കോഴിക്കോട്: കക്കോടി പാലം – കണ്ണാടിക്കൽ റോഡിൽ പൂനൂർ പുഴയോരത്തെ 'ഗ്രീൻവേൾഡ് ' ബയോപാർക്ക് നാശത്തിന്റെ വക്കിൽ. നിരവധി പേർ വിനോദത്തിനും വിശ്രമിക്കാനുമെത്തിയിരുന്ന പാർക്ക് കോർപ്പറേഷന്റെ പരിചരണം കിട്ടാതെ കാടുകയറുകയാണ്. 2004ൽ ടി.ഒ.സൂരജ് കളക്ടറായിരുന്ന സമയത്താണ് 'ഗ്രീൻവേൾഡ് ' എന്ന പേരിൽ പുഴയോരം വികസിപ്പിച്ചത്. പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രന്റെ നേതൃത്വത്തിൽ പുഴ സംരക്ഷണത്തിനായി നാട്ടുകാരെ ഉൾപ്പെടുത്തി ഗ്രീൻ വേൾഡ് കൂട്ടായ്മ രൂപീകരിച്ചു. ഇവരാണ് പിന്നീട് പുഴയോര വികസനത്തിന് മുന്നിട്ടിറങ്ങിയത്.നാട്ടുകാരുടെ സഹകരണത്തോടെ ഇവിടെ വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുകയും പുഴയോരം വൃത്തിയാക്കുകയും ചെയ്തു. പുഴയുടെ ആഴം കുറഞ്ഞ ഭാഗത്ത് നീന്തൽ പരിശീലനം ഒരുക്കിയപ്പോൾ കുട്ടികൾക്ക് ഉൾപ്പെടെ അത് ആവേശമായി. പ്രദേശവാസികൾ തന്നെയായിരുന്നു പരിശീലകർ. ബഫലോ ഗ്രാസ് പിടിപ്പിച്ച പുഴയോരത്ത് എൻ.എസ്.എസ് കുട്ടികളുടെ ഉൾപ്പെടെ നിരവധി പ്രകൃതി ക്ലാസുകളും നടന്നു. വേങ്ങേരി വാർഡിൽ ഉൾപ്പെട്ട ഈ പ്രകൃതി സുന്ദരമായ പ്രദേശം പിന്നീട് കോർപ്പറേഷൻ ഏറ്റെടുത്തു. എന്നാൽ മൂന്ന് ഇരിപ്പിടങ്ങൾ സ്ഥാപിച്ചതല്ലാതെ മറ്റൊരു പുരോഗമനവും ഇവിടെ ഉണ്ടായില്ല.
പാർക്കിന്റെ ഇന്നത്തെ അവസ്ഥ പരമദയനീയമാണ് . ബഫലോ ഗ്രാസുകൾ കാട് മൂടി. പാമ്പും മുള്ളൻപന്നിയും വിഹാര കേന്ദ്രമാക്കി. പുഴയോരം വൃത്തികേടായതോടെ നീർനായ്ക്കൾ നിത്യസന്ദർശകരായി. പാർക്കിൽ സ്ഥാപിച്ച ബോർഡ് കാടുകയറി. പുഴയോരം ഇടിഞ്ഞു. വേനലവധിയിൽ കുട്ടികളെ നീന്തൽ പരിശീലിപ്പിച്ചിരുന്നു. ഇത്തവണ അതും മുടങ്ങി. പുഴയോരത്തും പാർക്കിലും ആളനക്കമില്ലാതായി. നേരത്തെ പരിപാലനത്തിന് ഇറങ്ങിയ പലരെയും പ്രായം തളർത്തിയപ്പോൾ പുഴ അനാഥമായി. മനസുവച്ചു പരിപാലിച്ചാൽ ഗ്രീൻ വേൾഡ് ബയോ പാർക്ക് ടൂറിസം മേഖലയ്ക്ക് മുതൽകൂട്ടാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. വേങ്ങേരി – ബാലുശ്ശേരി സംസ്ഥാന പാതയിൽ 300 മീറ്റർ ഉള്ളിലേക്ക് മാറി സ്ഥിതി ചെയ്യുന്ന ഗ്രീൻവേൾഡിലേക്ക് മികച്ച ഗതാഗത സൗകര്യം ഉള്ളതിനാൽ പുതിയ ടൂറിസം പദ്ധതികൾക്ക് ഇവിടം എന്തുകൊണ്ടും ഉചിതമാണ്. കൂടുതൽ ഇരിപ്പിടങ്ങൾ ഒരുക്കിയും ശുചിയാക്കിയും സഞ്ചാരികളെ ആകർഷിക്കുംവിധം പാർക്ക് നവീകരിച്ചാൽ നിരവധി സന്ദർശകർ എത്തുന്ന ടൂറിസം കേന്ദ്രമായി ഗ്രീൻ വേൾഡ് ബയോപാർക്കിനെ മാറ്റാം.
'പരിപാലനം ലഭിക്കാതെ നശിക്കുന്ന ഗ്രീൻ വേൾഡ് പാർക്ക് കോർപ്പറേഷനും ടൂറിസം വകുപ്പും ചേർന്ന് മികച്ച ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റണം. പുഴയിൽ നീന്തൽ പരിശീലനത്തിന് സൗകര്യം ഒരുക്കിയാൽ
നിരവധി പേർക്ക് ഗുണകരമാകും'. ബാബു, ഡയറക്ടർ, നിറവ് വേങ്ങേരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |