക്കണം. മാമ്പഴം മൃദുവാകുമ്പോൾ സ്വാഭാവികമായി പഴുത്തതായി കണക്കാക്കാം. എന്നാൽ , അമർത്തുമ്പോൾ ചില സ്ഥലങ്ങളിൽ കഠിനമാണെന്ന് കണ്ടാൽ അവ മാങ്ങ ശരിയായി പഴുക്കാത്തതും രാസവസ്തുക്കൾ ഉപയോഗിച്ചതാണെന്നും ഉറപ്പിക്കാം.
സ്വാഭാവികമായി പാകമായ മാമ്പഴത്തിന് തവിട്ടുനിറത്തിലുള്ള പാടുകളാണുള്ളത്.എന്നാൽ രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ചവയ്ക്ക് വിളറിയതോ വെളുത്തതോ ആയ പാടുകൾ ഉണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |