തൃശൂർ: വിവിധ വകുപ്പുകളുടെ കൈവശമുള്ള ഉപയോഗിക്കാത്ത ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യാനാകുമോയെന്ന് പരിശോധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല പട്ടയ വിതരണത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ആകെ 3.41ലക്ഷം ഭൂരഹിതരാണുള്ളത്. ഇവർക്ക് മൂന്ന് സെന്റ് വീതം വിതരണം ചെയ്യാൻ 10,500ഏക്കർ സ്ഥലം വേണ്ടിവരും. ഇതിനുള്ള സ്ഥലം സർക്കാറിന്റെ കൈവശമുണ്ട്. ആദിവാസി ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ട്. 2025 നവംബറോടെ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറും. ഈ വർഷം 40,000 പട്ടയം വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടത്. എന്നാൽ 67,609 പട്ടയം വിതരണം ചെയ്യാനായി. 2.98ലക്ഷം പട്ടയങ്ങൾ ഈ സർക്കാറിന്റെ കാലയളവിൽ വിതരണം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രി കെ.രാജൻ അദ്ധ്യക്ഷനായി. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ,ഡോ.ആർ.ബിന്ദു എന്നിവർ മുഖ്യാതിഥികളായി. മേയർ എം.കെ.വർഗീസ്,ടി.എൻ പ്രതാപൻ എം.പി,എം.എൽ.എമാരായ പി.ബാലചന്ദ്രൻ,എ.സി മൊയ്തീൻ,മുരളി പെരുനെല്ലി,സേവ്യർ ചിറ്റിലപ്പിള്ളി,ഇ.ടി ടൈസൺ,ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ്അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |