അഗളി: വ്യാജരേഖ കേസിൽ പ്രതിയായ എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യയ്ക്കെതിരെ അഗളി പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം പുറത്തുവന്ന് ഒരാഴ്ച പിന്നിടുമ്പോഴും വിദ്യ ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം. അതേസമയം വിദ്യ ഹോസ്റ്റലിൽ തന്നെ ഒളിഞ്ഞിരിക്കുന്നുവെന്നാണ് കെ എസ് യുവിന്റെ ആരോപണം. കേസെടുത്ത ശേഷം ചോദ്യം ചെയ്യാൻ പോലും തയ്യാറാകാതെ പൊലീസ് മെല്ലെപ്പോക്ക് നയം തുടരുകെയാണെന്ന് കെ എസ് യു ആരോപിക്കുന്നു.
അഗളി പൊലീസ് കാസകോട് തൃക്കരിപ്പൂർ സ്വദേശിനിയായ കെ വിദ്യയുടെ വീട്ടിൽ എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലാണ്. തുടർന്ന് പൊലീസ് സമീപത്തെ വീട്ടിൽ നിന്ന് വിവരങ്ങൾ തിരക്കി.
വ്യാജരേഖ ഹാജരാക്കിയത് പാലക്കാട്ട് അട്ടപ്പാടിയിലെ കോളേജിലായതിനാൽ കേസ് അഗളി പൊലീസിന് കൈമാറുമെന്ന് എറണാകുളം സെൻട്രൽ പൊലീസ് നേരത്തെ അറിയിച്ചിരുന്നു. അട്ടപ്പാടി സർക്കാർ കോളേജിൽ മലയാളം വകുപ്പിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ അഭിമുഖത്തിനാണ് 2018 - 2021 കാലത്ത് മഹാരാജാസ് കോളേജിൽ ഗസ്റ്റ് ലക്ചററായി പ്രവർത്തിച്ചെന്ന വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്.
മഹാരാജാസ് കോളേജിൽ 2018 മുതൽ 2021വരെ താത്‌കാലിക അദ്ധ്യാപികയായിരുന്നുവെന്ന വ്യാജ രേഖയാണ് വിദ്യ ചമച്ചത്. മഹാരാജാസ് കോളേജിന്റെ സീലും വൈസ് പ്രിൻസിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കി ഇതുൾപ്പെടുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പാണ് അട്ടപ്പാടി ഗവൺമെന്റ് കോളേജിലെ താത്‌കാലിക നിയമനത്തിനായി വിദ്യ ഹാജരാക്കിയത്. സംശയം തോന്നിയ കോളേജ് അധികൃതർ മഹാരാജാസ് കോളേജിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസ് എടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |