തിരുവനന്തപുരം; ''സർ , ഈ പേന എന്റെ കൈയിലിരിക്കുന്നിടത്തോളം എനിക്ക് പട്ടിണി കിടക്കേണ്ടി വരില്ല. സത്യസന്ധമായി ഔദ്യോഗിക സേവനം നടത്തുന്ന എനിക്ക് ആരെയും പേടിക്കേണ്ടതില്ല"... സർവ്വവിജ്ഞാനകോശം ഡയറക്ടറായ തനിക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായർ പറഞ്ഞപ്പോൾ ഡോ. വെള്ളായണി അർജുനന്റെ മറുപടിയാണിത്.
ആരെയും കൂസാതെ സ്വഭാവമായിരുന്നു സർക്കാർ ജീവനക്കാരിൽ വെള്ളായണി അർജുനനെ വ്യത്യസ്തനാക്കിയത്. ഉപജാപക സംഘങ്ങളുടെ വാക്കുകൾ വിശ്വസിച്ചാണ് അന്ന് മുഖ്യമന്ത്രി ക്ഷോഭിച്ചത്. നടപടിയൊന്നുമുണ്ടായില്ല. എന്നാൽ സർവ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങളിൽ കാര്യമായ സഹായം അധികാരം ഒഴിയും വരെ പി.കെ.വി നൽകിയില്ലെന്ന് ഡോ .വെള്ളായണി അർജുനൻ എഴുതിട്ടുണ്ട്.
പ്രതിസന്ധികളെ തോൽപിച്ചു മുന്നേറിയ ഡോ.വെള്ളായണി അർജുനന്റെ ആത്മകഥയായ 'ഒഴുക്കിനെതിരെ ' യിലാണ് വർഷങ്ങൾ നീണ്ട ഔദ്യോഗിക ജീവിതത്തിലെ കയ്പ്പും മധുരവും. ആറു മുഖ്യമന്ത്രിമാർക്ക് കീഴിൽ ജോലിചെയ്തതിൽ ആർ.ശങ്കറും കെ.കരുണാകരനും എ.കെ.ആന്റണിയുമെല്ലാം തനിക്ക് നിർലോഭമായ സഹായങ്ങൾ നൽകിയെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.
മൂന്ന് ഡി.ലിറ്റടക്കം നിരവധിയായ യോഗ്യതകളും ദേശീയ പുരസ്കാരങ്ങളും ലഭിച്ച അദ്ദേഹത്തെ, ഏതെങ്കിലും സർവകലാശാലയുടെ വി.സി യാക്കാനോ മറ്റേതെങ്കിലും ഉന്നത പദവി നൽകാനോ മാറിവന്ന സർക്കാരുകൾ തയ്യാറാകാത്തതിന് കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനക്കുറവാണെന്ന് വിശ്വസിക്കുന്നവരുണ്ട്.
കർമനൈപുണ്യമല്ല, ഭരണാധികാരിയുടെ കാല് ചൊറിയലാണ് സർക്കാർ ഉദ്യോഗസ്ഥന് വേണ്ടതെന്നും ആ കലയിൽ വിദഗ്ദ്ധനല്ലാത്തതിനാലും നീതിക്ക് വേണ്ടി നിലകൊണ്ടതിനാലും ഉന്നതാവസരങ്ങൾ നഷ്ടപ്പെട്ട് കുരിശു ചുമക്കേണ്ടിവന്ന ഉദ്യോഗസ്ഥനാണ് താനെന്ന് മരണംവരെ ഭയമില്ലാതെ പറഞ്ഞിരുന്നയാളാണ് ഡോ. വെള്ളായണി അർജ്ജുനൻ.
പത്രാധിപരുടെ വത്സല ശിഷ്യൻ
ഇന്റർമീഡിയറ്റ് പഠന കാലത്ത് കേരളകൗമുദിയുമായി തുടങ്ങിയ ബന്ധം അവസാനം വരെ ഡോ .വെള്ളായണി അർജുനൻ സൂക്ഷിച്ചിരുന്നു. കേരളകൗമുദിയുടെ സ്വാതന്ത്ര്യ ദിനപ്പതിപ്പിൽ വിദ്യാർത്ഥിയായ തന്റെ കവിത ഉൾപ്പെടുത്താൻ പത്രാധിപർ കെ.സുകുമാരൻ കാണിച്ച താല്പര്യവും പിന്നീട് അദ്ദേഹവുമായി ഉണ്ടായ ഗുരുശിഷ്യ ബന്ധവും ആത്മകഥയിൽ അദ്ദേഹം വിശദമാക്കിയിട്ടുണ്ട്. പുറത്ത് സിംഹത്തെപ്പോലെ ഗർജിക്കുന്ന പല ഉഗ്രപ്രതാപികളായ നേതാക്കളും പത്രാധിപരുടെ മുന്നിൽ എലിക്കുഞ്ഞുങ്ങളെപ്പോലെ പമ്മിയിരുന്ന് സംസാരിക്കുന്നത് കണ്ടിട്ടുണ്ടെന്നും അതിന്റെ കാരണം കേരളകൗമുദി അതിശക്തമായ ജനജിഹ്വ ആയതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |