SignIn
Kerala Kaumudi Online
Thursday, 19 September 2024 7.19 AM IST

സർക്കാർ സ്‌കൂളിൽ താത്‌കാലികക്കാർ മതിയോ?

Increase Font Size Decrease Font Size Print Page

photo

ജൂൺ ഒന്നിന് സ്‌കൂളുകൾ തുറക്കുമ്പോൾ പഠിപ്പിക്കാൻ അദ്ധ്യാപകർ ഉണ്ടാകണമെന്നത് ആരും പറഞ്ഞുകൊടുത്ത് അറിയേണ്ടതല്ല. സർക്കാർ വിദ്യാലയങ്ങളിൽ നൂറുകണക്കിന് അദ്ധ്യാപകരുടെ ഒഴിവുകളുണ്ട്. ഏറെനാളായി താത്‌കാലികക്കാരെ വച്ചാണ് പല ക്ളാസുകളും നടന്നുപോകുന്നത്. പി.എസ്.സിയിൽ അദ്ധ്യാപകരുടെ റാങ്ക് ലിസ്റ്റുകളുണ്ട്. സ്‌കൂളുകളിൽ ഒഴിവുകളുമുണ്ട്. എന്നാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തതു കാരണം പി.എസ്.സി വഴിയുള്ള അദ്ധ്യാപക നിയമനം നടക്കുന്നില്ല. ചുമതലപ്പെട്ടവരുടെ അനാസ്ഥയാണ് ഇതിനൊക്കെ കാരണമെന്നു പറയേണ്ടതില്ല. സ്ഥിരം ഒഴിവുകളിൽ ആളെവയ്ക്കാതെ പിൻവാതിൽവഴി താത്‌കാലികക്കാരെ നിയമിക്കുന്ന ഏർപ്പാട് പണ്ടുമുതലേയുണ്ട്. ഈ അദ്ധ്യയനവർഷവും അത് ആവർത്തിക്കാൻ പോവുകയാണ്. അതിന് ആധികാരികത നല്‌കാനായി ചെറിയൊരു മേമ്പൊടി കൂടിയുണ്ട്. സർക്കാർ സ്‌കൂളുകളിലെ ഒഴിവുകളിൽ പി.എസ്.സി ലിസ്റ്റിലുള്ളവരെ വേണം ദിവസവേതനത്തിന് നിയമിക്കാനെന്നു നിർദ്ദേശിച്ച് വിദ്യാഭ്യാസവകുപ്പ് കഴിഞ്ഞദിവസം സർക്കുലറും ഇറക്കിയിട്ടുണ്ട്.

സ്ഥിരം വേക്കൻസിയുണ്ടായിട്ടും പി.എസ്.സി ലിസ്റ്റിൽനിന്ന് ദിവസവേതനത്തിന് ആളെ നിയമിക്കുന്നതിലെ അനൗചിത്യം മനസിലാകുന്നില്ല. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് സ്ഥിരം നിയമനം നല്‌കാൻ എന്താണ് തടസം? വേക്കെൻസി റിപ്പോർട്ട് ചെയ്യേണ്ടതും പി.എസ്.സി തുടർനടപടി സ്വീകരിക്കേണ്ടതുമൊക്കെ മുറപോലെ നടക്കേണ്ട കാര്യങ്ങളാണ്. ഇതിനൊക്കെ ചുമതലപ്പെട്ടവരുടെ അലംഭാവം കാരണമല്ലേ സർക്കാർ സ്‌കൂളുകൾ സ്ഥിരമായി അദ്ധ്യാപകരില്ലാതെ അനാഥനിലയിലാകുന്നത്. അദ്ധ്യാപക ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത പ്രഥമാദ്ധ്യാപകർക്കെതിരെ നടപടിയെടുക്കുമെന്നാണ് സർക്കാരിന്റെ ഇണ്ടാസ്. ഒഴിവുകൾ യഥാസമയം അറിയിച്ചിട്ടും നിയമനം നടക്കാതിരിക്കുന്ന കേസുകൾക്ക് ആരാണ് ഉത്തരവാദികൾ.

പഠനനിലവാരം ഉയർത്താൻ ലക്ഷ്യമിട്ട് അദ്ധ്യയനദിനങ്ങൾ 220 ആയി ഉയർത്താനുള്ള യത്നത്തിലാണ് സർക്കാർ. അതിനെതിരെ പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ രംഗത്തുവന്നിട്ടുമുണ്ട്. ശനിയാഴ്ചകൾ പ്രവൃത്തിദിനങ്ങളാക്കി അദ്ധ്യയനദിനങ്ങൾ കൂട്ടാനാണു തീരുമാനം. ഈ പരിഷ്കാരം നടന്നാലും ഇല്ലെങ്കിലും അദ്ധ്യാപക തസ്തികകൾ ഒഴിച്ചിട്ടുകൊണ്ട് ലക്ഷ്യം നേടാനാവുമെന്നു തോന്നുന്നില്ല. സർക്കാർ സ്‌കൂളുകളിലെ കുട്ടികളാണ് അദ്ധ്യാപകരുടെ കുറവുമൂലം പലപ്പോഴും പിന്നിലേക്ക് പോകേണ്ടിവരുന്നത്. എയ്‌ഡഡ് സ്‌കൂളുകളിൽ ഒരൊറ്റ ഒഴിവുപോലും നികത്തപ്പെടാതിരിക്കില്ല. കാരണം സ്‌കൂൾ മാനേജ്‌മെന്റിന് ലക്ഷങ്ങൾ 'സംഭാവന' ലഭിക്കുന്ന ഏർപ്പാടാണത്. ഉദ്യോഗാർത്ഥികളിൽ നിന്നു കണക്കുപറഞ്ഞ് കോഴവാങ്ങി നിയമിക്കേണ്ട ജോലിയേയുള്ളൂ. ശമ്പളം പൊതുഖജനാവിൽ നിന്ന് ലഭിക്കും. പൊതുവിദ്യാലയ പട്ടികയിൽപ്പെടുന്ന സ്വകാര്യ സ്‌കൂളുകളിൽ സാധാരണ അദ്ധ്യാപകരുടെ കുറവുണ്ടാകാറില്ല.

സർക്കാർ സ്‌കൂളുകൾ മാത്രമല്ല കോളേജുകളിലെ അവസ്ഥയും ഇതൊക്കെത്തന്നെയാണ്. സംസ്ഥാനത്തെ സർക്കാർ കോളേജുകളിൽ ഭൂരിപക്ഷവും സ്ഥിരം പ്രിൻസിപ്പൽമാരില്ലാതെയാണ് പ്രവർത്തിക്കുന്നത്. ഇൻചാർജ് ഭരണത്തിന്റെ പോരായ്മകൾ ഏറെ നേരിടേണ്ടിവരുന്നതും സർക്കാർ കോളേജുകളാണ്. പ്രിൻസിപ്പൽ നിയമനത്തിനുള്ള റാങ്ക് പട്ടിക തയ്യാറായതാണെങ്കിലും സ്വന്തക്കാരെക്കൂടി തിരുകിക്കയറ്റാനുള്ള ശ്രമത്തിനിടയിൽ നടപടികൾ അപ്പാടെ തടസപ്പെടുകയായിരുന്നു. ഗവർണറും സർക്കാരും തമ്മിൽ പോര് തുടരുന്ന സാഹചര്യത്തിൽ രണ്ടു സർവകലാശാലകളുടെ അമരത്ത് ഇപ്പോൾ ആരുമില്ലാത്ത സ്ഥിതിയും വന്നുചേർന്നിരിക്കുകയാണ്. ഏഴ് സർവകലാശാലകളിൽ കുറെക്കാലമായി ഇൻചാർജ് ഭരണമാണ് നടക്കുന്നത്. വിദ്യാഭ്യാസമേഖല ഇത്തരത്തിൽ നാഥനില്ലാക്കളരിയാകാൻ അനുവദിക്കരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TEMPORARY TEACHERS IN GOVT SCHOOLS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.