പാട്ടുപാടാൻ കഴിവുണ്ടെങ്കിലും പ്രശസ്തരാകാൻ സാഹചര്യം അനുവദിക്കണമെന്നില്ല. ചിലർ നാട്ടുകാർക്കിടയിൽ പ്രശസ്തരായിരിക്കും. മറ്റുചിലരാകട്ടെ ആരാലും അറിയപ്പെടാതെ പോകും. എന്നാൽ സോഷ്യൽ മീഡിയയുടെ കടന്നുവരവോടെ ആളുകളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദി ലഭിച്ചു. അത്തരത്തിൽ സോഷ്യൽ മീഡിയ കണ്ടുപിടിച്ച ഗായകനാണ് ധനുവച്ചപുരം സ്വദേശി സതീശൻ.
രണ്ട് വർഷം മുമ്പുള്ള ഒരു ക്രിസ്തുമസ് കാലത്ത് ക്ലബിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി സതീശേട്ടൻ എന്ന് സ്‌നേഹമുള്ളവർ വിളിക്കുന്ന സതീശൻ പാട്ടുപാടിയിരുന്നു. മോഹൻലാലിന്റെ ബാലേട്ടൻ എന്ന സിനിമയിലെ 'ഇന്നലേ എന്റെ നെഞ്ചിലെ' എന്ന പാട്ടായിരുന്നു സതീശൻ പാടിയത്. ആളുകൾ ഏറ്റെടുത്തതോടെ ആള് വൈറലായി. അതിനുശേഷവും സതീശന്റെ പാട്ടുകളെല്ലാം ഹിറ്റായി. ഓട്ടോ ഡ്രൈവറായിരുന്ന സതീശൻ ഇന്ന് കാരക്കോണം ആശുപത്രിയിലെ ക്യാന്റീനിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ്. തന്റെ വിശേഷങ്ങൾ അദ്ദേഹം കേരള കൗമുദി ഓൺലൈനിനോട് പങ്കുവയ്ക്കുന്നു.
പാട്ട് പഠിച്ചിട്ടില്ല
എഴുതാനും വായിക്കാനും അറിയില്ല, പിന്നെയല്ലേ പാട്ടു പഠിക്കാൻ. അച്ഛനും അമ്മയുമില്ലാതെയാണ് വളർന്നത്. സ്‌കൂളിലൊന്നും പഠിച്ചിട്ടില്ല. ചേട്ടനും മാമനും പാട്ടു പാടി ഉറക്കാറുണ്ടായിരുന്നു. അങ്ങനെ കേട്ട് പഠിച്ചതാണ്. അന്നൊക്കെ എവിടെ ഗാനമേള നടന്നാലും മുമ്പിൽ സൗണ്ട് ബോക്സിന്റെ അടുത്ത് പോയിരിക്കും. ചെവി പൊട്ടിപ്പോകുന്ന ശബ്ദമാണെങ്കിലും അവിടെയിരിക്കും. എല്ലാവരും മാറിയിരിക്കാൻ പറയുമെങ്കിലും ഞാൻ ഇരിക്കില്ല. അങ്ങനെ പാട്ടുകൾ കേട്ടാണ് പഠിച്ചത്.
ആ വൈറൽ പാട്ടിന് പിന്നിൽ
ഓട്ടോ ഓടിക്കുന്ന സമയമാണ്. വെള്ളറടയിലേക്ക് രാത്രി ഓട്ടം കിട്ടി. കരോക്ക ഗാനമേള കണ്ടു. കുറേ പാട്ടുകാർ ഉണ്ടായിരുന്നു. അവിടെ കുറച്ചുനേരം നോക്കിനിന്നു. എനിക്ക് പാടാനൊരു ആഗ്രഹം തോന്നി. മൈക്കിൽ ഞാനങ്ങനെ പാടിയിട്ടില്ല. അവിടെയുള്ള ഒരു പയ്യനോട് എനിക്ക് പാടാൻ പറ്റുമോയെന്ന് ചോദിച്ചു. പാടാനായി കുറച്ചുപേരുണ്ടെന്നും വെയിറ്റ് ചെയ്യെന്നും അവർ പറഞ്ഞു. അങ്ങനെ ഞാൻ കുറേ നേരം കാത്തിരുന്നു. ഒടുവിൽ രാത്രി ഒമ്പതേ മുക്കാലായി. വീട്ടിൽ പോയാൽ മതിയെന്നായി എനിക്ക്.
പോകുന്നതിന് മുമ്പ് ഒന്നുകൂടി ചെന്ന് ചോദിച്ചു. അപ്പോഴാണ് അവർ എന്റെ കാര്യം ഓർത്തത്. ഏത് പാട്ടാണ് പാടുന്നതെന്ന് ചോദിച്ചു. 'മറന്നുവോ പൂ മകളെ' എന്ന പാട്ടാണെന്ന് ഞാൻ പറഞ്ഞു. ഭാഗ്യത്തിന് അതിന് കരോക്കയുണ്ടായിരുന്നു. അങ്ങനെ പാടി.
പാടിക്കഴിഞ്ഞതും ആളുകൾ സ്റ്റേജിലെത്തി. ഒരു പാട്ടുകൂടി പാടിയിട്ട് പോയാൽ മതിയെന്ന് പറഞ്ഞു. അങ്ങനെയാണ് ബാലേട്ടനിലെ ഇന്നലേ എന്റെ നെഞ്ചിലെ എന്ന പാട്ട് പാടുന്നത്. അത് ആരോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു, വൈറലാകുകയായിരുന്നു.
താത്പര്യം വിരഹ ഗാനങ്ങളോട്
എന്നോട് പലരും ഇക്കാര്യം ചോദിച്ചിട്ടുണ്ട്. ജീവിതത്തിൽ ഇന്നുവരെ ഒരു സന്തോഷവും എനിക്ക് കിട്ടിയിട്ടില്ല. ഒരുപാട് അനുഭവിച്ചു. സന്തോഷം കിട്ടിയെങ്കിലല്ലേ അടിപൊളി പാട്ടുകൾ പാടാനാകൂ. ഭാര്യ നാലര വർഷം മുമ്പ് മരിച്ചു. ഒരു മകനുണ്ട്. അഞ്ച് മാസം മുമ്പ് അവന്റെ വിവാഹം കഴിഞ്ഞു. അവന് അമ്മ പോയെങ്കിലും അച്ഛനായ ഞാനുണ്ട്. പക്ഷേ എനിക്ക് ആരുമില്ലാത്ത അവസ്ഥയാണ്. ഞാൻ ഇപ്പോൾ കാരക്കോണത്ത് ജോലിസ്ഥലത്തിനടുത്ത് മുറിയെടുത്ത് താമസിക്കുകയാണ്. വല്ലപ്പോഴുമാണ് വീട്ടിൽ പോകുന്നത്.
ബാലേട്ടനും, മാടമ്പിയും എന്റെ ജീവിതത്തോട് സാമ്യമുള്ള സിനിമകളാണ്. ഈ രണ്ട് പടങ്ങളിലും മോഹൻലാലാണ് അഭിനയിച്ചത്. ആ രണ്ട് പടത്തിലുള്ള പല കാര്യങ്ങളും ഞാൻ അനുഭവിച്ചതാണ്. എനിക്ക് അച്ഛനെയും അമ്മയേയുമൊക്കെ ഭയങ്കര ഇഷ്ടമാണ്. പക്ഷേ അവരെ ഞാൻ കണ്ടിട്ടില്ല. യേശുദാസ് സാറിന്റെ പാട്ടുകളും മെലഡി ഗാനങ്ങളുമാണ് എനിക്ക് ഇഷ്ടം. പട്ടിണിയുടെ അവസ്ഥയിലും ഇത്തരം പാട്ടുകൾ പാടി പാടി ഉറങ്ങും. പ്രോത്സാഹിപ്പിക്കാൻ ആരുമുണ്ടായിരുന്നില്ല.
ഞാൻ ഇപ്പോഴും വണ്ടിയോടിക്കുമ്പോഴും ഉറങ്ങാൻ കിടക്കുമ്പോഴുമൊക്കെ പാടും. ഓട്ടോ ഓടിക്കുന്ന സമയത്തും ഇങ്ങനെ പാടുമായിരുന്നു. എനിക്ക് മിണ്ടാതിരിക്കാനാകില്ലെന്ന് യാത്രക്കാരോട് പറയുമായിരുന്നു. ഓട്ടോ സിസിക്കാർ കൊണ്ടുപോയി. അതിനുശേഷമാണ് ആശുപത്രിയിലെ കാന്റീനിൽ ഡ്രൈവറായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |