SignIn
Kerala Kaumudi Online
Thursday, 19 September 2024 5.20 AM IST

ഡോ. വേലുക്കുട്ടി അരയനെ എങ്ങനെ മറക്കാനാകുന്നു ?

Increase Font Size Decrease Font Size Print Page

dr-velukkutti-arayan

മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത സമരമാണ് വൈക്കം സത്യഗ്രഹം. കേരളത്തിലിന്നോളം നടന്ന സമരങ്ങളിൽ വച്ച് ദേശീയതലത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ദേശീയ രാഷ്ട്രീയത്തെ സ്വാധീനിച്ചതുമായ സമരം അന്നുമിന്നും വൈക്കം സത്യഗ്രഹം തന്നെയാണ്. ആ ഐതിഹാസിക സമരത്തിന്റെ പബ്ളിസിറ്റി കമ്മറ്റിക്കു നേതൃത്വം നൽകിയ ധിഷണാശാലിയായിരുന്നു ഡോ. വേലുക്കുട്ടി അരയൻ. താൻ പ്രചരണത്തിനു നേതൃത്വം നൽകിയ സമരത്തിന്റെ കീർത്തി ഇന്നും ഒളിമങ്ങാതെ നിൽക്കുമ്പോഴും കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ അർഹിക്കുന്ന തെളിച്ചത്തോടെ വേലുക്കുട്ടി അരയന്റെ ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നത് ഖേദകരമായ വസ്തുതയാണ്. ടി.കെ.മാധവൻ ക്ഷേത്രപ്രവേശനവാദവുമായി രംഗത്തിറങ്ങുമ്പോൾതന്നെ വേലുക്കുട്ടി അരയനും ഉറച്ച ശബ്ദത്തോടെ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അരയർ ഉൾപ്പെടെയുള്ള അവർണവിഭാഗങ്ങൾക്ക് ക്ഷേത്ര പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തന്റെ 'അരയൻ' പത്രത്തിൽ ലേഖനമെഴുതി ക്ഷേത്രപ്രവേശനത്തിനായി വാദിക്കുമ്പോഴും വ്യക്തിജീവിതത്തിൽ വേലുക്കുട്ടി അരയൻ നിരീശ്വരവാദിയായിരുന്നു. സഹോദര സംഘത്തിന്റെ 'കാവുകളിൽ പോകരുത് ' എന്ന ലഘുലേഖ പ്രസിദ്ധീകരിച്ചത് അദ്ദേഹത്തിന്റെ പത്രത്തിലായിരുന്നു.

സമരരംഗത്തെന്നപോലെ കേരളത്തിന്റെ പത്രപ്രവർത്തന ചരിത്രത്തിലും വേലുക്കുട്ടി അരയന് മായ്ച്ചുകളനാവാത്ത സ്ഥാനമുണ്ട്. 1917 മുതൽ അദേഹത്തിന്റെ പത്രാധിപത്യത്തിൽ കരുനാഗപ്പള്ളിയിൽ നിന്നും പുറത്തിറങ്ങിയിരുന്ന പത്രമായിരുന്നു അരയൻ. ശ്രീമൂലം പ്രജാസഭയിലേയ്ക്ക് അദ്ദേഹത്തിന്റെ പേര് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ആ സമയത്താണ് തിരുവനന്തപുരം മഹാരാജസ് കോളേജിലെ വിദ്യാർത്ഥിക്കൾക്കു നേരെ തിരുവിതാംകൂർ കുതിരപ്പോലീസ് ക്രൂരമായ ആക്രമണം അഴിച്ചുവിടുന്നത്. ഈ സംഭവത്തിൽ തിരുവിതംകൂർ ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് 'അരയനിലൂടെ'അദ്ദേഹം രംഗത്തെത്തി.'വിദ്യാർത്ഥികൾക്ക് ഒരനുസ്മരണം' എന്ന തലക്കെട്ടിൽ അദ്ദേഹമെഴുതിയ മുഖപ്രസംഗം പുറത്തുവന്നതോടെ സർക്കാർ വേലുക്കുട്ടി അരയനെ പ്രജാസഭയിലേക്കു തിരഞ്ഞെടുത്ത തീരുമാനം റദ്ദാക്കി. അരയൻ പത്രവും പ്രസ്സും കണ്ടുകെട്ടുകയും പത്രാധിപരെ അറസ്റ്റുചെയ്യുകയും ചെയ്തു. പിന്നീട് ജാമ്യത്തുക കെട്ടിവച്ചാണ് പത്രം പുനരാരംഭിച്ചത്.1938 ൽ ദിവാൻ ഭരണത്തിനെതിരെ വിമർശനം അഴിച്ചുവിട്ടതോടെ അരയൻ പത്രം വീണ്ടും നിരോധിക്കപ്പെട്ടതും ചരിത്രത്തിന്റെ ഭാഗമാണ്. സ്ത്രീകൾക്കായി 'അരയസ്ത്രീജന മാസിക ' എന്ന പേരിലൊരു സ്ത്രീമാസികയും അദ്ദേഹം നടത്തിയിരുന്നു.
1894 മാർച്ച് 11ന് കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമത്തിൽ വേലായുധൻ വൈദ്യൻ വെളുത്തക്കുഞ്ഞമ്മ ദമ്പതികളുടെ മകനായി ജനിച്ച അദ്ദേഹം ചെറുപ്രായത്തിൽത്തന്നെ മലയാളത്തിലും സംസ്‌കൃതത്തിലും പാണ്ഡിത്യം നേടി. കാളിദാസന്റെ രഘുവംശം വിവർത്തനം ചെയ്യുകയും വാസവദത്താനിർവാണം ആട്ടക്കഥയും കിരാതാർജ്ജുനീയം ഓട്ടൻതുള്ളലും കടലിന്റെ മക്കൾ എന്ന പേരിൽ നോവലും എഴുതി. കവിതയും കഥയും നിരൂപണവും ആക്ഷേപഹാസ്യവും ബാലസാഹിത്യവുമെല്ലാം അദ്ദേഹത്തിന് ഒരുപോലെ വഴങ്ങുമായിരുന്നു. കുമാരനാശാന്റെ ദുരവസ്ഥക്കെതിരെ സവർണ ഹിന്ദുക്കൾ വിമർശനമുയർത്തിയപ്പോൾ പ്രതിരോധമുയർത്തിയതും വേലുക്കുട്ടി അരയനായിരുന്നു.

വൈദ്യശാസ്ത്രരംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു പാരമ്പര്യരീതിയിൽ ആയുർവേദം പഠിച്ച അദ്ദേഹം മദ്രാസിൽനിന്നും അലോപ്പതിയിലും കൽക്കട്ടയിൽ നിന്നും ഹോമിയോപതിയിലും ബിരുദങ്ങൾ നേടി. അരയ സമുദായത്തിന്റെ ക്ഷേമത്തിനായി അരയവംശ പരിപാലനയോഗം, സമസ്ത കേരളീയ അരയ മഹാജനയോഗം തുടങ്ങി നിരവധി സംഘടനകൾ അദ്ദേഹം സ്ഥാപിച്ചു. തൊഴിലാളി സംഘടനാരംഗത്തു സജീവമായിരുന്ന വേലുക്കുട്ടി അരയൻ പിന്നീട് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാവുകയും 1948ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു. നിസാര വോട്ടുകൾക്കാണ് അന്നദ്ദേഹം പരാജയപ്പെട്ടത്‌. ദേശീയതലത്തിൽ മഹാത്മാ ഗാന്ധിയുമായും ടാഗോറുമായുമെല്ലാം ബന്ധം പുലർത്തിയിരുന്ന നേതാവു കൂടിയായിരുന്നു വേലുക്കുട്ടി അരയൻ. ശ്രീനാരായണഗുരു മുതലുള്ള എല്ലാ നവോത്ഥാന നായകർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചു.

1908 ൽ സ്വന്തം ഗ്രാമത്തിൽ വിജ്ഞാനസന്ധായി എന്ന പേരിലൊരു വായനശാല സ്ഥാപിച്ചുകൊണ്ട് പൊതുപ്രവർത്തനമാരംഭിച്ച വേലുക്കുട്ടി അരയൻ 1969 മെയ് 31 ന് അന്തരിക്കുന്നതു വരെ സാമൂഹ്യ പരിഷ്‌‌കരണത്തിനായി സ്വജീവിതം സമർപ്പിച്ചു. അദ്ദേഹത്തിന്റെ കൃതികൾ കണ്ടെടുക്കാനും പുനഃപ്രസിദ്ധീകരിക്കാനുമുള്ള ഗൗരവപൂർവമായ ശ്രമങ്ങൾ നടക്കേണ്ടതുണ്ട്. ഡോക്ടർ വേലുക്കുട്ടി അരയന് അദ്ദേഹം അർഹിക്കുന്ന രീതിയിലുള്ള സ്മാരകം ഇനിയുമുണ്ടായിട്ടില്ല എന്നതും ഖേദകരമാണ്. ഭിഷഗ്വരൻ, സാഹിത്യകാരൻ, സാമൂഹ്യ പരിഷ്‌‌കർത്താവ്, പത്രാധിപർ, തെഴിലാളിനേതാവ്, രാഷ്ട്രീയ പ്രവർത്തകൻ, യുക്തിവാദി, തുടങ്ങി നിരവധി തലങ്ങളിൽ വിസ്മരിക്കാനാവാത്ത സംഭാവനകൾ ചെയ്ത വ്യക്തിയായിട്ടു പോലും കേരള സമൂഹം എന്തുകൊണ്ടാണ് ഡോക്ടർ വേലുക്കുട്ടി അരയനെ മറന്നു പോയത്?

ജാതിക്കും മതത്തിനുമുപരിയായി മനുഷ്യരുടെ സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ലക്ഷ്യം വച്ച് പ്രവർത്തിച്ച ഒരു മഹാവ്യക്തിത്വത്തെ നാം മറന്നു പോകുന്നുവെങ്കിൽ നമ്മുടെ പ്രബുദ്ധതയ്ക്ക് എന്തോ തകരാറുണ്ടെന്ന് സമ്മതിക്കേണ്ടിവരും. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി വേളയിൽ വേലുക്കുട്ടി അരയനേയും വീണ്ടെടുക്കേണ്ടത് അനിവാര്യമാണ്. വൈക്കം സത്യഗ്രഹത്തെ ഒരു ഹിന്ദുമതപുനരുത്ഥാന സമരമായി ചിത്രീകരിക്കാനുള്ള തീവ്രശ്രമങ്ങൾ ഹിന്ദുത്വപക്ഷം നടത്തിക്കൊണ്ടിരിക്കുമ്പോൾ വേലുക്കുട്ടി അരയനെപ്പോലുള്ളവരുടെ ചിത്രം തെളിയിച്ചെടുക്കേണ്ടത് മാനവികതയിൽ വിശ്വസിക്കുന്നവരുടെ കടമയാണ്.

( ലേഖകൻ പ്രഭാഷകനും അദ്ധ്യാപകനുമാണ് ഫോൺ - 9446722699 )

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VELUKKUTTY ARAYAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.