പത്തനംതിട്ട: പള്ളിക്കൂടം തുറക്കുന്ന ദിവസം കാത്തിരിക്കുകയായിരുന്നു കോന്നിയിലെ ത്രീസ്റ്രാർസ്. ഒറ്റ പ്രസവത്തിലുള്ള മൂന്ന് കുട്ടികളുടെ രണ്ട് സംഘങ്ങൾ. ഒരേ വേഷവും ബാഗും വർണ്ണക്കുടയുമായി സംഘം കോന്നി ശ്രീനാരായണ പബ്ളിക് സ്കൂളിലെത്തും.
എൽ.കെ.ജി ക്ളാസിൽ എത്തുന്നത് മുഹമ്മദ് മിഷാൽ ഹവാസ്, മിൻഹ ഫാത്തിമ ഹവാസ്, മറിയം ഫാത്തിമ ഹവാസ്. കോന്നി ബിസ്‌മി മൻസിലിൽ പ്രവാസിയായ ഹവാസ് ഖാന്റെയും സുമി മീരാന്റെയും മക്കളാണ് മൂവരും. പ്രായത്തിൽ അഞ്ച് മിനിട്ട് മൂത്തത് മിഷാലാണ്. രണ്ടാമത് മിൻഹ. മൂന്നുപേരിൽ കണ്ടാൽ വേറിട്ടറിയുന്നത് മിഷാലിനെ മാത്രം.
യു.കെ.ജി ക്ളാസിലെത്തുന്നത് വെള്ളപ്പാറ കാവുംപാട്ട് വീട്ടിൽ പ്രവാസിയായ മെൽബിൻ ബേബിയുടെയും വിൻസി വിൻസെന്റിന്റെയും മക്കളായ എലീറ്റ സാറ മെൽബിൻ, എലിസ സാറ മെൽബിൻ, എലീന സാറാ മെൽബിൻ എന്നിവരാണ്. പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത മൂന്നുപേരും ടീച്ചർമാരെ കുഴപ്പിക്കും. ഗൾഫിലാണ് കുടുംബം. കുട്ടികളെ ഇന്ന് ചേർക്കാൻ എത്തണമെന്നാണ് കരുതിയിരുന്നത്. പനി കാരണം യാത്ര നീട്ടിവച്ചു. ആറിന് ചേർക്കത്തക്ക വിധം നാട്ടിലെത്തും.
മൂവർ സംഘങ്ങൾക്കായി പുസ്തകങ്ങളും ബാഗുകളും വാങ്ങിയിട്ടുണ്ട്. മിഷാൽ സ്വന്തമായി പുസ്തകങ്ങളും ബാഗുകളും എടുത്തുവയ്ക്കും. മിൻഹയെയും മറിയത്തെയും സഹായിക്കും.
ഇവരെ കൂടാതെ കോന്നി തേക്കുംകൂട്ടത്തിൽ പ്രതീഷ് കുമാറിന്റെയും കാർത്തിക കെ.പ്രസാദിന്റെയും മക്കളായ ഇരട്ട സഹോദരങ്ങൾ മാധവ് പി.നായരും ഇശാനി പി.നായരും യു.കെ.ജിയിൽ എത്തുന്നുണ്ട്. പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്കൂൾ മാനേജരും എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റുമായ കെ.പത്മകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |