ആലപ്പുഴ : കാലവർഷം ആസന്നമായ സാഹചര്യത്തിൽ കുട്ടനാട്ടിലെ കാലവർഷക്കെടുതികൾ
നേരിടുന്നതിനും അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കുമായി സമഗ്രപദ്ധതി റെഡിയായി.
ദുരന്തനിവാരണ അതോറിട്ടിയും ജില്ലാഭരണകൂടവും സംയുക്തമായി തയ്യാറാക്കിയ സമഗ്രപദ്ധതിയിൽ എയർ ആംബുലൻസും ഹെലികോപ്റ്ററും വരെ ഇടം പിടിച്ചിട്ടുണ്ട്.
മുൻ വർഷങ്ങളിൽ ഇല്ലാത്ത വിധം അടിയന്തര ഘട്ടങ്ങളിൽ എയർ ആംബുലൻസ്, ഹെലികോപ്റ്റർ സേവനങ്ങൾ ഉൾപ്പെടുത്തിയാണ് വെള്ളപ്പൊക്ക നിവാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ജില്ലാകളക്ടറുടെ നേതൃത്വത്തിൽ റവന്യു, പൊലീസ്, ഫയർഫോഴ്സ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നീവകുപ്പുകളുടെ സഹകരണത്തോടെയാണ് രക്ഷാപ്രവർത്തന ദൗത്യ പദ്ധതികൾ ആസൂത്രണം ചെയ്‌തിരിക്കുന്നത്. ഇതിനായി രണ്ട് പ്ളാനുകളാണ് ജില്ലാ ദുരന്തനിവാരണ അതോറിട്ടി രൂപം കൊടുത്തിട്ടുള്ളത്.
പ്ളാൻ എ
കാലവർഷം സാധാരണമാണെങ്കിൽ വെള്ളപ്പൊക്കത്തിൽ ദുരിതത്തിലാകുന്ന കുടുംബങ്ങളെ പുളിങ്കുന്ന്, മുട്ടാർ, തലവടി പ്രദേശങ്ങളിലെ സ്കൂളുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും. ഇതിനാവശ്യമായ വൈദ്യുതി കണക്ഷനുൾപ്പടെയുള്ള സൗകര്യങ്ങൾ തദ്ദേശ സ്ഥാപനങ്ങളും കെ.എസ്.ഇ.ബിയും ചേർന്ന് സജ്ജമാക്കും. ഇവർക്കാവശ്യമായ ഭക്ഷ്യ വസ്തുക്കൾ, വൈദ്യസഹായം എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായിവരികയാണ്.
പ്ളാൻ ബി
കാലാവസ്ഥാവ്യതിയാനമുൾപ്പടെയുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് മഴ അതിശക്തമാകുകയും കെടുതികൾ രൂക്ഷമാകുകയും ചെയ്താൽ, ആളപായവും നാശനഷ്ടങ്ങളും പരമാവധി ഒഴിവാക്കി മുഴുവൻപേരെയും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള പദ്ധതിയാണിത്. ഇതിനായി കുട്ടനാടിനെ മൂന്ന് മേഖലകളായി തിരിക്കും.
മേഖലകളും സജ്ജീകരണങ്ങളും
മേഖല-1
നിലമ്പേരൂർ, കുന്നുമ്മ, കാവാലം, വെളിയനാട്, രാമങ്കരി, പുളിങ്കുന്ന് പ്രദേശങ്ങൾ. ഒഴിപ്പിക്കേണ്ടവർ: 67,000. ചങ്ങനാശേരി താലൂക്കിലെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റും.
ഒഴിപ്പിക്കൽ സജ്ജീകരണം: ബോട്ടുകൾ 20. യന്ത്രവൽകൃത ബോട്ടുകൾ : 20, ജലഗതാഗതബോട്ടുകൾ:10, ടോറസ്, ടിപ്പർ 20 വീതം.
മേഖല-2
എടത്വ, തലവടി, തകഴി, മുട്ടാർ പ്രദേശങ്ങൾ. ഒഴിപ്പിക്കേണ്ടവർ : 74,000.അമ്പലപ്പുഴയുടെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റും. ഒഴിപ്പിക്കൽസജ്ജീകരണം : ബോട്ടുകൾ 5. യന്ത്രവൽകൃത ബോട്ടുകൾ: 10, ജലഗതാഗതബോട്ടുകൾ: 10, ടോറസ്, ടിപ്പർ 10 വീതം.
മേഖല -3
ചമ്പക്കുളം , നെടുമുടി, കൈനകരി, കൈനകരി വടക്ക്, പുളിങ്കുന്ന് പ്രദേശങ്ങൾ. ഒഴിപ്പിക്കേണ്ടവർ: 91,000. ഒഴിപ്പിക്കൽ സജ്ജീകരണം : ബാർജ് 10, യന്ത്രവൽകൃത ബോട്ട് :30. മറ്റ് ബോട്ടുകൾ:10, ടോറസ്,ടിപ്പർ10 വീതം.
........................
ഹെലികോപ്റ്ററും എയർ ആംബുലൻസും
വീടുകളിലും സ്ഥാപനങ്ങളിലും കുടുങ്ങികിടക്കുന്നവരെ രക്ഷിക്കാനും അടിയന്തര ഘട്ടത്തിൽ വൈദ്യസഹായം എത്തിക്കാനും നേവിയുടേതുൾപ്പെടെ ഹെലികോപ്റ്റർ സേവനവും എയർ ആംബുലൻസ് സംവിധാനവും ജില്ലാ ഭരണകൂടം സജ്ജമാക്കിയിട്ടുണ്ട്.
..........................
വെള്ളപ്പൊക്ക ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടനാട്ടിലെ തോടുകളിലെയും കനാലുകളിലെയും മണ്ണും ചെളിയും നീക്കി നീരൊഴുക്ക് സുഗമമാക്കുന്ന ജോലികൾ
ഇറിഗേഷൻ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടന്നുവരികയാണ്
തഹസീൽദാർ, കുട്ടനാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |