'തുടരും 'എന്ന വിജയ ചിത്രത്തിന് പിന്നാലെ മലയാളികളുടെ പ്രിയതാരം മോഹൻലാൽ വീണ്ടും തമിഴിൽ സജീവമാകുന്നുവെന്ന് റിപ്പോർട്ട്. തമിഴിലെ സൂപ്പർതാരത്തിന്റെ പിതാവായി മോഹൻലാൽ എത്തുമെന്നാണ് പ്രമുഖ സിനിമാ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്. 2014ൽ തീയേറ്ററുകളിലെത്തിയ ജില്ല എന്ന ചിത്രത്തിൽ വിജയിയുടെ പിതാവായും മോഹൻലാൽ വേഷമിട്ടിരുന്നു.
മലയാളികളുടെ പ്രിയതാരം കൂടിയായ ശിവകാർത്തികേയന്റെ സിനിമയിലായിരിക്കും മോഹൻലാൽ അഭിനയിക്കുകയെന്നാണ് വിവരം. ശിവകാർത്തികേയൻ തന്റെ 24-ാമത് ചിത്രത്തിൽ, ഗുഡ് നൈറ്റ് എന്ന ഹിറ്റ് ചിത്രം ഒരുക്കിയ വിനായക് ചന്ദ്രശേഖറുമായി സഹകരിക്കാൻ ഒരുങ്ങുകയാണ്. അച്ഛൻ-മകൻ ബന്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുളള സിനിമയിലായിരിക്കും മോഹൻലാൽ എത്തുക. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ചര്‍ച്ചകൾ നടക്കുന്നുവെന്നാണ് വിവരം.
ഏപ്രിൽ 25ന് തീയേറ്ററുകളിലെത്തിയ മോഹൻലാൽ ചിത്രം തുടരും കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ വിതരണക്കാരായ ആശീർവാദ് സിനിമാസ് ആണ് ഇക്കാര്യം അറിയിച്ചത്. ജൂഡ് ആന്തണി ജോസഫ് ചിത്രം '2018' നെ മറികടന്നാണ് 'തുടരും" ഈ നേട്ടം സ്വന്തമാക്കിയത്. 2016ൽ പുറത്തിറങ്ങിയ മോഹൻലാൽ - വൈശാഖ് ചിത്രം പുലിമുരുകനെ മറികടന്നാണ് 2018 കേരളത്തിൽ ഏറ്റവും കൂടുതൽ കളക്‌ഷൻ നേടിയ ചിത്രമായത്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ഹൃദയപൂർവ്വം' എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. രജനികാന്ത് നായകനാകുന്ന ചിത്രീകരണം ആരംഭിച്ച ജയിലര്‍ 2 ചിത്രത്തില്‍ മോഹന്‍ലാല്‍ ഉണ്ടെന്നാണ് വിവരം. ഇതിന്റെ ഒന്നാം ഭാഗത്തിലെ മോഹന്‍ലാലിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം എആർ മുരുകദോസ് സംവിധാനം ചെയ്യുന്ന മദ്രാസി എന്ന ആക്ഷൻ ത്രില്ലറാണ് ശിവകാർത്തികേയന്റെ പുതിയ ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |