SignIn
Kerala Kaumudi Online
Saturday, 27 April 2024 1.14 AM IST

മൂകാംബികയിലെ ശ്രീകോവിലിനുള്ളിൽ കണ്ടത് വരയ‌്ക്കാൻ ഭാഗ്യം ലഭിച്ച മലയാളി, ആ ചിത്രം പിറന്നതിനെ കുറിച്ച് നന്ദൻ പിള്ള പറയുമ്പോൾ

mookambika-temple

ഇക്കഴിഞ്ഞ മാതൃദിനത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിക്കുകയുണ്ടായി. കിരീടധാരിയായ സ്ത്രീ രൂപത്തിന്റെ മടിയിൽ തലചായ്‌ച്ചിരിക്കുന്ന ആളുടേതായിരുന്നു ആ ചിത്രം. സാക്ഷാൽ മൂകാംബിക ദേവിയുടെയും, ക്ഷേത്രത്തിലെ മുഖ്യ അർച്ചകനായ സുബഹ്രമണ്യ അഡിഗയെയും സങ്കൽപ്പിച്ച് വരച്ചതായിരുന്നു ആ സൃഷ്‌ടി. ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രത്തിന്റെ ഉടമ മലയാളിയായ ആർട്ടിസ്‌റ്റ് നന്ദൻ പിളളയ‌ാണ്. ക്ഷേത്ര ദർശനത്തിനിടെ ശ്രീകോവിലിനുള്ളിൽ കണ്ട ദൃശ്യം വരയിലൂടെ സൃഷ്‌ടിക്കുകയായിരുന്നു നന്ദൻ. കാർട്ടൂണിസ്‌റ്റ്, ശിൽപി എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നന്ദൻ പിള്ള കേരള പൊലീസിന്റെ പുണ്യം പൂങ്കാവനം, സൈബർ സുരക്ഷ അടക്കമുള്ള ക്യാമ്പയിനുകളിലെ ഒഴിച്ചു കൂടാനാകാത്ത ഘടകമാണ്.

ശ്രീകോവിലിനുള്ളിൽ കണ്ടത് മാതൃപുത്ര വാത്സല്യം

യാദൃശ്ചികമായി സംഭവിച്ച കാര്യമാണത്. ഒരു ദിവസം മൂകാംബിക ക്ഷേത്രത്തിൽ പൂജ കഴിഞ്ഞ് നടയടക്കുന്നതിന് മുമ്പായി മുഖ്യ അർച്ചകനായ സുബ്രഹ്മണ്യ അഡിഗ ദേവിയെ ധ്യാനിക്കുന്ന ഒരു അവസ്ഥ കാണാനിടയായി. അതുകണ്ടയുടൻ എന്റെ മനസിൽ തോന്നിച്ച രൂപമാണ് ഈ ചിത്രം. അമ്മയും മകനും തമ്മിലുള്ള വാത്സല്യാത്മകമായ ബന്ധമുണ്ടല്ലോ? അതുതന്നെയാണ് ശ്രീകോവിലിനുള്ളിലെ ആ ദൃശ്യം കണ്ടപ്പോൾ എനിക്ക് തോന്നിയത്. ചിത്രം വരച്ച് പൂർത്തിയായത് ഒരു മാതൃദിനത്തിലായിരുന്നുവെന്നത് മറ്റൊരു ആകസ്‌മികത.

" Devidaasan" ( Melshanthi Sri.
K.N.Subramanya adiga )
🙏🏻I saw this while I was praying inside the mookambika temple...

Posted by Artist Nandan Pillai on Friday, 12 May 2023

സുബ്രഹ്മണ്യ അഡിഗയിൽ എപ്പോഴും ഒരു കുട്ടിത്തമാണ് എനിക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്. കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്നതുകൊണ്ടാകാമത്. പൂജയ‌്ക്കായി സുബ്രമണ്യ അഡിഗ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് മുതലുള്ള കാര്യങ്ങൾ നിരീക്ഷിക്കുന്ന ഏതൊരാൾക്കും ഒരുപക്ഷേ അത് മനസിലായേക്കാം. യോഗിവര്യന്റെ ഭാവത്തിലല്ല അദ്ദേഹം അർച്ചന ചെയ്യുന്നത്. ഒരു കുഞ്ഞ് പൂജിക്കുന്നത് പോലെയേ എനിക്ക് തോന്നിയിട്ടുള്ളൂ.

subramaniya-adiga

പുനർജന്മം നൽകിയ ദേവി മൂകാംബിക

ജീവിതത്തിൽ വ്യക്തിപരമായി വളരെ തളർന്നുപോയ സന്ദർഭത്തിൽ നിന്നും പുനർജന്മമേകിയത് മൂകാംബിക ദേവിയാണ്. മൂകാംബികയിലേക്കുള്ള യാത്രയാണ് ജീവിതം മാറ്റിമറിച്ചതെന്ന് നന്ദൻ പിള്ള പറയുന്നു. മുമ്പ് ഒന്നോ രണ്ടോ തവണ പോയിട്ടുള്ളതെല്ലാം ഒരു വിനോദയാത്ര എന്ന സങ്കൽപ്പത്തിലായിരുന്നു. അതൊന്നുമല്ല മൂകാംബിക സവിധം എന്ന് മനസിലായത് പിന്നീടാണ്. ഇപ്പോഴുള്ള യാത്രകളൊന്നും തീരുമാനിച്ചുറച്ച് പോകുന്നതല്ല. പലതും സംഭവിക്കുകയാണ്.

ബികോംകാരൻ സ്വപ്‌നം കണ്ട സൈബർ ആർട്ട് വില്ലേജ്

പഠിച്ചത് ബികോം ആണെങ്കിലും ചെറുപ്പം മുതൽ നന്ദന്റെ ലോകം വരയും ശിൽപങ്ങളുമായിരുന്നു. ചിത്രരചന പഠിക്കുന്നതിനായി ഒരിടത്തും പോയിട്ടുമില്ല. മനസിൽ തോന്നിയതെല്ലാം കുഞ്ഞുനാൾ മുതൽ കോറിയിട്ടു. ബിരുദ പഠനത്തിന് ശേഷം അഡ്വർടൈസിംഗ് മേഖലയിലേക്ക് എത്തിപ്പെടാനായിരുന്നു നന്ദൻ പിള്ളയുടെ നിയോഗം. ആലൂക്കാസ് അടക്കമുള്ള ജൂവലറികളുടെ ആദ്യ പരസ്യ ക്യാമ്പയിനിന് ചുക്കാൻ പിടിച്ചത് ഇദ്ദേഹമാണ്. രണ്ടായിരമാണ്ടിന്റെ തുടക്കമായിരുന്നു കാലഘട്ടം. ആ സമയത്തും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ ഇടപെടലുകൾ നടത്താൻ നന്ദൻ ശ്രദ്ധിച്ചു. ഇന്ന് സമൂഹത്തിൽ കാണുന്ന പല അനാസ്ഥകളും കുട്ടികളിലൂടെ തിരുത്തപ്പെടണമെന്ന ആഗ്രഹത്താൽ വിപ്ളവാത്കമായ ഒരു തീരുമാനത്തിന് തുടക്കം കുറിച്ചു.

nandan-pillai

സോഷ്യൽ മീഡിയ എന്ന പേര് പോലും മലയാളിക്ക് അന്യമായ കാലത്ത് ഇന്റർനെറ്റിൽ അത്തരമൊരു കൂട്ടായ്‌മയ‌്ക്ക് നന്ദൻ നാന്ദി കുറിച്ചു. കലാകാരന്മാർക്ക് ലോകത്തിന്റെ എവിടെ നിന്നും പരസ്‌പരം സംവദിക്കാൻ കഴിയുന്ന സൈബർ ആർട്ട് വില്ലേജ് എന്നതായിരുന്നു ലക്ഷ്യം. നന്ദൻ പിള്ളയുടെ സ്വപ‌നത്തിന് ആദ്യം പിന്തുണ നൽകിയത് തിരുവിതാംകൂർ മഹാരാജാവായിരുന്ന ഉത്രാടം തിരുനാൾ മാർത്താണ്ഡ വ‌ർമ്മയായിരുന്നു. സാങ്കേതിക സഹായമെല്ലാം നൽകി കൂടെയുണ്ടായിരുന്നത് കേണൽ ഗോദവർമ്മ രാജയുടെ മരുമകൻ വിനയവർമ്മരാജയും.

കുട്ടികൾക്ക് വേണ്ടി വെബ് പേജ്

ഒരു കുട്ടിക്ക് ഒരു വെബ് പേജ് എന്ന രീതിയിലാണ് സൈബർ കൂട്ടായ്‌മ രൂപകൽപന ചെയ‌്തത്. ഓർക്കുട്ടോ, ഫേസ്ബുക്കോ പോലുള്ള ഒരു സോഷ്യൽമീഡിയ മാദ്ധ്യമവും മലയാളിക്ക് മുന്നിൽ അവതരിക്കാതിരുന്ന കാലഘട്ടത്തിലാണ് ഈ ചിന്തയെന്ന് ഓർക്കണം. പതിനായിരത്തിലധികം കുട്ടികൾ കൂട്ടായ്‌മയിൽ അംഗങ്ങളായി. വിനയവർമ്മ രാജയുടെ സഹോദരന്റെ സഹായത്താൽ അമേരിക്കയിലെ ടിയാറ നെറ്റ് എന്ന സെർവർ ബുക്ക് ചെയ‌്താണ് ഇത് പ്രാവർത്തികമാക്കിയത്. പക്ഷേ പ്രതീക്ഷിച്ച പിന്തുണ അന്ന് സമൂഹത്തിൽ നിന്നും ലഭിച്ചില്ല. സി ഡിറ്റ് അടക്കമുള്ള സർക്കാർ സംവിധാനങ്ങളുടെയെല്ലാം പിന്തുണ തേടിയിരുന്നെങ്കിലും അന്ന് ആരും അത് കാര്യമായി എടുത്തില്ല. മാദ്ധ്യമങ്ങളും സഹായിച്ചില്ല. താൻ ലക്ഷ്യമിട്ടതു തന്നെയാണ് ഫേസ്ബുക്ക്, ട്വിറ്റർ എന്നീ പേരുകളിൽ പിന്നീട് സോഷ്യൽ മീഡിയ ഭീമന്മാരായി മാറിയതെന്ന് നന്ദൻ പിള്ള വേദനയോടെ ഓർക്കുന്നു.

ഈ കൂട്ടായ്‌മ കണ്ടിട്ടാണ് കേരള പൊലീസ് വിളിച്ചത്. കേരള പൊലീസിന്റെ ആദ്യ ഓൺലൈൻ പരാതി സംവിധാനം മുതൽ സഹകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. പിന്നീട് പുണ്യം പൂങ്കാവനം, സൈബർ പൊലീസിംഗ്, ഓപ്പറേഷൻ കുബേര തുടങ്ങിയ പദ്ധതികളിൽ ഭാഗമായി. കേരള പൊലീസിന്റെ ട്രാഫിക് അവബോധ പ്രവർത്തനങ്ങളിലെ മുഖമുദ്ര‌യായിരുന്ന 'പപ്പു സീബ്ര' ജനിച്ചത് നന്ദന്റെ വിരലുകളിലൂടെയാണ്. 'ഹെൽമറ്റ് വച്ചില്ലെങ്കിൽ തല ഓംലെറ്റ് ആകും' എന്നതായിരുന്നു പപ്പുവിന്റെ മുദ്രാവാക്യം. കേരളത്തിലെ ആദ്യത്തെ ട്രോൾ എന്നും ഇതിനെ വിശേഷിപ്പിക്കാം.

Kerala Police

കേരള പോലീസിന്റെ റോഡ് സുരക്ഷ ബോധവൽക്കരണ പരിപാടിയായ പപ്പു സീബ്ര യുടെ 3D വേർഷൻ നിങ്ങൾക്കായി സമർപ്പിക്കുന്നു. ഈ വർഷത്തെ ബോധവൽക്കരണ പരിപാടികളിൽ കെയർ ആൻഡ് ഷെയർ ഇന്ററ്‌നർഷണൽ ഫൗണ്ടേഷനും പങ്കാളിയാകുന്നു എന്ന വിവരവും സന്തോഷത്തോടെ പങ്കു വക്കുന്നു. അപകട രഹിതമാകട്ടെ നമ്മുടെ നിരത്തുകൾ

Posted by Mammootty on Saturday, 11 May 2019

സമാനമായി നന്ദന്റെ നൂറുകണക്കിന് വരകൾ സമൂഹത്തെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറുകയാണ്. ഇതുകൂടാതെ, കേരളപൊലീസിന് വേണ്ടി മാത്രം നാലോളം ഡോക്യുമെന്ററികളും (ഡോക്യുഫിക്ഷൻ) നിർമ്മിച്ചു. ജനങ്ങളോടുള്ള പൊലീസിന്റെ സമീപനം എത്തരത്തിൽ ആകണം എന്നതായിരുന്നു തീം.

ലക്ഷ്യം സൗപ‌ർണികയുടെ മുക്തി

ലക്ഷ്യമിട്ടത് പ്രാവർത്തികമാക്കി കാണിച്ചിട്ടും വേണ്ടത്ര പിന്തുണ കിട്ടാത്തത് കാരണം തന്റെ അദ്ധ്വാനം നിഷ്‌ഫലമായി പോയതിന്റെ നിരാശ ഒരു കാലഘട്ടത്തിൽ നന്ദനെ വേട്ടയാടിയിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം മുക്തിനേടാനായത് മൂകാംബികയിലെത്തിയതിന് ശേഷമാണ്. ഇന്ന് പഴയതിലും അധികം ഊർജത്തോടെ പുതിയ കർമ്മങ്ങളിൽ വ്യാപൃതനാകാൻ കഴിയുന്നതിന്റെ ആത്മസംതൃപ്‌തിയുണ്ട് ഈ തൃശ്ശൂർകാരന്.

മലീമസമായി മാറിയ സൗപർണികാ നദിയെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യമാണ് ഇനി നന്ദൻ പിള്ളയ‌്ക്ക് മുന്നിലുള്ളത്. അമ്മയും പ്രകൃതിയും ഒന്നാണ് എന്ന സങ്കൽപത്തിലൂടെ ഭക്തരിൽ പരമാവധി അവബോധം നടത്തുക. അടുത്ത തലമുറയ‌്ക്ക് എല്ലാ പരിശുദ്ധിയോടും കൂടി സൗപർണികയെ കൈമാറേണ്ടത് ഈ തലമുറയുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NANDAN PILLA, MOOKAMBIKA TEMPLE, SUBRAMANIYA ADIGA, ARTIST NANDAN PILLAI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.