ന്യൂഡൽഹി: ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക്, 1983ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അംഗങ്ങൾ പിന്തുണ പ്രഖ്യാപിച്ചെന്ന വാർത്തയിൽ വിശദീകരണവുമായി ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി. 1983ൽ കിരീടം നേടിയ ടീമിൽ താനും അംഗമാണെങ്കിലും, ഗുസ്തി താരങ്ങളെ പിന്തുണച്ച സംഘത്തിനൊപ്പമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയവും സ്പോർട്സും കൂട്ടിക്കലർത്തരുതെന്ന അഭ്യർത്ഥനയോടെയാണ്, ഗുസ്തി താരങ്ങളെ പിന്തുണച്ച ടീമിനൊപ്പം താനില്ലെന്ന് ബിന്നി വിശദീകരിച്ചത്.
'ചില മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടു. ഗുസ്തി താരങ്ങളെ പിന്തുണച്ചുകൊണ്ട് 1983ലെ ലോകകപ്പ് ടീം പുറത്തിറക്കിയെന്ന് പറയുന്ന പ്രസ്താവനയിൽ എനിക്ക് പങ്കില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നതായാണ് ഞാൻ മനസിലാക്കുന്നത്. ഒരു മുൻ ക്രിക്കറ്റ് താരമെന്ന നിലയിൽ സ്പോർട്‌സും രാഷ്ട്രീയവും കൂട്ടികലർത്തരുതെന്നാണ് എന്റെ നിലപാട്.'- ബിന്നി പറഞ്ഞു.
ഗുസ്തി താരങ്ങളെ പിന്തുണച്ചുകൊണ്ട് 1983ലെ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീം രംഗത്തെത്തിയത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഗുസ്തി താരങ്ങളെ തെരുവിലൂടെ വലിച്ചിഴച്ചത് ഏറെ വേദനിപ്പിക്കുന്നതാണ്. രാജ്യാന്തര വേദികളിൽ ഉൾപ്പെടെ ലഭിച്ച മെഡലുകൾ ഗംഗാ നദിയിൽ ഒഴുക്കാനെടുത്തത് പോലുള്ള കടുത്ത തീരുമാനങ്ങളിൽ നിന്ന് താരങ്ങൾ പിന്മാറണമെന്നും ഇവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രസ്താവനയിലാണ് ക്രിക്കറ്റ് താരങ്ങൾ ഇപ്രകാരം അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |