അടൂർ : നൂറ് കണക്കിന് ആളുകളുടെ അനുഗ്രഹങ്ങളുമായി പ്രാർത്ഥനാ നിർഭരമായ അന്തരീക്ഷത്തിൽ 10 ഗോത്രവർഗ യുവതികൾ മംഗല്യവതികളായി. ഇന്നലെ മിത്രപുരം ഗാന്ധിഭവൻ ഐ.ആർ.സി.എ അങ്കണത്തിൽ നടന്ന സമൂഹവിവാഹം ജനപ്രതിനിധികളുടെയും സാമൂഹ്യ സാംസ്കാരിക, കലാരംഗത്തെയും പ്രമുഖരുടെ സാന്നിദ്ധ്യത്താൽ സമ്പന്നമായിരുന്നു. മിത്രപുരം ഗാന്ധിഭവൻ ഐ.ആർ.സി.എയുടെ നേതൃത്വത്തിൽ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കൊല്ലം, വയനാട് തുടങ്ങിയ ജില്ലകളിൽ നടന്നുവന്ന ലഹരിവിരുദ്ധ ബോധവൽക്കരണ പ്രചാരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചുവന്ന സെമിനാറുകളിലൂടെയാണ് വധൂവരന്മാരെ കണ്ടെത്തിയത്. ഇൗ പദ്ധതി പ്രകാരം വിവിധ ജില്ലകളിലെ ഗോത്രവർഗ ഉൗരുകളിലെ 58 ജോഡി യുവതി - യുവാക്കളുടെ വിവാഹങ്ങൾ ഇതിനകം ഗാന്ധിഭവൻ നേതൃത്വത്തിൽ നടന്നുകഴിഞ്ഞു. ഇന്നലെ പതിനൊരയോടെ ദമ്പതികൾ ഒരേസമയം താലിചാർത്തി കുടുംബജീവിതത്തിലേക്ക് കടന്നു. നേരത്തെ വരന്മാരെ വിവാഹവേദിക്ക് പുറത്തുവച്ച് കസ്തൂർബാ ഗാന്ധിഭവൻ വികസന സമിതി ഭാരവാഹികൾ മാലയും ബൊക്കെയും നൽകി സ്വീകരിച്ചു. തുടർന്ന് ഗാന്ധി ഭവൻ വൈസ് ചെയർമാൻ പി.എസ്.അമൽരാജ് സ്വാഗതം ചെയ്തു. ആന്റോ ആന്റണി എം.പി ഭദ്രദീപം തെളിച്ചു. തുടർന്ന് വധൂവരന്മാർ മാതാപിതാക്കൾക്ക് ദക്ഷിണനൽകി അനുഗ്രഹം വാങ്ങി. താലിചാർത്തിയതിന് തൊട്ടുപിന്നാലെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എം.പി, പി.എസ്.അമൽരാജ് എന്നിവർ എടുത്തുനൽകിയ വരണമാല്യം വധൂവരന്മാർ പരസ്പരം അണിയിച്ചു. തുടർന്ന് ചിറ്റയം ഗോപകുമാർ വധൂവരന്മാരുടെ പാണിഗ്രഹണം നടത്തി അനുഗ്രഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ദിവ്യാറജി മുഹമ്മദ്, പറക്കോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻപിള്ള, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ആശ, കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സി.കൃഷ്ണകുമാർ, ശ്രീനാദേവി കുഞ്ഞമ്മ, പറക്കോട് ബ്ളോക്ക് പഞ്ചായത്ത് മെമ്പർ എ.പി.സന്തോഷ്, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, സിനിമാതാരം കുടശനാട് കനകം, മിത്രപുരം കസ്തൂർബ ഗാന്ധിഭവൻ വികസന സമിതി ചെയർമാൻ പഴകുളം ശിവദാസൻ, ഡയറക്ടർ കുടശനാട് മുരളി, വർക്കിംഗ് ചെയർമാൻ എം.ആർ.ജയപ്രസാദ്, സെക്രട്ടറി എസ്.മീരാസമാഹിബ് തുടങ്ങിയവർ കാർമ്മികത്വം വഹിച്ചു.
10 ഗോത്രവർഗ യുവതികൾ മംഗല്യവതികളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |