കൊച്ചി : പൊന്നമ്പലമേട്ടിൽ കടന്നുകയറി അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും കോടതി വിശദീകരണം തേടി ശബരിമല സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബെഞ്ച് നടപടി സ്വീകരിച്ചത്.
കേസിൽ ഇടനിലക്കാരൻ കുമളി ആനവിലാസം അയ്യപ്പൻ കോവിൽ സ്വദേശി ചന്ദ്രശേഖരനെ (കണ്ണൻ - 33) വനംവകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പിടികൂടി പൊലീസിന് കൈമാറിയിരുന്നു,. പൂജാരി തൃശൂർ തെക്കേക്കാട്ടു മഠത്തിൽ നാരായണൻ തിരുമേനിയേയും ഒപ്പമുണ്ടായിരുന്ന തമിഴ്‌നാട്ടുകാരെയും വനവികസന കോർപ്പറേഷനിലെ ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തിയത് ചന്ദ്രശേഖരനാണെന്ന് അന്വേഷണ സംഘം പറഞ്ഞു. സംഘത്തിൽ നിന്ന് കോർപ്പറേഷനിലെ ജീവനക്കാർക്കൊപ്പം 3000രൂപ കൈപ്പറ്റിയതായി ഇയാൾ സമ്മതിച്ചു.
മൂന്നു ദിവസം ചന്ദ്രശേഖരന്റെ വീടും പരിസരവും നിരീക്ഷിച്ചാണ് അറസ്റ്റു ചെയ്തതെന്ന് റേഞ്ച് ഓഫീസർ ജി.അജികുമാർ പറഞ്ഞു. പച്ചക്കാനം എസ്.എച്ച്.ഒ കെ.ജയപ്രകാശിന്റെ നേതൃത്വത്തിലുളള ആറംഗ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇതോടെ പിടിയിലായവർ മൂന്നായി. കേരളാഫോറസ്റ്റ് ആക്ടും, വന്യജീവി സംരക്ഷണ നിയമ പ്രകാരവുമാണ് കേസ്.
വനപാലകർ ആദ്യം പിടികൂടിയ കെ.എഫ്.ഡി.സി ഗവി ഡിവിഷനിലെ സൂപ്പർവൈസർ രാജേന്ദ്രൻ കറുപ്പയ്യ (51), വർക്കർ സാബുമാത്യു (49) എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് മൂഴിയാർ പൊലീസ് റാന്നി കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ചന്ദ്രശേഖരനെയും കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് മൂഴിയാർ എസ്.എച്ച്.ഒ കിരൺ വി.എസ് പറഞ്ഞു. ഈ മാസം എട്ടിനാണ് ആറംഗ സംഘം പൊന്നമ്പലമേട്ടിൽ എത്തിയത്. തമിഴ് നാട്ടിൽ നിന്ന് വള്ളക്കടവ് വരെ ജീപ്പിലും അവിടെനിന്ന് കെ.എസ്.ആർ.ടി,സി ബസിലും യാത്ര ചെയ്താണ് സംഘം പൊന്നമ്പലമേട്ടിൽ എത്തിയത്. സംഘാംഗങ്ങൾ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവരം പുറത്തായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |