ഇടുക്കി: വീണ്ടും മൂന്നാറിൽ പടയപ്പയുടെ ആക്രമണം. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി ഉണ്ണിമേരിയുടെ റേഷൻകടയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കടയുടെ വാതിൽ തകർത്തതല്ലാതെ മറ്റ് നാശനഷ്ടങ്ങളൊന്നും വരുത്തിയിട്ടില്ല.
ഇന്നലെ രാത്രിയാണ് പടയപ്പ റേഷൻ കടയിലെത്തി വാതിൽ ചവിട്ടിപ്പൊളിച്ചത്. മുമ്പ് 19 തവണ ഈ റേഷൻകട പൊളിക്കാൻ പടയപ്പ ശ്രമിച്ചിട്ടുണ്ടെന്ന് ഉണ്ണിമേരി പറഞ്ഞു. മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ചൊക്കനാട് ഉൾപ്പെടെയുള്ള ജനവാസ മേഖലയിലാണ് പടയപ്പ കഴിഞ്ഞ കുറച്ച് നാളുകളായി ഉണ്ടായിരുന്നതെന്നാണ് കരുതുന്നത്. കല്ലാറിലെ മാലിന്യ പ്ലാന്റിലും നേരത്തേ പടയപ്പ എത്തിയിരുന്നു. തുടർന്ന് രണ്ടാഴ്ചയിലധികം കാലം ആനയെ കാണാനില്ലായിരുന്നു. പിന്നീട് ഇപ്പോഴാണ് വീണ്ടും ആനയെ ജനവാസ മേഖലയിൽ കണ്ടെത്തിയത്.
അതേസമയം, അട്ടപ്പാടി ചിറ്റൂർ മിനർവയിൽ മാങ്ങാകൊമ്പൻ എന്ന ആന ഇറങ്ങിയിരിക്കുകയാണ്. സുരേഷ് എന്നയാളുടെ വീടിന് സമീപമാണ് മാങ്ങാക്കൊമ്പൻ ഇറങ്ങിയത്. വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. അട്ടപ്പാടി മിനർവാ മേഖലയിൽ സ്ഥിരമായി ഇറങ്ങുന്ന ആനയാണ് മാങ്ങാക്കൊമ്പൻ. സ്ഥിരമായി മാങ്ങ പറിച്ചിടുന്നതിനാലാണ് ആനയ്ക്ക് മാങ്ങാകൊമ്പനെന്ന പേര് വന്നത്.
പുലർച്ചെ എത്തിയ മാങ്ങാക്കൊമ്പനെ തുരത്താൻ നാട്ടുകാർ ഒച്ചവയ്ക്കുകയും പടക്കം പൊട്ടിക്കുകയുമെല്ലാം ചെയ്തുവെങ്കിലും ആന പ്രദേശത്ത് നിന്ന് പോയിട്ടില്ല. സാധാരണയായി പുലർച്ചെ ജനവാസ മേഖലയിലിറങ്ങുന്ന മാങ്ങാക്കൊമ്പൻ രാവിലെയോടെ പുഴ വഴി കാട്ടിലേയ്ക്ക് തന്നെ മടങ്ങാറുണ്ട്. എന്നാൽ ഇത്തവണ മാങ്ങാക്കൊമ്പൻ പോകാൻ കൂട്ടാക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |