ന്യൂഡൽഹി: രാജ്യത്തെ വിവാഹമോചനങ്ങളിൽ കൂടുതലും പ്രണയവിവാഹങ്ങളിലാണെന്ന് സുപ്രീംകോടതി. കുടുംബകോടതി മാറ്റമാവശ്യപ്പെട്ട് യുവതി സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് നിരീക്ഷണം. ദമ്പതികളുടേത് പ്രണയവിവാഹമാണെന്ന് അഭിഭാഷകൻ അറിയിച്ചപ്പോൾ, ഭൂരിഭാഗം വിവാഹമോചനവും സംഭവിക്കുന്നത് പ്രണയവിവാഹങ്ങളിലാണെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സഞ്ജയ് കരോൽ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ദമ്പതിമാർക്കിടയിലെ സമവായശ്രമങ്ങൾ നടത്താൻ കോടതി നിർദ്ദേശിച്ചെങ്കിലും ഭർത്താവ് എതിർത്തു. അതേസമയം, ഭർത്താവിന്റെ അനുവാദമില്ലെങ്കിലും സുപ്രീംകോടതിക്ക് വിവാഹമോചനം അനുവദിക്കാൻ കഴിയുമെന്ന് അടുത്തിടെ പുറപ്പെടുവിച്ച വിധി ചൂണ്ടിക്കാട്ടിക്കൊണ്ട് കോടതി പറഞ്ഞു.
ഒരിക്കലും യോജിക്കാനാകാത്ത വിധം തകർന്ന ഹിന്ദു ദാമ്പത്യങ്ങളിൽ സുപ്രീംകോടതിക്ക് നേരിട്ട് വിവാഹമോചനം അനുവദിക്കാൻ കഴിയുമെന്ന് അഞ്ചംഗ ഭരണഘടന ബെഞ്ച് മേയ് ഒന്നിന് സുപ്രധാന വിധി പറഞ്ഞിരുന്നു. ദീർഘകാലമായി വേർപിരിഞ്ഞതും വൈകാരിക മരണം സംഭവിച്ചതുമായ കേസുകളിൽ നേരിട്ട് ഇടപെടാൻ കഴിയും. വിവാഹമോചനം മാത്രമാണ് ഏക പോംവഴിയെന്ന് ബോധ്യപ്പെടണം. ദമ്പതികളിൽ ഒരാൾ എതിർത്താലും സമ്പൂർണ നീതിയുടെ നടത്തിപ്പിന് അനിവാര്യമെന്ന് ബോദ്ധ്യപ്പെട്ടാൽ വിവാഹമോചനം അനുവദിക്കും. വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകൾ റദ്ദാക്കാനും സുപ്രീംകോടതിക്ക് കഴിയുമെന്ന് വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |