തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചതിന്റെ കാരണമറിയാത്ത മുഖ്യമന്ത്രി എന്തിനാണ് ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു. വിഷയത്തിൽ പ്രതിപക്ഷം ബി.ജെ.പിക്കൊപ്പമാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം വിചിത്രമാണ്. പരാജയം മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിനുമേൽ കുതിരകയറുന്നത്.
കടമെടുപ്പ് പരിധി എന്തുകൊണ്ട് വെട്ടിക്കുറച്ചെന്ന് മുഖ്യമന്ത്രിക്കോ ധനമന്ത്രിക്കോ വകുപ്പിനോ അറിയില്ല. കിഫ്ബി, പെൻഷൻ ഫണ്ടുകളിലെ ബാദ്ധ്യത സംബന്ധിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയത് പ്രതിപക്ഷമാണ്. ബഡ്‌ജറ്റിന് പുറത്ത് കടമെടുത്താലും അത് ബാദ്ധ്യതയാകുമെന്ന് കിഫ്ബി ബിൽ അവതരണവേളയിൽ മുന്നറിയിപ്പ് നൽകിയതാണ്. പ്രതിപക്ഷം പറഞ്ഞതു തന്നെയാണ് രണ്ടുതവണ സി.എ.ജി റിപ്പോർട്ടിലും വന്നത്. എന്നാൽ സി.എ.ജി റിപ്പോർട്ട് തള്ളി നിയമസഭയിൽ പ്രമേയം പാസാക്കുകയാണ് ചെയ്തത്. ബി.ജെ.പിയാണ് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും മുഖ്യശത്രു. സി.പി.എമ്മാണ് ബി.ജെ.പിയുമായി ഒത്തുതീർപ്പുണ്ടാക്കിയത്. ലാവ‌്ലിനിലും സ്വർണക്കടത്തിലും സന്ധി ചെയ്യുന്ന മുഖ്യമന്ത്രി പൊതുയോഗങ്ങളിൽ മാത്രമാണ് ബി.ജെ.പി വിരുദ്ധത പറയുന്നത്.
ഭരണഘടനാ സ്ഥാപനമായ സി ആൻഡ് എ.ജി എങ്ങനെ ഓഡിറ്റ് ചെയ്യണമെന്ന സർക്കാർ ഉത്തരവ് വിചിത്രമാണ്. സി.എ.ജിയുടെ പ്രവർത്തനങ്ങളിൽ ഇടപെടുന്നത് ഭരണഘടനാ വിരുദ്ധമാണ്. സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ധൂർത്തിന് കുറവില്ല. ഒന്നും ആകാത്ത കെ-ഫോൺ ഉദ്ഘാടനത്തിന് 4.35 കോടിയാണ് അനുവദിച്ചിരിക്കുന്നത്. 1500 കോടി മുടക്കി പതിനായിരം പേർക്കുപോലും ഇന്റർനെറ്റ് നൽകാനാവാത്ത കെ-ഫോണിന്റെ ഉദ്ഘാടനവുമായി പ്രതിപക്ഷം സഹകരിക്കില്ലെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |