മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനയ തേജസിന് ഇന്ന് 63 -ാം പിറന്നാൾ. 43 വർഷമായി സിനിമയിൽ സജീവമായ മോഹൻലാൽ പിറന്നാൾ ദിവസം ക്യാമറയുടെ മുൻപിൽ നിന്ന് മാറി നിൽക്കും.പതിവുപോലെ ചെന്നൈയിലെ വീട്ടിൽ ആണ് ഇത്തവണയും പിറന്നാൾ. ആഘോഷങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒത്തുകൂടും.പിറന്നാൾ കേക്ക് മുറിക്കുന്ന മോഹൻലാൽ തുടർന്ന് പ്രിയപ്പെട്ടവരോടൊപ്പം സദ്യ ഉണ്ണും.പുതിയ സിനിമയുടെ പ്രഖ്യാപനം പിറന്നാൾ ദിനത്തിൽ നടത്താനാണ് ഒരുങ്ങുന്നത്.
ബറോസ് മധുരം
മോഹൻലാലിന്റെ ചലച്ചിത്ര ജീവിതത്തിലെ മറ്റൊരു ഏട് എന്ന് വിശേഷിപ്പിക്കാവുന്ന ബറോസ് ക്രിസ്മസിന് തിയേറ്ററിൽ എത്താൻ പോകുന്നതാണ് പിറന്നാളിന്റെ വലിയ മധുരം. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ത്രീഡി ചിത്രമായി ഒരുങ്ങുന്ന ബറോസിൽ മോഹൻലാൽ തന്നെയാണ് നായകനായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്.ഹോളിവുഡ് ചിത്രങ്ങൾക്ക് ഒപ്പം നിൽക്കുന്ന മേക്കിംഗ് ബറോസിൽ കാണാൻ സാധിക്കും. പ്രണവ് മോഹൻലാലും സ്ക്രീനിൽ എത്തുന്നുണ്ട്.ബറോസിന് മുൻപും പിൻപുമായി വരാൻ പോവുന്ന മോഹൻലാൽ ചിത്രങ്ങൾ ഏറെ സവിശേഷത നിറഞ്ഞതാണ്.
ഓണ സമ്മാനം റാം
മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം റാം ഓണത്തിന് റിലീസ് ചെയ്യും.ഇടവേളയ്ക്കുശേഷമാണ് ഓണത്തിന് മോഹൻലാൽ സിനിമ. വ്യത്യസ്ത ഗെറ്റപ്പുകളിൽ മോഹൻലാൽ എത്തുന്ന ചിത്രത്തിൽ തൃഷയാണ് നായിക. വിദേശ രാജ്യങ്ങളാണ് റാമിന്റെ ലൊക്കേഷൻ. ഒരു ഷെഡ്യൂൾ അവശേഷിക്കുന്നുണ്ട്.
ജയിലറിൽ വിന്റേജ്
രജനികാന്ത് നായകനാവുന്ന ജയിലർ സിനിമയിൽ വിന്റേജ് ലുക്കിലാണ് മോഹൻലാൽ. രജനികാന്തും മോഹൻലാലും ആദ്യമായി ഒരുമിക്കുന്ന ജയിലർ ആഗസ്റ്റ് പത്തിന് തിയേറ്ററിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുള്ളത്. ചിത്രത്തിന്റെ ക്ളൈമാക്സ് ആക്ഷൻ സീനിൽ രജനിയും മോഹൻലാലും ഏറ്റുമുട്ടുന്നുവെന്നുവരെയാണ് വാർത്തകൾ.മോഹൻലാൽ ആണ് വില്ലൻ എന്നും വാർത്തകൾ പ്രചരിക്കുന്നു.
ഗുസ്തിയുമായി
വാലിബൻ
മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും ആദ്യമായി ഒരുമിക്കുന്ന മലൈക്കോട്ടൈ വാലിബൻ ഗുസ്തിയുടെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമ എന്നു വിശേഷിപ്പിക്കുന്ന വാലിബന്റെ അവസാന ഷെഡ്യൂൾ ചെന്നൈയിൽ പുരോഗമിക്കുന്നു.ബോളിവുഡ് താരം സോണാലി കുൽകർണിയുടെ മലയാള പ്രവേശനം കൂടിയാണ്. വാലിബന്റെ റിലീസ് എപ്പോഴായിരിക്കുമെന്ന് അറിയിച്ചിട്ടില്ല.
എമ്പുരാന്റെ യാത്ര
പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മോഹൻലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം എമ്പുരാൻ അടുത്ത ആഴ്ച മധുരയിൽ ചിത്രീകരണം ആരംഭിക്കും. ലൂസിഫർ സിനിമയുടെ തുടർച്ചയായ എമ്പുരാൻ വിദേശ രാജ്യങ്ങളിലാണ് ചിത്രീകരിക്കുക. ദക്ഷിണേന്ത്യയിലെ ഒരു സിനിമയ്ക്കുവേണ്ടി നടത്തിയ ഏറ്റവും വലിയ ലൊക്കേഷൻ ഹണ്ടാണ് എമ്പുരാന്റേത്. പാൻ വേൾഡ് സിനിമ എന്ന നിലയിലാണ് എമ്പുരാൻ ആസൂത്രണം ചെയ്യുന്നത്.
പാൻ ഇന്ത്യൻ ഋഷഭ
വലിയ കാൻവാസിൽ പാൻ ഇന്ത്യൻ ചിത്രമായി ഋഷഭ എത്തുന്നു. നന്ദകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഈ വർഷം മോഹൻലാൽ അഭിനയിക്കുന്നുണ്ട്.ഇടവേളയ്ക്കുശേഷമാണ് തെലുങ്ക് സിനിമയുടെ ഭാഗമാകുന്നത്. അനൂപ് സത്യൻ, ടിനു പാപ്പച്ചൻ എന്നിവരുടെ സിനിമകളുടെയും ഭാഗമാകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |