ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷ് തിയേറ്ററുകളിലെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സിനിമയുടെ സംവിധായകൻ ഓം റൗട്ടിനും നായിക കൃതി സനോണിനും സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷവിമർശനം. തിരുപ്പതിയിലെ വെങ്കടേശ്വര ക്ഷേത്രത്തിൽ ഇരുവരും ഇന്നലെ ദർശനത്തിനെത്തിയിരുന്നു. തിരികെ പോകാൻ തുടങ്ങവേ ഓം റൗട്ട് കൃതിയെ ആലിംഗനം ചെയ്ത് കവിളിൽ ചുംബിച്ചതാണ് വിമർശനങ്ങൾക്ക് കാരണം.
ഓം റൗട്ടിന്റെ പ്രവർത്തി അപലപനീയമാണെന്ന് തെലങ്കാനയിലെ ചിൽക്കുർ ബാലാജി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ കുറ്റപ്പെടുത്തി. 'നിങ്ങൾക്ക് ഒരു ഹോട്ടൽ റൂമിൽ പോയി ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാം. രാമായണത്തെയും സീതാദേവിയെയും അപമാനിക്കുകയാണ് നിങ്ങൾ ചെയ്തത്'- പുരോഹിതൻ വിമർശിച്ചു.
തിരികെ പോകാനിറങ്ങവേ യാത്ര പറയുന്നതുപോലെയാണ് ഓം റൗട്ടും കൃതിയും ആലിംഗനം ചെയ്യുന്നതും കവിളിൽ ചുംബിക്കുന്നതും. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ബി ജെ പി സംസ്ഥാന സെക്രട്ടറി രമേശ് നായിഡുവും വിമർശനവുമായി രംഗത്തെത്തി.
'നിങ്ങളുടെ ഇത്തരം പ്രവർത്തികൾ പവിത്രമായ സ്ഥലത്ത് ചെയ്യേണ്ടതിന്റെ ആവശ്യമുണ്ടോ? സ്വാമി വെങ്കടേശ്വര ക്ഷേത്രത്തിന് മുൻപാകെ കെട്ടിപിടിക്കുകയും ചുംബിക്കുകയുമൊക്കെ ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാനാകാത്തതും അനാദരവും ആണ്'- രമേശ് നായിഡു ട്വിറ്ററിൽ കുറിച്ചു. എന്നാൽ അൽപ്പസമയത്തിനുശേഷം ഇത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
അതേസമയം, നിരവധിപേർ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനങ്ങളെ എതിർക്കുകയും ചെയ്തു. 'ഇതിലെന്താണ് തെറ്റ്? ഒരു സുഹൃത്ത് യാത്ര ചോദിക്കവേ കവിളിൽ ചുംബിക്കുന്നതിൽ എന്താണ് തെറ്റ്?' ഒരാൾ ചോദിച്ചു. ഇതിൽ തെറ്റായൊന്നുമില്ല, ചുംബിക്കുന്നത് തെറ്റായ വികാരമാണെന്ന് എങ്ങനെ പറയാൻ കഴിയുമെന്ന് മറ്റൊരാൾ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |