ന്യൂഡൽഹി: പ്രതിസന്ധിയിലായ ഗോ ഫസ്റ്റ് എയർലൈൻ മെയ് 30 വരെയുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. ബുക്ക് ചെയ്തവർക്ക് മുഴുവൻ റീഫണ്ടും നൽകുമെന്ന് എയർലൈൻ അറിയിച്ചു. വിമാനങ്ങൾ റദ്ദാക്കിയത് കാരണം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഗോഫസ്റ്റ് അധികൃതർ ക്ഷമ ചോദിച്ചു. നേരത്തെ മേയ് 26നകം വിമാനങ്ങൾ പുനരാരംഭിക്കാനായിരുന്നു ഗോ ഫസ്റ്റ് നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ പ്രവർത്തനപരമായ കാരണങ്ങളാൽ വിമാനങ്ങൾ റദ്ദാക്കുകയായിരുന്നു.
രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ വിമാനങ്ങളിൽ ഒന്നായിരുന്ന വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് എയർലൈൻ മേയ് 3ന് സ്വമേധയാ പാപ്പരത്വ നടപടികൾക്കായി ഫയൽ ചെയ്തു. ആവർത്തിച്ചുള്ള പ്രശ്നങ്ങളും പ്രാറ്റ് ആൻഡ് വിറ്റ്നി എൻജിനുകളിൽ നിന്നുള്ള എഞ്ചിനുകൾ വിതരണം ചെയ്യാത്തതും കാരണം വിമാനക്കമ്പനിയുടെ പകുതിയിലേറെയും വിമാനങ്ങളെ നിലത്തിറക്കേണ്ടിവന്നു.
ജെറ്റ് എയർവേസി'നു ശേഷം പാപ്പർ നടപടികളിലേക്ക് കടക്കുന്ന വിമാന കമ്പനിയാണ് 'ഗോ ഫസ്റ്റ്'. മാർച്ച് അവസാനം മുതൽ ഒക്ടോബർ അവസാനം വരെയുള്ള സമയത്ത് 'ഗോ ഫസ്റ്റ്' പ്രതിവാരം 1,538 വിമാനങ്ങൾ സർവിസ് നടത്തേണ്ടതായിരുന്നു.
മേയ് മാസത്തിൽ ഗോ ഫസ്റ്റ് സമർപ്പിച്ച ഷെഡ്യൂൾ പ്രകാരം ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് 199 വിമാനങ്ങളും ഡൽഹി-ലേ റൂട്ടിൽ 182 വിമാനങ്ങളും മുംബൈയിൽ നിന്ന് ഗോവയിലേക്ക് 156 വിമാനങ്ങളും സർവീസ് നടത്തേണ്ടതായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |