SignIn
Kerala Kaumudi Online
Friday, 26 April 2024 3.41 PM IST

ഏറ്റവും അപകടകാരി, വാക്‌സിനുമില്ല; മലന്തേനീച്ചകളുടെ 104 കുത്തുകൾ കിട്ടി ആശുപത്രിയിൽ ദിവസങ്ങളോളം കഴിഞ്ഞിട്ടും 17കാരൻ ജീവിതം തിരിച്ചുപിടിച്ചു

afsal

കാസർകോട്: പനത്തടി ബളാന്തോട് നാല് സെന്റ് കോളനി സ്വദേശി മുഹമ്മദ് അഫ്സൽ (17) മരണക്കിടക്കയിൽ നിന്ന് ജീവിതത്തിലേയ്ക്ക്. ഏറ്റവും അപകടകാരികളായ മലന്തേനീച്ചകളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തിൽ പരിക്കേറ്റ അഫ്സൽ ഒരാഴ്ചയോളം മംഗളൂരുവിലെ കെ.എം.സി ആശുപത്രിയിലായിരുന്നു.

ഡോക്ടർമാർ പരിശോധിച്ചപ്പോൾ 104 കുത്തുകൾ ഉണ്ടായിരുന്നു അഫ്സലിന്റെ ശരീരത്തിൽ. നാട്ടിലെ ഡോക്ടർമാരെല്ലാം കൈവിട്ടു. കുത്തേറ്റാൽ എടുക്കേണ്ട വാക്സിനും എവിടെയും ഇല്ലായിരുന്നു. ആശുപത്രിയിൽ ബോധരഹിതനായി രക്തം ഛർദിച്ചും ശ്വാസ തടസം നേരിട്ടും ഓരോ ദിവസവും ഗുരുതര നിലയിലായി ഐ.സി.യുവിൽ കഴിയുമ്പോൾ കിണഞ്ഞു പരിശ്രമിച്ചിട്ടും ജീവൻ തിരിച്ചു കിട്ടാൻ സാദ്ധ്യത ഇല്ലെന്ന് കണ്ട് ബന്ധുക്കളെയെല്ലാം വിവരം അറിയിച്ചോ എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ഗൾഫിൽ ആയിരുന്ന പിതാവ് അബ്ദുൽ ഗഫൂറും നാട്ടിലെത്തി. എന്നാൽ പെട്ടെന്നൊരു മാറ്റം സംഭവിക്കുകയായിരുന്നു.

പ്ലസ് ടു പരീക്ഷ കഴിഞ്ഞതിന്റെ സന്തോഷത്തിൽ മേയ് 11ന് സുഹൃത്തിന്റെ കൂടെ ബൈക്കിൽ വരികയായിരുന്ന അഫ്സലിന് പാണത്തൂർ റോഡിലെ ചിറങ്കടവ് വെച്ചാണ് മലന്തേനീച്ചയുടെ കുത്തേറ്റത്. സുഹൃത്ത് മാങ്ങ പറിക്കാൻ കല്ലെറിഞ്ഞതാണ്. ഏറുകൊണ്ടത് മലന്തേനീച്ചയുടെ കൂട്ടിലും. കൂട്ടത്തോടെ ഇളകിയ ഇവയുടെ കുത്തേറ്റ് അടുത്തുള്ള ക്വാറിയിലേക്ക് ഓടി ചെളിയിൽ വീണുരുണ്ടു. പാണത്തൂർ ആശുപത്രിയിൽ എത്തിക്കുമ്പോൾ ഒരു മണിക്കൂർ വൈകി. ശ്വാസം തീരെ കിട്ടാതായതോടെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലേക്കും അവിടെ നിന്ന് മംഗളുരുവിലേക്കും മാറ്റുകയായിരുന്നു.

മലന്തേനീച്ച അപകടകാരി, വാക്സിൻ എങ്ങുമില്ല

അഞ്ച് ഇനങ്ങളിൽ ഏറ്റവും അപകടകാരികളാണ് മലന്തേനീച്ചകൾ. തേൻ എടുക്കാൻ പോലും ഇവയെ വളർത്താറില്ല. ശരീരത്തിൽ കുത്തുമ്പോൾ ഇവയുടെ വിഷസഞ്ചിയും വയറിന്റെ ഒരു ഭാഗവും കൊമ്പിന്റെ കൂടെ കയറും. മുള്ളുകൾ വലിച്ചൂരി എടുക്കാൻ കഴിയില്ല. നന്നായി വേദനിക്കും. വിഷത്തോട് അലർജിയുള്ളവർക്ക് 'അനാഫിലാക്‌സിസ്' ഉണ്ടാകും. തലകറക്കം, ബോധക്ഷയം, ശ്വാസതടസം, ചുമ, രക്തസമ്മർദ്ദം എന്നിവയാണ് ലക്ഷണങ്ങൾ. നിമിഷങ്ങൾക്കുള്ളിൽ മരണവും സംഭവിക്കും. കടന്നൽ കുത്തേറ്റാലെടുക്കുന്ന വാക്സിൻ മലയോരത്ത് എവിടെയും ഇല്ലെന്നതാണ് അതിലേറെ കഷ്ടം. ചികിത്സ ലഭ്യമാക്കാനും സംവിധാനമില്ല.

പട്ടയം കിട്ടാത്ത ഷെഡിൽ 17 വർഷം

സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തതിന്റെ സങ്കടത്തിൽ കഴിയുന്ന അഫ്സലിന് കടന്നൽ കുത്തേറ്റ് ജീവൻ തിരിച്ചു കിട്ടിയിട്ടും സന്തോഷമില്ല. കോളനിയിലെ കുടിലിനുള്ളിലാണ് അഫ്സലും രണ്ടു സഹോദരിമാരും ഉമ്മ ഹസീനയും താമസിക്കുന്നത്. കുന്നിന്റെ ചെരുവിൽ മൺകട്ട കൊണ്ട് കെട്ടി ഷീറ്റ് മറച്ച കുടിലിൽ കഴിയുന്ന ഇവർ 17 വർഷമായി നാല് സെന്റ് ഭൂമിക്ക് പട്ടയത്തിനായി അപേക്ഷ നൽകി കാത്തിരിക്കുന്നു. അധികൃതർ ഇതുവരെ കനിഞ്ഞിട്ടില്ല. കാറ്റും മഴയും തുടങ്ങിയതോടെ എങ്ങനെ ഇതിനകത്ത് കഴിയുമെന്നോർത്ത് വീണ്ടും ആധിയായി. കുത്തേറ്റ ശരീരത്തിൽ പൊടി പറ്റാതിരിക്കാൻ അടുത്ത ബന്ധുവിന്റെ വീട്ടിലാണ് അഫ്സൽ കഴിയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AFSAL, 17 YEAR OLD, WILD HONEY BEE ATTACKED, BACK TO LIFE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.