ന്യൂഡൽഹി: രാജ്യ പുരോഗതിയ്ക്കിടയിൽ കടന്നുവരുന്ന ദുശ്ശകുനമാണ് രാഹുൽ ഗാന്ധിയെന്ന് ബിജെപി. പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ബിജെപി വക്താവ് ഗൗരവ് ഭാട്യ രാഹുലിനെ ദുശ്ശകുനമെന്ന് വിശേഷിച്ചിച്ചത്. രാഹുൽ ഗാന്ധിയുടെ ഇടുങ്ങിയ ചിന്താഗതി മൂലമായാണ് അദ്ദേഹത്തിന് പാർലമെന്റ് ഉദ്ഘാടനം സ്വാഗതം ചെയ്യാനാകാത്തതെന്നും ഗൗരവ് ഭാട്യ കുറ്റപ്പെടുത്തി.
രാജ്യം പുരോഗമിക്കുന്ന ശുഭവേളകളിൽ ദുശ്ശകുനം പോലെ രാഹുൽ ഗാന്ധി കടന്നുവരും. ജനാധിപത്യത്തിന്റെ ക്ഷേത്രമായി പുതിയ പാർലമെന്റ് മന്ദിരം മാറുന്ന ചരിത്രനിമിഷത്തെ സ്വാഗതം ചെയ്യാനാകാത്ത വിധത്തിലുള്ള ഇടുങ്ങിയ ചിന്താഗതിയാണ് അദ്ദേഹത്തിന്. ഭാട്യ പറഞ്ഞു. കോൺഗ്രസ് നേതാവും ലോക്സഭാ മുൻ സ്പീക്കറുമായ മീരാ കുമാർ പുതിയ പാർലമെന്റ് മന്ദിരം വേണമെന്ന് നേരത്തെ അറിയിച്ചിരുന്നതായും എന്നാൽ കോൺഗ്രസിന്റെ സ്വപ്നങ്ങൾ മോദി നടപ്പിലാക്കുമ്പോൾ പ്രശ്നമുണ്ടാക്കുന്നത് എന്തിനാണെന്നും ഗാരവ് ഭാട്യ ചോദിച്ചു.
അതേസമയം ഈ മാസം 28-ന് നിശ്ചയിച്ചിരിക്കുന്ന പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രിയല്ല രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്നായിരുന്നു രാഹുൽ ഗാന്ധി നേരത്തെ അറിയിച്ചത് . രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനിടെയാണ് പ്രതിപക്ഷ പാർട്ടികൾ വിമർശനവുമായി രംഗത്തെത്തിയത്. രാഷ്ട്രപതി പദവിയെ അപമാനിക്കുന്ന നടപടികളാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇത് പ്രോട്ടോകോൾ ലംഘനമാണെന്നും ജനാധിപത്യത്തിനെതിരെയുള്ള നീക്കമാണെന്നും കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |