തിരുവനന്തപുരം:യൂത്ത് കോൺഗ്രസ് പുനഃസംഘടനയ്‌ക്കുളള മാർഗനിർദേശങ്ങളിലും പെട്ടെന്നുളള തീയതി പ്രഖ്യാപനത്തിലും ആശങ്ക പ്രകടിപ്പിച്ച് സംസ്ഥാന നേതൃത്വം.
സമവായത്തിലൂടെ പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വവും കെ.പി.സി.സിയും. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് വേണമെന്ന ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം.
ഈ മാസം 23 മുതൽ തൃശൂരിൽ സംസ്ഥാന സമ്മേളനം നടത്താൻ ഷാഫി പറമ്പിൽ അദ്ധ്യക്ഷനായ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കെയാണ് മെമ്പർഷിപ്പ് കാമ്പെയിൻ ആരംഭിക്കാനും 15 മുതൽ നോമിനേഷൻ നൽകാനുമുള്ള ദേശീയ നേതൃത്വത്തിന്റെ പ്രഖ്യാപനം. കൂടുതൽ വോട്ട് കിട്ടുന്നയാൾ പ്രസിഡന്റ് ആകുന്ന പതിവിന് ഇക്കുറി മാറ്റവുമുണ്ട്. ആദ്യ മൂന്നു സ്ഥാനക്കാരെ അഭിമുഖം നടത്തി പ്രസിഡന്റിനെ കണ്ടെത്താനാണ് പുതിയ മാർഗനിർദ്ദേശം. പ്രധാന ഗ്രൂപ്പുകളുടെ നോമിനികളെ മറികടന്ന് ആർക്ക് വേണമെങ്കിലും അദ്ധ്യക്ഷനാകാം എന്നത് ഗ്രൂപ്പുകളെ ആശങ്കയിലാക്കിയിട്ടുണ്ട്. വോട്ടെടുപ്പിന് ശേഷം അഭിമുഖം വേണമെന്ന നിർദ്ദേശം ജനാധിപത്യ വിരുദ്ധമെന്നാണ് സംസ്ഥാന നേതൃത്വം വാദിക്കുന്നത്. തമിഴ്‌നാട്ടിലും മണിപ്പൂരിലും തിരിച്ചടിച്ച തന്ത്രമാണിതെന്നും ചൂണ്ടിക്കാട്ടുന്നു.
എ ഗ്രൂപ്പിന്റെ നോമിനിയും ഉമ്മൻചാണ്ടിയുടെ വിശ്വസ്‌തനുമായ യൂത്ത് കോൺഗ്രസ് ദേശീയ കോഡിനേറ്റർ ജെ.എസ്.അഖിലിൽ ആണ് അദ്ധ്യക്ഷസ്ഥാനത്തേക്ക് സജീവ പരിഗണനയിൽ. സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രസിഡന്റാക്കാനാണ് ഉമ്മൻചാണ്ടിയുടെ വിശ്വസ്‌തനായിരുന്ന ഷാഫി പറമ്പിലിന് താത്പര്യം. വർഷങ്ങളായി എ ഗ്രൂപ്പിനാണ് യൂത്ത് കോൺഗ്രസിൽ ആധിപത്യം. കെ.സി.വേണുഗോപാൽ പക്ഷക്കാരനായ ബിനു ചുള്ളിയിലാണ് പ്രസിഡന്റാവാൻ സാദ്ധ്യതയുള്ള മറ്റൊരു നേതാവ്. തിരഞ്ഞെടുപ്പ് നടന്നാൽ വിഘടിച്ച് നിൽക്കുന്ന മറ്റ് ഗ്രൂപ്പുകളുടെ കൂടി പിന്തുണയിൽ പ്രസിഡന്റ് പദം പിടിച്ചെടുക്കാനാകും എന്ന പ്രതീക്ഷയിലാണ് കെ.സി.വേണുഗോപാൽ പക്ഷം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |