തിരുവനന്തപുരം: അമേരിക്കയിലെ ലോക കേരള സഭ മേഖലാസമ്മേളനത്തിന്റെ പേരിൽ അവിടെ നടക്കുന്ന പണപ്പിരിവിനെച്ചൊല്ലി വിവാദം. പ്രാദേശിക സംഘാടകസമിതിയാണ് സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തി സമ്മേളനത്തിന്റെ ചെലവ് വഹിക്കുന്നത് എന്നിരിക്കെ, പണപ്പിരിവിനായി ഇറക്കിയ കൂപ്പണുകളാണ് കേരളത്തിൽ രാഷ്ട്രീയവിവാദമായത്.
ഈ മാസം 9 മുതൽ 11 വരെ ന്യൂയോർക്കിലെ മാരിയറ്റ് മാർക്വിസ് ഹോട്ടലിലാണ് സമ്മേളനം.
കേരളത്തിൽ നിന്നുള്ള വി.ഐ.പികൾക്കൊപ്പം ഡിന്നറിന് ഒരു ലക്ഷം ഡോളർ (82ലക്ഷം രൂപ) എന്ന കൂപ്പണിലെ വാഗ്ദാനം മുഖ്യമന്ത്രിക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാൻ 82ലക്ഷം രൂപ നൽകണമെന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടതോടെ പ്രതിപക്ഷം ഏറ്റുപിടിച്ചു. ഒരു ലക്ഷം ഡോളർ നൽകാൻ ശേഷിയുള്ളവർ മാത്രം തനിക്കൊപ്പമിരുന്നാൽ മതിയെന്ന സന്ദേശമാണോ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി നൽകുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ചോദിച്ചു. എന്നാൽ, സംഘാടകസമിതിയുടെ പിരിവിനെച്ചൊല്ലി തെറ്റിദ്ധാരണ പരത്തുകയാണെന്ന് നോർക്ക വിശദീകരിച്ചു.
ലോക കേരളസഭയുടെ മേഖലാസമ്മേളനങ്ങൾ നടക്കുന്ന സ്ഥലങ്ങളിലെല്ലാം സംഘാടകസമിതികളാണ് സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തി പരിപാടികൾ സംഘടിപ്പിക്കുകയെന്നും അതിനായുള്ള പിരിവല്ലാതെ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞുള്ള പിരിവ് കൂപ്പണൊന്നും അവിടെ വിതരണം ചെയ്തിട്ടില്ലെന്നാണ് അറിയുന്നതെന്നും നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. മുഖ്യമന്ത്രിയെ ആർക്കും കാണാം. അതിന് പണം മാനദണ്ഡമല്ല. സമ്മേളനത്തിന് ഖജനാവിലെ പണമെടുക്കുന്നില്ല. പ്രതിനിധിസമ്മേളനത്തിൽ പങ്കെടുക്കാൻ ആർക്കും പണം നൽകേണ്ടതില്ല. രജിസ്ട്രേഷൻ സൗജന്യമാണ്. സംഘാടകസമിതി പിരിക്കുന്ന പണവും ഓഡിറ്റ് ചെയ്യപ്പെടും. ഇത്രയും വലിയ സമ്മേളനത്തിന് ചെലവ് കണ്ടെത്താൻ പിരിവ് വേണ്ടിവരും. അതിനെ വക്രീകരിച്ച് ലോക കേരളസഭയെ ദുർബലപ്പെടുത്താനാണ് ശ്രമം. വിവാദമായ സ്ഥിതിക്ക് അന്വേഷിക്കുമെന്നും ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.
വിവാദത്തിനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി ബാലഗോപാൽ
പ്രതിപക്ഷം വിവാദത്തിനാണ് ശ്രമിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രതികരിച്ചു. ലോക കേരളസഭ കേരളീയ പ്രാതിനിദ്ധ്യം ഉറപ്പാക്കുന്നതാണ്. പണം പിരിച്ചതിനെക്കുറിച്ച് അറിയില്ല. ഇത് ഔദ്യോഗിക കാര്യമല്ല. പരിപാടി സംഘടിപ്പിക്കുന്നത് നോർക്കയാണ്. മുഖ്യമന്ത്രി പോകരുതെന്ന് പ്രതിപക്ഷം പറയുന്നതിൽ അർത്ഥമില്ലെന്നും മന്ത്രി പറഞ്ഞു.
ഗോൾഡ്, സിൽവർ, ബ്രോൺസ് പാസുകൾ നൽകിയാണ് സംഘാടകസമിതി സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തുന്നതെന്നാണ് അമേരിക്കൻ പ്രവാസി സംഘടനകളിൽ നിന്നുള്ള വിവരം. ഗോൾഡിനാണ് ഒരു ലക്ഷം ഡോളർ. സിൽവറിന് 50,000 ഡോളറും (41ലക്ഷം രൂപ), ബ്രോൺസിന് 25,000 ഡോളറും (20.5ലക്ഷം രൂപ) നൽകണം. ഒരു ലക്ഷം ഡോളർ നൽകുന്നവർക്ക് സ്റ്റേജിൽ ഇരിപ്പിടം, വി.ഐ.പികൾക്കൊപ്പം ഡിന്നർ, രണ്ട് സ്വീറ്റ് മുറികൾ, ഹോട്ടലിലും പുറത്തും പേര് പ്രദർശിപ്പിക്കൽ എന്നിവയാണ് ഓഫർ.
ലോക കേരളസഭ:
മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ
82 ലക്ഷം നൽകണോ?-സതീശൻ
തിരുവനന്തപുരം: കേരളത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ് ലോക കേരളസഭയുമായി ബന്ധപ്പെട്ട് അമേരിക്കയിൽ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താലേഖകരോട് പറഞ്ഞു. പ്രവാസികളെ പണത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കുകയാണ്. കേരളത്തിലെ മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ 82 ലക്ഷം രൂപ നൽകണോ?. ഉള്ളവനും ഇല്ലാത്തവനും തമ്മിലെ അന്തരമെന്തെന്ന് കമ്മ്യൂ ണിസ്റ്റുകാരനായ മുഖ്യമന്ത്രി ലോകത്തിന് മനസ്സിലാക്കിക്കൊടുക്കുന്ന പരിപാടിയായി ലോക കേരളസഭ മാറിയിരിക്കുന്നു. ഒരു ലക്ഷം ഡോളർ കൊടുക്കാൻ ശേഷിയുള്ളവൻ തന്റെ ഒപ്പമിരുന്നാൽ മതി, പണില്ലാത്തവൻ ഗേറ്റിന് പുറത്ത് നിന്നോളൂവെന്ന സന്ദേശമാണ് നൽകുന്നത്. എത്ര അപമാനകരമാണിത്. ആരാണ് അനധികൃത പിരിവിന് അനുമതി നൽകിയത്? ഇതേക്കുറിച്ച് അന്വേഷിക്കാൻ പ്രവാസികാര്യവകുപ്പും നോർക്കയുമില്ലേ? കേരളത്തിന്റെ പേരിൽ നടക്കുന്ന അനധികൃത പിരിവിനെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം. ഒരു ലക്ഷം ഡോളർ നൽകി ഒപ്പമിരിക്കാൻ വരുന്നവരുടെ പരിപാടിക്ക് മുഖ്യമന്ത്രി പോകരുതെന്നാണ് പ്രതിപക്ഷം അഭ്യർത്ഥിക്കുന്നത്. പണമുള്ളവനെ മാത്രം വിളിച്ച് അടുത്തിരുത്തുന്ന പരിപാടി കേരളത്തിനും കമ്മ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രിക്കും ചേർന്നതല്ല. പണമില്ലാത്തവൻ പുറത്ത് നിൽക്കണമെന്നത് കേരളത്തിന്റെ രീതിയാവുന്നത് വച്ചു പൊറുപ്പിക്കാനാകില്ലെന്നും സതീശൻ പറഞ്ഞു.
ലോകകേരള പണപ്പിരിവ് മുഖ്യമന്ത്രിയുടെ
അറിവോടെയോ: കെ. സുധാകരൻ
തിരുവനന്തപുരം: അമേരിക്കയിൽ ലോകകേരളസഭ സമ്മേളനത്തിന്റെ പേരിൽ നടക്കുന്ന പണപ്പിരിവ് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്നു വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ ഒരാളിൽ നിന്ന് 82 ലക്ഷം രൂപ പിരിക്കുന്ന കാര്യം അറിഞ്ഞിട്ടും അദ്ദേഹം മൗനംപാലിക്കുന്നു.
ഭരണനിർവഹണം പഠിക്കാൻ മുഖ്യമന്ത്രി ലക്ഷങ്ങൾ ചെലവിട്ട് അമേരിക്കയിലും ക്യൂബയിലും പോകാതെ തൊട്ടടുത്ത കർണാടകത്തിലേക്കു പോയാൽ പ്രയോജനം കിട്ടും. തന്റെ വാഹനം കടന്നുപോകുമ്പോൾ മറ്റു വാഹനം തടഞ്ഞ് ഗതാഗതം തടസപ്പെടുത്തരുതെന്ന കർണാടക മുഖ്യമന്ത്രിയുടെ ആദ്യ ഉത്തരവു തന്നെ പിണറായി വിജയന് പഠിക്കാവുന്ന ഒന്നാന്തരം പാഠമാണ്. മുഖ്യമന്ത്രിയുടെയും മറ്റു സി.പി.എം നേതാക്കളുടെയും ആയുസിന്റെ സിംഹഭാഗവും അമേരിക്കൻ സാമ്രാജ്യത്വത്തെ ആക്രമിക്കാനാണ് ചെലവിട്ടത്. എന്നാൽ മിക്ക നേതാക്കളും ചികിത്സയ്ക്കും ഉല്ലാസയാത്രയ്ക്കും മക്കളുടെ വിദ്യാഭ്യാസത്തിനും അമേരിക്കയിലേക്കുതന്നെ പോകുന്നുവെന്നും സുധാകരൻ പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |