ആലപ്പുഴ: മാവേലിക്കര പുന്നമൂട്ടിൽ ആറ് വയസുകാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തിയ പുന്നമൂട് ആനക്കൂട്ടിൽ ശ്രീമഹേഷുമായി (38) വീട്ടിൽ തെളിവെടുപ്പ് നടത്തി പൊലീസ്.'എന്തിനാടാ ഈ മഹാപാപം ചെയ്തത്, ദ്രോഹി' എന്നുപറഞ്ഞുകൊണ്ടും നാട്ടുകാരും ബന്ധുക്കളുമൊക്കെ ഇയാളോട് കയർത്തു. പ്രതി ഒരക്ഷരം മിണ്ടാതെ പൊലീസുകാർക്കൊപ്പം നടന്ന് വാഹനത്തിൽ കയറി.
ഇന്നലെ രാത്രിയാണ് മഹേഷ് മകൾ നക്ഷത്രയെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. കുട്ടിയുടെ കഴുത്തിനാണ് വെട്ടേറ്റത്. തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന മാതാവ് സുനന്ദ, ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വെട്ടേറ്റ് സിറ്റൗട്ടിലെ സോഫയിൽ കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ഇതുകണ്ട് നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ ശ്രീമഹേഷ് പിന്തുടർന്ന് ആക്രമിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
മൂന്ന് വർഷം മുമ്പ് മഹേഷിന്റെ ഭാര്യ വിദ്യ ജീവനൊടുക്കിയിരുന്നു. കുടുംബ വഴക്കിനെ തുടർന്നായിരുന്നു ആത്മഹത്യയെന്നാണ് സൂചന. അതിനുശേഷം ശ്രീമഹേഷും കുട്ടിയും മാത്രമായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. വൈകുന്നേരങ്ങളിൽ കുട്ടിയുമായി പുറത്തുപോകുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അമ്മയുടെ വീട്ടിൽ പോകണമെന്ന് പറഞ്ഞ് നക്ഷത്ര വാശിപിടിച്ചതാകാം പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാൾക്ക് വലിയ സൗഹൃദങ്ങളൊന്നുമില്ല.
പിതാവിന്റെ മരണത്തെ തുടർന്നായിരുന്നു പ്രവാസിയായ മഹേഷ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. പിതാവ് മുൻ സൈനികനായിരുന്നു. മാതാവ് റിട്ട. നഴ്സിംഗ് സൂപ്രണ്ടും. അമ്മയുടെ എടിഎം കാർഡ് ഇയാളായിരുന്നു ഉപയോഗിച്ചിരുന്നത്. മഹേഷിന്റെ പുനർവിവാഹം ഒരു വനിതാ കോൺസ്റ്റബിളുമായി ഉറപ്പിച്ചിരുന്നതാണ്. എന്നാൽ, പതിവായി വീട്ടിലെത്തി ശല്യം ചെയ്‌തതോടെ ഇവർ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |