തിരുവനന്തപുരം: കാർഷിക ഉത്പന്നങ്ങളിൽ നിന്ന് ഭക്ഷ്യോത്പന്നങ്ങൾ തയ്യാറാക്കി കർഷകന്റെ വരുമാനം 50 ശതമാനം വർദ്ധിപ്പിക്കാൻ ഒന്നാം പിണറായി സർക്കാർ പ്രഖ്യാപിച്ച കേരള അഗ്രി ബിസിനസ് കമ്പനി (കാബ്‌കോ) ഫയലിലുറങ്ങുന്നു. സിയാൽ മാതൃകയിൽ പ്രഖ്യാപിച്ച കമ്പനിയുടെ രൂപീകരണത്തിന് കഴിഞ്ഞ ആഗസ്റ്റിൽ നിലവിൽ വന്ന വിദഗ്ദ്ധസമിതി ഒരു വർഷം മുമ്പ് സമർപ്പിച്ച രൂപരേഖ വെളിച്ചം കണ്ടിട്ടില്ല.
കമ്പനിയുടെ ബിസിനസ് പ്ലാൻ, നിയമാവലി (എം.ഒ.എ ) ഉൾപ്പെടെയാണ് സമിതി തയ്യാറാക്കിയത്. ഇവ മന്ത്രിസഭാ യോഗം അംഗീകരിച്ചാലേ കമ്പനി രൂപീകരണം സാദ്ധ്യമാകൂ.
മൂന്നു വർഷം മുൻപാണ് മുൻമന്ത്രി വി.എസ്.സുനിൽകുമാർ കാബ്‌കോ പ്രഖ്യാപിച്ചത്. രൂപരേഖ തയ്യാറാക്കുന്നതിനിടെ പുതിയ സർക്കാർ വന്നു. പിന്നെയും ഒരു വർഷം കഴിഞ്ഞാണ് വിദഗ്ദ്ധസമിതിയെ ചുമതലപ്പെടുത്തിയത്. കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക്, മുൻ നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, ചാർട്ടേഡ് അക്കൗണ്ടന്റ് എം.കെ. ശ്രീധർ, അഗ്രിബിസിനസ്- സംരംഭകത്വ- സ്‌കിൽ വിദഗ്ദ്ധൻ ഡോ. ടി.പി. സേതുമാധവൻ എന്നിവരായിരുന്നു സമിതിയംഗങ്ങൾ.
പദ്ധതി തുടങ്ങാൻ
മന്ത്രിസഭ അംഗീകരിച്ചാൽ 10 അംഗ ഡയറക്ടർ ബോർഡിനെ സർക്കാർ തീരുമാനിക്കണം. ഗവ. സെക്രട്ടറിമാരും കാർഷിക വിദഗ്ദ്ധരുമാണ് ഉൾപ്പെടേണ്ടത്. കൃഷിവകുപ്പിന്റെ അന്താരാഷ്ട്ര മൊത്ത വിപണി അടക്കം 9 മാർക്കറ്റുകൾ കാബ്കോയുടെ കീഴിലാക്കും. മാർക്കറ്റുകളിൽ ജോലി നോക്കുന്നവരെ കമ്പനിയിലേക്ക് മാറ്റണം. കാർഷികോത്പന്നങ്ങളുടെ ശേഖരണം,ശീതീകരണം , മൂല്യവർദ്ധിത ഉത‌്‌പന്നങ്ങളുടെ പാക്കേജിംഗ് ,ബ്രാൻഡിംഗ്,മാർക്കറ്റിംഗ് എന്നിവയ്ക്കുള്ള പദ്ധതി രേഖ തയ്യാറാക്കാൻ പ്രോജക്ട് മാനേജ്‌മെന്റ് ഏജൻസിയെ നിയോഗിക്കണം.മൂന്ന് വർഷത്തിനുള്ളിൽ 1,000 കോടിയുടെ വിറ്റുവരവ് പ്രതീക്ഷിക്കുന്ന കമ്പനിയാണ് ഇഴയുന്നത് .
81,000 കോടിയുടെ ബിസിനസ്
വർഷം 55,000 കോടിയിലധികം വിലമതിക്കുന്ന കാർഷിക ഭക്ഷ്യോത്പന്നങ്ങളും 26,000 കോടിയുടെ ജന്തുജന്യ ഉത്പന്നങ്ങളുമാണ് അയൽസംസ്ഥാനങ്ങളിൽ നിന്നും വിദേശ ഇറക്കുമതിയിലൂടെയും വാങ്ങുന്നത്. ഈ വിപണി പിടിക്കുകയാണ് ലക്‌ഷ്യം.
കമ്പനിയിൽ 33 ശതമാനത്തിൽ കവിയാത്ത ഓഹരി കൃഷിവകുപ്പിന്. ഉത്പന്ന കമ്പനികൾക്കും കൃഷിക്കാർക്കും പൊതുമേഖലാസ്ഥാപനങ്ങൾക്കും ഓഹരി ഉടമകളാകാം
200 കോടിയിലേറെ മൂലധന നിക്ഷേപത്തിനുള്ള അഗ്രിപ്രോജക്ട് സെന്ററുകൾ, അഗ്രികൾച്ചറൽ മാർക്കറ്റ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ, സംസ്‌കരണ യൂണിറ്റുകൾ, ശീതീകരണ സ്റ്റോറേജ് കേന്ദ്രങ്ങൾ എന്നിവയും വരും. കാർഷിക മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |