ന്യൂഡൽഹി: നാളെ നടക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ചരിത്ര പ്രാധാന്യമുള്ള ചെങ്കോൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങി. ബ്രിട്ടനിൽ നിന്ന് സ്വതന്ത്ര ഇന്ത്യയ്‌ക്ക് അധികാരം കൈമാറുന്നതിന്റെ പ്രതീകമായി ജവഹർലാൽ നെഹ്റു ഏറ്റുവാങ്ങിയ സ്വർണച്ചെങ്കോൽ തമിഴ്നാട്ടിൽ നിന്നുള്ള പൂജാരിമാരുടെ സംഘമാണ് കൈമാറിയത്. പ്രധാനമന്ത്രിയുടെ ഓഫീസിലാണ് കൈമാറ്റം നടന്നത്. ഇന്ത്യയുടെ പരമാധികാരത്തിന്റെ ഓർമ്മപ്പെടുത്തലായി സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോൽ സ്ഥാപിക്കും.
നെഹ്റുവിന്റെ വസതിയായിരുന്ന അലഹബാദിലെ ദേശീയ മ്യൂസിയത്തിലാണ് ചെങ്കോൽ സൂക്ഷിച്ചിരുന്നത്. ഇന്ത്യയുടെ അവസാന ഗവർണർ ജനറൽ രാജാജിയുടെ താത്പര്യപ്രകാരം തമിഴ്നാട്ടിലാണ് ചെങ്കോൽ നിർമ്മിച്ചത്. അധികാര കൈമാറ്റം എങ്ങനെയാവണമെന്ന് ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റൺ നെഹ്റുവിനോട് ചോദിച്ചതാണ് ചെങ്കോലിന്റെ പിറവിയിലേയ്ക്ക് നയിച്ചത്. രാജഗോപാലാചാരിയോടാണ് നെഹ്റു ഉപദേശം തേടിയത്. തമിഴ്നാട്ടിൽ ചോള രാജാക്കന്മാർ രാജപുരോഹിതനിൽ നിന്ന് ചെങ്കോൽ ഏറ്റുവാങ്ങുന്ന രീതി സ്വീകരിക്കാമെന്ന് രാജാജി പറഞ്ഞു.
അദ്ദേഹം തമിഴ്നാട്ടിലെ തിരുവുടുതുറൈ മഠാധിപതിയെ ചുമതല ഏല്പിച്ചു. അന്നത്തെ മദ്രാസിൽ ജൂവലറി നടത്തിയിരുന്ന വുമ്മിടി ബങ്കാരു ചെട്ടിയാണ് മഠാധിപതിയുടെ നിർദ്ദേശങ്ങൾ പാലിച്ച് ചെങ്കോൽ നിർമ്മിച്ചത്. വെള്ളിയിൽ നിർമ്മിച്ച് സ്വർണം പൂശിയ ചെങ്കോലിന്റെ അഗ്രത്തിൽ പരമശിവന്റെ വാഹനമായ നന്ദിയുണ്ട്.. 'സെങ്കോൽ' എന്ന തമിഴ് വാക്ക് ഉരുത്തിരിഞ്ഞത് നീതിയെന്ന അർത്ഥം വരുന്ന സെമ്മായ് എന്ന വാക്കിൽ നിന്നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |