ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയുടെ ഡൗണിംഗ് സ്ട്രീറ്റിലുള്ള ഗേറ്റിലേയ്ക്ക് കാറിടിച്ച് കയറ്റിയ ആൾ പിടിയിൽ. സെൻട്രൽ ലണ്ടണിലെ വൈറ്റ്ഹാളിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഡൗണിംഗ് സ്ട്രീറ്റിലെ ഗേറ്റിലേയ്ക്ക് അപകടകരമായി കാറോടിച്ചുകയറ്റിയ ഡ്രൈവറെ സായുധ പൊലീസ് അറസ്റ്റ് ചെയ്തതായി സ്കോട്ട്‌ലാന്റ് യാർഡാണ് അറിയിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് വിവരം. സംഭവത്തെത്തുടർന്ന് ഡൗണിംഗ് സട്രീറ്റിലൂടെ കടന്നുപോകുന്ന പ്രധാനപാത പൊലീസ് അടച്ചിട്ടു. അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്
അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം ഇന്ത്യൻ വംശജൻ ട്രക്ക് ഇടിച്ചുകയറ്റിയ സംഭവം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയ്ക്ക് സമീപവും വാഹനാപകടമുണ്ടായത്.
അതേസമയം പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി 10നാണ് ലാഫയറ്റ് പാർക്കിന്റെ നോർത്ത് സൈഡിലെ വൈറ്റ് ഹൗസിന്റെ സുരക്ഷാ ബാരിയറിലേക്ക് മിസോറിയിലെ ചെസ്റ്റർഫീൽഡിൽ താമസമാക്കിയ തെലുങ്ക് വംശജൻ സായ് വർഷിത്ത് കാണ്ഡുല (19) ട്രക്ക് ഇടിച്ചുകയറ്റിയത്. ഉടൻ തന്നെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വൈറ്റ് ഹൗസിനകത്ത് കടന്ന് പ്രസിഡന്റ് ബൈഡനെ വധിച്ച് അധികാരം പിടിക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. ആറ് മാസമായി ഇതിന്റെ പദ്ധതി തയാറാക്കുകയായിരുന്നു. പ്രതി ബോധപൂർവം ചെയ്തതാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ, ഇയാളുടെ മാനസികനിലയിൽ ആശങ്കയുണ്ടായിരുന്നെന്നും ചില പ്രശ്നങ്ങൾ നേരിട്ടിരുന്നെന്നും പ്രതിയുടെ സുഹൃത്ത് അമേരിക്കൻ മാദ്ധ്യമത്തോട് വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |