ന്യൂഡൽഹി:കർണാടകത്തിൽ സിദ്ധരാമയ്യയെ ആദ്യ രണ്ടു വർഷം മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാൻഡ് നീക്കത്തോട് പുറം തിരിഞ്ഞു നിൽക്കുന്ന പി.സി.സി അദ്ധ്യക്ഷൻ ഡി.കെ. ശിവകുമാറിനെ അനുനയിപ്പിക്കാൻ ചർച്ചകൾ തുടരും.ഇന്ന് സോണിയാ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും ചർച്ചകളുണ്ടാകും.ഇതോടെ മഞ്ഞുരുകുമെന്നാണ് പ്രതീക്ഷ.
ആദ്യ രണ്ട് വർഷം ആഭ്യന്തരം ഉൾപ്പെടെയുള്ള വകുപ്പുകളും ഉപമുഖ്യമന്ത്രി പദവും അടുത്ത മൂന്ന് വർഷം മുഖ്യമന്ത്രി പദവുമാണ് ശിവകുമാറിനുള്ള ഹൈക്കമാൻഡ് വാഗ്ദാനം. മുതിർന്ന നേതാക്കളായ എം.ബി. പാട്ടീൽ, ജി. പരമേശ്വര എന്നിവരെ ഒഴിവാക്കി ശിവകുമാറിനെ ഏക ഉപമുഖ്യമന്ത്രിയാക്കാമെന്ന വാഗ്‌ദാനവും ഉണ്ടെന്ന് അറിയുന്നു.ഇത് സമ്മതിപ്പിച്ച് തീരുമാനങ്ങൾ ബംഗളുരുവിൽ പ്രഖ്യാപിക്കാനാണ് നീക്കം.
2024ലെ ലോക‌്‌സഭാ തിരഞ്ഞെടുപ്പ് നേരിടാൻ സിദ്ധരാമയ്യയുടെ ക്ളീൻ ഇമേജ് പാർട്ടിക്ക് ആവശ്യമാണെന്നും അഴിമതി ആരോപണം നേരിടുന്നതിനാൽ മാറി നിൽക്കണമെന്നുമുള്ള ഹൈക്കമാൻഡ് നിർദ്ദേശത്തോട് ശിവകുമാർ പ്രതികരിച്ചിട്ടില്ല. സിദ്ധരാമയ്യയ്‌ക്ക് 85 എം.എൽ.എമാരുടെ പിന്തുണയുള്ളതും ഹൈക്കമാൻഡ് ചൂണ്ടിക്കാട്ടി.
കർണാടകയിലെ വിജയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട ഡി.കെ. ശിവകുമാർ ആദ്യ ടേമിലെ മുഖ്യമന്ത്രി പദം ആവശ്യപ്പെടുന്നതാണ് മല്ലികാർജ്ജുന ഖാർഗെയുടെ മാരത്തോൺ ചർച്ചകളിൽ അഴിയാക്കുരുക്കായത്.
ഖാർഗെയുടെ വസതിയിൽ എ.ഐ.സി.സി നിരീക്ഷകരുടെ റിപ്പോർട്ടിൽ തിങ്കളാഴ്ച രാത്രിയോളം നീണ്ട ചർച്ച അവസാനിച്ചത് സിദ്ധരാമയ്യയെ ആദ്യടേമിൽ മുഖ്യമന്ത്രിയാക്കണമെന്ന തീരുമാനത്തോടെയാണ്. ശിവകുമാറിനെ ഡൽഹിയിലെത്തിച്ച് കാര്യങ്ങൾ ധരിപ്പിക്കാനും തീരുമാനിച്ചു. തുടർന്ന് സോണിയാ ഗാന്ധിയുടെ നിർബന്ധപ്രകാരമാണ് ശിവകുമാർ ഇന്നലെ ഡൽഹിയിൽ എത്തിയത്.ഉച്ചയ്‌ക്ക് ഖാർഗെയുടെ വസതിയിലെത്തിയ രാഹുൽ ഗാന്ധി അടച്ചിട്ട മുറിയിൽ രണ്ടുമണിക്കൂർ ചർച്ചയ്ക്ക് ശേഷം മടങ്ങി.
സിദ്ധരാമയ്യ പാർട്ടിക്ക്
എന്തു ചെയ്തെന്ന് ഡി.കെ
ഡൽഹി വിമാനത്താവളത്തിൽ നിന്ന് സഹോദരൻ ഡി.കെ. സുരേഷിന്റെ വസതിയിലേക്ക് പോയ ശിവകുമാർ വൈകിട്ട് അഞ്ചുമണിയോടെയാണ് ഖാർഗെയെ കാണാനെത്തിയത്. ഹൈക്കമാൻഡ് ഫോർമുല ഖാർഗെ അവതരിപ്പിച്ചു. സിദ്ധരാമയ്യ പാർട്ടിക്ക് വേണ്ടി എന്തു ചെയ്‌തെന്ന് ശിവകുമാർ ചോദിച്ചെന്നാണ് അറിവ്. കർണാടക ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജെവാലയുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച. ആദ്യം മുഖ്യമന്ത്രി പദം എന്ന ആവശ്യത്തിൽ ശിവകുമാർ ഉറച്ചു നിന്നു. അരമണിക്കൂർ ചർച്ചയ്‌ക്കു ശേഷം മടങ്ങിയപ്പോഴും മുഖത്ത് നിരാശയായിരുന്നു.
പിന്നാലെ ഖാർഗെയെ കാണാനെത്തിയ സിദ്ധരാമയ്യയുമായുള്ള ചർച്ചയ്‌ക്കു ശേഷമാണ് മുഖ്യമന്ത്രി പ്രഖ്യാപനം ബാംഗ്ളൂരിലാകുമെന്ന അറിയിപ്പ് വന്നത്. ഖാർഗെയുടെ വസതിയിൽ നിന്ന് സിദ്ധരാമയ്യ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ വസതിയിലേക്ക് പോയി.
`പാർട്ടി തീരുമാനം എന്തായാലും അനുസരിക്കും. പിന്നിൽ നിന്ന് കുത്താനോ ബ്ലാക്ക്‌മെയിൽ ചെയ്യാനോ ശ്രമിക്കില്ല. താൻ രാജിവയ്‌ക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമങ്ങൾക്കെതിരെ മാനനഷ്‌ടക്കേസ് കൊടുക്കും. എന്റെ അമ്മയാണ് പാർട്ടി.'
---ഡി.കെ. ശിവകുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |