ഇന്റർലോക്കിംഗിലോ പോയിന്റ് മെഷീനിലോ തിരിമറി സംശയിക്കുന്നു
ന്യൂഡൽഹി : ഒഡിഷ ട്രെയിൻ ദുരന്തത്തിന് പിന്നിൽ അട്ടിമറിയാണെന്ന സംശയം ശക്തമായതോടെ സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്‌ത് റെയിൽവേ ബോർഡ്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രസർക്കാരിന്റെ അനുമതി കിട്ടിയാലുടൻ സി.ബി.ഐ സംഘം ബാലസോറിലെത്തും.
ട്രെയിനുകൾ നിശ്ചിത ട്രാക്കുകളിലൂടെ സുരക്ഷിതമായി കടന്നുപോകുന്നു എന്ന് ഉറപ്പാക്കുന്ന ഇലക്ട്രോണിക് ഇന്റർലോക്കിംഗ് സംവിധാനത്തിലോ ട്രെയിനിന്റെ ഗതി തിരിച്ചുവിടാൻ പാളങ്ങളെ ആവശ്യാനുസരണം ബന്ധിപ്പിക്കുന്ന പോയിന്റ് മെഷീനിലോ തിരിമറി നടന്നു എന്നാണ് സംശയം. ലോക്കോ പൈലറ്റിന്റെ പിഴവോ, സിഗ്നലിംഗ് സംവിധാനത്തിലെ സാങ്കേതിക തകരാറോ അല്ല അപകടകാരണമെന്ന് റെയിൽവേ വ്യക്തമാക്കിയിരുന്നു. കോറമണ്ഡൽ എക്‌സ്‌പ്രസിന് മെയിൻ ലൈനിലൂടെ പോകാൻ ആദ്യം നൽകിയ ഗ്രീൻ സിഗ്നൽ പിന്നീട് പിൻവലിച്ചതായും തുടർന്നാണ് 128 കിലോമീറ്റർ വേഗതയിൽ വന്ന ട്രെയിൻ പൊടുന്നനെ ലൂപ്പ് ലൈനിലേക്ക് തിരിഞ്ഞ് ഗുഡ്സിൽ ഇടിച്ചതെന്നും റെയിൽവേ സേഫ്റ്റി കമ്മിഷണറുടെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അപകടത്തിന്റെ മൂലകാരണം കണ്ടെത്തിയെന്നും കുറ്റവാളികളെ തിരിച്ചറിഞ്ഞെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ഇന്നലെ പറഞ്ഞിരുന്നു. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ അട്ടിമറിക്ക് സാദ്ധ്യതയുള്ളതിനാലാണ് റെയിൽവേ ബോർഡ് സി. ബി. അന്വേഷണം ശുപാർശ ചെയ്‌തതെന്ന് കരുതുന്നു.
പച്ച സിഗ്നൽ നൽകിയ ശേഷം പിൻവലിച്ചതെന്തിനാണെന്നോ, ട്രെയിൻ സിഗ്നൽ കടക്കുമ്പോൾ പച്ചയായിരുന്നോ ചുവപ്പായിരുന്നോ എന്നോ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നില്ല. അതിന് വിശദമായ അന്വേഷണം വേണ്ടിവരും. അതേസമയം, ട്രെയിൻ സിഗ്നൽ ലംഘിച്ചിട്ടില്ലെന്ന് പരിക്കേറ്റ ലോക്കോപൈലറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
മരണം 275
ദുരന്തത്തിൽ മരണം 275 ആണെന്ന് ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന അറിയിച്ചു. 288 പേർ മരിച്ചെന്ന റിപ്പോർട്ടുകളിൽ വ്യക്‌തത വരുത്തിയാണിത്. 88 മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിഞ്ഞത്. 78 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
1175 പേർക്കാണ് പരിക്കേറ്റതെന്നും നിസാര പരിക്കേറ്റ 793 പേർ ആശുപത്രി വിട്ടെന്നും അദ്ദേഹം അറിയിച്ചു. 382 പേർ ആശുപത്രികളിൽ തുടരുകയാണ്. അപകടത്തിൽപ്പെട്ട മുഴുവൻ ബോഗികളും ട്രാക്കുകളിൽ നിന്ന് നീക്കി. ട്രാക്കുകൾ പൂർവസ്ഥിതിയിലാക്കാനുള്ള ജോലികൾ പുരോഗമിക്കുന്നു. അതേസമയം, കോൺഗ്രസ് അടക്കം പ്രതിപക്ഷം റെയിൽവേ മന്ത്രിയുടെ രാജിയാവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. ബാലസോറിൽ ക്യാംപ് ചെയ്യുന്ന റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിലൂടെ സ്ഥിതി അവലോകനം ചെയ്‌തു.
ഇലക്ട്രോണിക് ഇന്റർലോക്കിംഗ്
റെയിൽവേ ജംഗ്ഷനുകളിലും സ്റ്റേഷനുകളിലും സിഗ്നലിംഗ് പോയിന്റുകളിലും ട്രെയിൻ സുരക്ഷിതമായി കടന്നുപോകുന്നത് ഉറപ്പാക്കാൻ ആധുനിക സോഫ്റ്റ്വെയറും കമ്പ്യൂട്ടറുകളും കമ്മ്യൂണിക്കേഷൻ ശൃംഖലയും ഉൾപ്പെട്ട സംവിധാനം. സിഗ്നലുകളും മറ്റൊരു പാളത്തിലേക്ക് ഗതി തിരിക്കുന്ന പോയിന്റ് സ്വിച്ചുകളും, ട്രാക്കിലെ ഇലക്ട്രിക് സർക്കീറ്റും ഏകോപിപ്പിച്ചാണ് ഇത് സാദ്ധ്യമാക്കുന്നത്. ഇലക്ട്രിക് സർക്കീറ്റിലൂടെ ഒരു ട്രാക്ക് ഒഴിഞ്ഞുകിടക്കുകയാണോ, അവിടെ മറ്റൊരു ട്രെയിൻ നിർത്തിയിടുണ്ടോ എന്ന് കണ്ടെത്തും. ട്രാക്ക് ഒഴിവില്ലെങ്കിൽ ഇന്റർലോക്കിംഗ് സംവിധാനം സിഗ്നലുകൾ പ്രവർത്തിപ്പിച്ച് ട്രെയിനിന്റെ നീക്കം നിയന്ത്രിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |