തിരുവനന്തപുരം: ഇ പോസ് സോഫ്റ്റ്‌വെയർ പരിഷ്‌കാരത്തിലെ തകരാറ് മൂലം ഇന്നലെ സംസ്ഥാനത്ത് റേഷൻ കടകൾ പ്രവർത്തിച്ചില്ല. ഇതേ കാരണത്താൽ വ്യാഴാഴ്ചയും റേഷൻ തടസപ്പെട്ടിരുന്നു. രണ്ടാം ദിവസവും സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ പൂർത്തിയാവാത്തതിനാൽ റേഷൻ വിതരണം നിർത്തിവച്ചു. തകരാർ പരിഹരിച്ചെന്നും ഇന്നു മുതൽ റേഷൻ കടകൾ തുറക്കുമെന്നും മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ സബ്‌സിഡി ചേർത്തുള്ള ബിൽ നൽകാനാണ് സോഫ്റ്റ്‌വെയർ 2.4 പതിപ്പിലേക്കു പരിഷ്‌കരിക്കുന്നത്. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന്റെ (എൻ.ഐ.സി) ഹൈദരാബാദ് യൂണിറ്റിനാണ് സോഫ്റ്റ്‌വെയറിന്റെ മേൽനോട്ടം. ഇ പോസ് മെഷീനിൽ വ്യാപാരികൾ തന്നെ അപ്‌ഡേഷൻ നടത്താനായിരുന്നു നിർദ്ദേശം. ചെയ്യേണ്ട രീതി എൻ.ഐ.സി സഹായത്തോടെ അറിയിച്ചു. വ്യാഴാഴ്ച കടകൾ തുറന്നതു മുതൽ അപ്‌ഡേഷന് ശ്രമിച്ചെങ്കിലും പലർക്കും വൈകിട്ടോടെയാണു പൂർത്തിയാക്കാനായത്. ചിലരുടെ അപ്‌ഡേഷൻ ഇന്നലെയും തുടർന്നു. വ്യാഴാഴ്ച അപ്‌ഡേഷൻ നടത്തിയവർക്കും ഇന്നും ബിൽ ചെയ്യാനാവാതെ വന്നതോടെയാണ് വിതരണം നിർത്തിയത്.
ഇ പോസ് മെഷീനിൽ അപ്‌ഡേഷനൊപ്പം ആപ്ലിക്കേഷനിലും മാറ്റം വരുത്തണം. അപ്പോൾ സാങ്കേതികപ്രശ്‌നങ്ങൾക്ക് സാധ്യത ഉള്ളതിനാലാണ് കടകളുടെ പ്രവർത്തനം നിർത്തിയതെന്ന് മന്ത്രി അറിയിച്ചു.
കേന്ദ്ര ആനൂകൂല്യം ബോദ്ധ്യപ്പെടുത്താൻ
മഞ്ഞ, പിങ്ക് മുൻഗണനാ കാർഡുകൾക്ക് റേഷൻ നൽകുമ്പോഴാണ് കേന്ദ്ര സർക്കാരിന്റെ പ്രത്യേക ബിൽ നൽകുക. ഓരോ സാധനത്തിനും ഉടമകൾക്കു ചെലവാകുന്ന തുകയും കേന്ദ്ര സബ്‌സിഡിയും രേഖപ്പെടുത്തി പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന ലോഗോയും പതിച്ചാണ് ബിൽ നൽകുക. ബില്ലിന്റെ അവസാനം ആകെ ചെലവും സബ്‌സിഡിയും വീണ്ടും രേഖപ്പെടുത്തി കേന്ദ്രം ചെലവാക്കുന്ന പണം കാർഡ് ഉടമയെ ബോധ്യപ്പെടുത്തുന്ന തരത്തിലാണു ബിൽ. പരാതിപ്പെടാൻ 1967 എന്ന നമ്പറും വെബ്‌സൈറ്റ് വിലാസവും ഉണ്ട്.
പിങ്ക്, മഞ്ഞ കാർഡിന് അരിയും ഗോതമ്പും സൗജന്യമാണ്. ആട്ട, പഞ്ചസാര, മണ്ണെണ്ണ വില മാത്രമാണ് ഈടാക്കുന്നത്. മഞ്ഞ, പിങ്ക് കാർഡുകൾക്ക് കേന്ദ്ര സബ്‌സിഡി ഇല്ലാത്ത സാധനങ്ങൾ നൽകുമ്പോഴും കേരളം സബ്‌സിഡി നൽകുന്ന നീല, വെള്ള കാർഡ് ഉടമകൾക്ക് മാത്രമാകും കേരളത്തിന്റെ ചിഹ്നമുള്ള ബിൽ ലഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |