കൊച്ചി: പെരുമഴക്കാലം അടുത്തെത്തി. ചെല്ലാനത്തുകാർ പേടിക്കേണ്ട. വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ ജിയോ ബാഗ് കടൽഭിത്തി നിർമ്മാണമുൾപ്പെടെ വേഗത്തിലാക്കിയിരിക്കുകയാണ് ദുരന്തനിവാരണ അതോറിറ്റി. സന്നദ്ധപ്രവർത്തകർക്ക് പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്. ടെട്രാപോഡ് നിർമ്മാണ പ്രവർത്തനങ്ങളും മുല്ലശേരി കനാൽ ശുചീകരണ പ്രവർത്തനങ്ങളും അവസാനഘട്ടത്തിലാണ്. തീരപ്രദേശങ്ങളിൽ മണൽത്തിട്ട നിർമ്മാണം ഉടൻ തുടങ്ങും. അപകടസാദ്ധ്യത മുൻനിറുത്തി ഈ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കളക്ടർ എൻ.എസ്.കെ ഉമേഷിന്റെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെയും നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദു മോൾ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എസ്. ശ്രീദേവി, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പി.എം. ഷെഫീഖ്, മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ യശോദ ദേവി, മേജർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ടി.എം. സുനിത, ജില്ലാ ഫയർ ഓഫീസർ എ.ഹരികുമാർ, എസ്.പി. രാജേഷ് കുമാർ എന്നിവർ പങ്കെടുത്തു.
പ്രധാന നിർദ്ദേശങ്ങൾ
• ജില്ലയിലെ തൂക്കുപാലങ്ങൾ പരിശോധിക്കണം
• വിദ്യാലയങ്ങളിൽ ദുരന്തനിവാരണ സമിതി കാര്യക്ഷമമാക്കണം
• അനധികൃത പടക്കനിർമ്മാണശാലകൾ കണ്ടെത്തി നടപടി സ്വീകരിക്കണം
എലിപ്പനി പ്രതിരോധ
ഗുളിക കഴിക്കണം
ജില്ലയിൽ കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ചൂർണിക്കര, വാഴക്കുളം, തൃക്കാക്കര, ഇടച്ചിറ, പായിപ്ര മേഖലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും. ഉറവിട നശീകരണം ആരോഗ്യ പ്രവർത്തകരുടെ മാത്രമല്ല ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്. തൊഴിലുറപ്പ് തൊഴിലാളികളും മണ്ണിലും ചെളിയിലും പണിയെടുക്കുന്നവരും എലിപ്പനി പ്രതിരോധ ഗുളിക കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |