ബീജിംഗ്: കൊവിഡിന്റെ മറ്റ് വകഭേദങ്ങളെയപേക്ഷിച്ച് വ്യാപനം കൂടിയ ഒമിക്രോൺ എക്‌സ് ബി ബി വകഭേദം ചൈനയിൽ പിടിമുറുക്കുന്നു. രാജ്യത്ത് ജൂൺ ആദ്യവാരത്തോടെ രോഗത്തിന്റെ തീവ്ര വ്യാപനമുണ്ടാകുമെന്നും ജൂൺ അവസാനത്തോടെ ആഴ്‌ചയിൽ 65 ലക്ഷം പേർക്ക് വരെ രോഗം ബാധിക്കുന്ന സ്ഥിതിയുണ്ടാകുമെന്നുമാണ് വിവരം.
2019 അവസാനത്തോടെ രാജ്യത്ത് കൊവിഡ് പൊട്ടിപ്പുറപ്പെട്ടെങ്കിലും ഈയടുത്ത് മാത്രമാണ് ശക്തമായ നിയന്ത്രണങ്ങൾ ജനങ്ങൾക്ക് മേൽ ചൈനീസ് സർക്കാർ ഏർപ്പെടുത്തിയത്. നിലവിൽ എക്‌സ് ബി ബി വ്യാപനം ശക്തമാണെങ്കിലും സർക്കാർ ഇക്കാര്യം പുറത്തുപറയുന്നില്ല.
ലോക്ഡൗൺ, പരിശോധനകൾ, മാസ്ക് നിർബന്ധമാക്കൽ, ക്വാറന്റൈൻ ചെയ്യുക എന്നിവ കർശനമായ നടപ്പാക്കിയ സർക്കാർ ഈയിടെയാണ് അവയിൽ ഇളവ് വരുത്തിയത്. അതേസമയം വ്യാപനം രൂക്ഷമാണെങ്കിലും ജനങ്ങൾ ഇപ്പോൾ എക്‌സ് ബി ബി വകഭേദത്തെ അത്ര വലിയ പ്രശ്‌നമായി കാണുന്നില്ല എന്നതാണ് വാസ്‌തവം.
രോഗത്തിന്റെ വകഭേദം ശക്തമായ മറ്റൊരു രാജ്യമായ അമേരിക്കയിൽ ആഴ്‌ചയിൽ അഞ്ച് ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. കൃത്യമായ കണക്കറിയാൻ പ്രയാസമുള്ളതിനാൽ അമേരിക്കയിലെ പോലെ ചൈനയും പ്രതിവാര കൊവിഡ് കണക്ക് പുറത്തുവിടുന്നത് അവസാനിപ്പിച്ചിരുന്നു.
ഡിസംബർ-ജനുവരി മാസത്തിൽ ചൈനയിൽ വ്യാപിച്ച ഒമിക്രോൺ വകഭേദം കാരണം രാജ്യത്ത് ആശുപത്രികൾ രോഗബാധിതരെക്കൊണ്ടും ശ്‌മശാനങ്ങൾ രോഗം ബാധിച്ച് മരിച്ചവരെക്കൊണ്ടും നിറഞ്ഞിരുന്നു. മെഡിക്കൽ ഷോപ്പുകളിൽ പനിക്കുള്ള മരുന്നടക്കം കിട്ടാത്ത സ്ഥിതി വന്നു. സ്‌കൂളുകൾ നാളുകളോളം അടച്ചിടേണ്ടി വന്നു. 140 കോടി ജനങ്ങളിൽ 80 ശതമാനത്തിനും ഈ സമയം കൊവിഡ് ബാധിച്ചതായാണ് കണക്ക്.
വൈദ്യശാസ്‌ത്ര ഗവേഷകൻ സോംഗ് നാൻഷാംഗ് എക്‌സ് ബി ബി വകഭേദത്തിനെതിരെ തയ്യാറാക്കിയ രണ്ട് വാക്‌സിനുകൾ ഉടൻ പുറത്തിറക്കാൻ ശ്രമിക്കുകയാണ് ചൈന. രാജ്യത്തെ വൃദ്ധരിൽ ചില വിഭാഗം ഇപ്പോഴും കൊവിഡ് പ്രതിരോധ വാക്‌സിനുകൾ സ്വീകരിക്കാത്തത് വെല്ലുവിളിയാണ്. എന്നാൽ രോഗം ചെറിയ വിഭാഗത്തെ മാത്രമേ ബാധിക്കൂ എന്നും ഇവരെ ചികിത്സിക്കാൻ ആശുപത്രികൾ മതിയാകുമെന്ന വാദവും ഒരുവിഭാഗത്തിൽ നിന്നും പുറത്തുവരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |