SignIn
Kerala Kaumudi Online
Monday, 23 September 2024 10.08 AM IST

ഖാലിസ്ഥാൻ വാദികൾ അഴിഞ്ഞാടുമ്പോൾ

Increase Font Size Decrease Font Size Print Page

ff

ഇന്ദിരാഗാന്ധിയുടെ വധം ചിത്രീകരിക്കുന്ന നിശ്ചലദൃശ്യവുമായി കാനഡയിലെ ഖാലിസ്ഥാൻ അനുകൂലികൾ പ്രകടനം നടത്തിയ സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ്. ഖാലിസ്ഥാൻ തീവ്രവാദികൾക്ക് അഴിഞ്ഞാടാൻ അവസരം നല്‌കുന്നത് ഇന്ത്യ - കാനഡ ബന്ധത്തിന് ഗുണം ചെയ്യില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ മുന്നറിയിപ്പ് നല്‌കുകയും ചെയ്തു. വോട്ടുബാങ്ക് മുന്നിൽ കണ്ടാണ് കാനഡ ഇത് അനുവദിക്കുന്നതെന്ന യാഥാർത്ഥ്യവും ഇന്ത്യ തുറന്നുപറഞ്ഞിട്ടുണ്ട്. നേരത്തെയും ഖാലിസ്ഥാൻ തീവ്രവാദികളെ അനുകൂലിക്കുന്ന സിക്ക് സംഘങ്ങൾ ടൊറന്റോയിലും മറ്റും ഇന്ത്യാവിരുദ്ധ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. അപ്പോഴും ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യ കാനഡയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നു എന്ന മുടന്തൻ ന്യായമാണ് അപ്പോഴൊക്കെ കാനഡയുടെ വക്താക്കൾ പറഞ്ഞിട്ടുള്ളത്.

രക്തംപുരണ്ട വെള്ളസാരി ധരിച്ച് ഇരുകൈകളും ഉയർത്തിനില്‌ക്കുന്ന ഇന്ദിരാഗാന്ധിക്ക് നേരെ തോക്കുകൾ ചൂണ്ടുന്ന സിക്ക് അംഗരക്ഷകരെ ചിത്രീകരിച്ച നിശ്ചലദൃശ്യവുമായാണ് കാനഡയിലെ ബ്രാംപ്റ്റൺ നഗരത്തിൽ ഖാലിസ്ഥാൻവാദികൾ പ്രകടനം നടത്തിയത്. ഇതിന്റെ വീഡിയോ സമീപദിവസങ്ങളിൽ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 1984-ൽ പഞ്ചാബിലെ സുവർണക്ഷേത്രം ഖാലിസ്ഥാൻ ഭീകരരിൽനിന്ന് മോചിപ്പിക്കാൻ സൈന്യം നടത്തിയ ഓപ്പറേഷൻ ബ്ളൂസ്റ്റാറിന്റെ വാർഷികത്തോടനുബന്ധിച്ചാണ് കാനഡയിൽ ആഘോഷം നടന്നത്. അഞ്ച് കിലോമീറ്റർ നീണ്ട പരേഡാണ് നടത്തിയത്. ഇതിൽ ഇന്ദിരാവധം ടാബ്ളോ ആയി അവതരിപ്പിക്കുകയായിരുന്നു. ഇന്ദിരാവധം ആഘോഷിച്ചതിനെ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണർ അപലപിച്ചിട്ടുണ്ടെങ്കിലും കാനഡയിലെ പ്രധാന ഭരണാധികാരികളിലാരും ഇതുവരെ ഇതിനെതിരെ പ്രതികരിച്ചിട്ടില്ല. ഇക്കാര്യം കനേഡിയൻ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്ന് കോൺഗ്രസ് നേതാക്കൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് വിദേശകാര്യമന്ത്രി സംഭവത്തെ അപലപിച്ചത്.

നൂറ്റാണ്ടുകൾക്ക് മുൻപ് റെയിൽവേപ്പാത നിർമ്മിക്കുന്നതിനും മറ്റുമായാണ് ഇന്ത്യയിൽനിന്ന് കാനഡയിലേക്ക് സിക്ക് വംശജരെ കൊണ്ടുപോയത്. ഇവരുടെ പിൻതലമുറകൾ പിന്നീട് ഹോട്ടൽ ബിസിനസിലും മറ്റും നേട്ടങ്ങൾകൊയ്ത് അവിടെ പ്രബല സമൂഹമായി മാറി. പഞ്ചാബ് വിഘടനപ്രക്ഷോഭം കത്തിനിന്നിരുന്ന എൺപതുകളുടെ തുടക്കത്തിൽ ഖാലിസ്ഥാൻ വാദികൾക്ക് പ്രധാനമായും പണം എത്തിയിരുന്നത് കാനഡയിൽ നിന്നായിരുന്നു. കാനഡയിലെ ഇന്ത്യക്കാരിൽ ഏറ്റവും കൂടുതലുള്ളത് സിക്ക് വംശജരാണ്. മുപ്പത്തിയഞ്ച് ശതമാനത്തോളം വരും ഇവർ. ഇവരെല്ലാം ഇന്ത്യാവിരുദ്ധ മനോഭാവം പുലർത്തുന്നവരല്ല. എന്നാൽ ഇവരിൽ ന്യൂനപക്ഷം കടുത്ത ഇന്ത്യാവിരുദ്ധ സ്വഭാവം പുലർത്തുന്നവരും പഞ്ചാബ് പ്രത്യേക രാജ്യമാക്കണമെന്ന ഖാലിസ്ഥാൻ വാദികളുടെ ആവശ്യത്തെ ഇപ്പോഴും പിന്തുണയ്ക്കുന്നവരുമാണ്. ഇന്ത്യയിൽ നിരോധിക്കപ്പെട്ട സിക്ക്‌സ് ഫോർ ജസ്റ്റിസ് എന്ന സംഘടന കഴിഞ്ഞ സെപ്തംബറിൽ നടത്തിയ ഹിതപരിശോധനയിൽ ഒരുലക്ഷം സിക്കുകാർ പങ്കെടുത്തെന്നാണ് റിപ്പോർട്ടുകൾ. ഇത്തരം സംഭവങ്ങളെ അപലപിക്കാൻ പോലും തയ്യാറാകാതെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കാനഡ പുലർത്തിവരുന്നത്. വിഘടനസ്വഭാവമുള്ള ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന ഏതൊരു രാജ്യവും ഇന്നല്ലെങ്കിൽ നാളെ അതിന്റെ തിക്തഫലങ്ങൾ നേരിടേണ്ടിവരുമെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. അതിനാൽ ഉഭയകക്ഷി ബന്ധത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാൻവേണ്ട ശക്തമായ നടപടികൾ ഖാലിസ്ഥാൻ വാദികൾക്കെതിരെ എടുക്കാൻ കാനഡ ഭരണകൂടം തയ്യാറാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FLOAT DEPICTING INDIRA GANDHI’S ASSASSINATION PART OF KHALISTANI PARADE IN CANADA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.