ലണ്ടൻ: ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നാളെ ആരംഭിക്കാനിരിക്കെ ടീം ഇന്ത്യയ്‌ക്ക് ആശങ്കയായി ക്യാപ്‌റ്റൻ രോഹിത്ത് ശർമ്മയുടെ പരിക്ക്. ഇന്ന് നെറ്റ്സിൽ പരിശീലനത്തിന് രോഹിത്ത് എത്തിയിരുന്നു ഇതിനിടെ ഇടത് കൈവിരലിന് പരിക്കേറ്റു. പിന്നീടും രോഹിത്ത് പരിശീലനത്തിനെങ്കിലും തുടരാതെ മടങ്ങി.
മുൻപ് വലത് കൈയ്‌ക്ക് പരിക്കേറ്റ രോഹിത്ത് ബാൻഡേജ് ധരിച്ച് പരിശീലനം നടത്തിയിരുന്നു. ഇതിനിടെയാണ് പുതിയ പരിക്ക്. എന്നാൽ പരിക്കുണ്ടെങ്കിലും രോഹിത്ത് നാളെ കളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. രോഹിത്തിനൊപ്പം തകർപ്പൻ ഫോമിലുള്ള ശുഭ്‌മാൻ ഗില്ലാണ് ഓപ്പണിംഗ് ചെയ്യുക.
നാളത്തെ പ്ളേയിംഗ് ഇലവനെ തീരുമാനിച്ചിട്ടില്ലെന്നാണ് നേരത്തെ വാർത്താ സമ്മേളനത്തിൽ രോഹിത്ത് ശർമ്മ പറഞ്ഞത്. 'ഓവലിലെ പിച്ചും സാഹചര്യവും മാറുകയാണ്. എല്ലാ താരങ്ങളും നാളത്തെ മത്സരത്തിന് തയ്യാറാകണം. ആരെല്ലാം കളിക്കുമെന്ന് ബുധനാഴ്‌ചയാണ് തീരുമാനിക്കുക' രോഹിത്ത് പറഞ്ഞു. 'ഓരോ ക്യാപ്‌റ്റനും ചാമ്പ്യൻഷിപ്പ് നേടാൻ ആഗ്രഹിക്കുന്നു. ഞാനും അതിൽ നിന്നും വ്യത്യസ്‌തനല്ല. ഈ മേഖലയിൽ മുന്നോട്ടുപോകാൻ ഞാൻ തീരുമാനിച്ചതുപോലെ ഒന്നോ രണ്ടോ ചാമ്പ്യൻഷിപ്പുകൾ നായകനായി നേടാനായാൽ അതും നല്ലതാണ്. ' രോഹിത്ത് അഭിപ്രായപ്പെട്ടു. ബുധനാഴ്‌ച ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണി മുതൽ രാത്രി 11 മണി വരെയാണ് മത്സരസമയം.ജൂൺ ഏഴ് മുതൽ 11 വരെ നടക്കുന്ന മത്സരത്തിന് മഴ മൂലം ഏതെങ്കിലും ദിവസം നഷ്‌ടമായാൽ 12 റിസർവ് ദിനമായി ഉപയോഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |