ആലപ്പുഴ : വഴിയാത്രക്കാരിയുടെ സ്വർണമാല കാറിലെത്തി കവർന്ന കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ.
വീയപുരത്ത് വാടകയ്ക്ക് താമസിക്കുന്ന അടൂർ പള്ളിക്കൽ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ അഭിലാഷ് ഭവനത്തിൽ അഭിലാഷ് (28) സഹോദരനായ അഭിജിത്ത്(22) എന്നിവരാണ് അറസ്റ്റിലായത്. കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡിൽ എസ്.എൻ പുരം ചാരമംഗലം മുറിയിൽ കാർത്തുവെളി വീട്ടിൽ സുരേഷ് ബാബുവിന്റെ ഭാര്യ പ്രഭാവതിയുടെ (65) മാലയാണ് കവർന്നത്.
കഴിഞ്ഞ ദിവസം രാവിലെ തിരുവിഴ ഫ്രഷ് എൻ ഫൈൻ സൂപ്പർമാർക്കറ്റിന് സമീപത്തെ റോഡിലൂടെ നടന്നുപോകവേ കാറിലെത്തിയ ഇവർ പ്രഭാവതിയോട് മതിലകത്തേക്കുള്ള വഴി ചോദിച്ചു. മറുപടി പറയുന്നതിനിടെ മാലപൊട്ടിക്കുകയും തടയാൻ ശ്രമിച്ച പ്രഭാവതിയെ ഉപദ്രവിക്കുകയും ചെയ്തു.
സമീപത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളിൽ നിന്ന് സംഘത്തിന്റെ വാഹനം പത്തനംതിട്ട സ്വദേശിയുടെതാണെന്ന് തിരിച്ചറിഞ്ഞെങ്കിലും അന്വേഷിച്ച് ഇവിടെ എത്തിയ
പൊലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് സൈബർ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇവർ വീയപുരത്തുള്ളതായി സ്ഥിരീകരിച്ചതും പിടിയിലായതും. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. മാരാരിക്കുളം സി.ഐ എ.വി.ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ഇ.എം.സജീർ , സി.പി.ഒ മാരയ സുജിത്ത്, ആർ.ഡി.സുരേഷ് , സുധീഷ് ചിപ്പി, ഹരീഷ്, ബൈജു, ശ്യാംലാൽ എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |