SignIn
Kerala Kaumudi Online
Sunday, 18 October 2026 5.26 AM IST

കാണാതായ 4 കുട്ടികളെ 40 ദിവസത്തിന് ശേഷം കണ്ടെത്തി, ആമസോൺ വനത്തിൽ അതിജീവന ഇതിഹാസം

colombia

ബോഗോട്ട : അമ്മ മരിച്ച വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട് കൊളംബിയയിലെ ഘോരവനത്തിൽ കാണാതായ കൈക്കുഞ്ഞ് ഉൾപ്പെടെ നാല് കുരുന്ന് സഹോദരങ്ങളെ നാൽപ്പത് ദിവസത്തിന് ശേഷം കണ്ടെത്തി. അതിജീവനത്തിന്റെ മഹാത്ഭുതത്തിൽ ആശ്വാസക്കണ്ണീരണിഞ്ഞ് ലോകം...

ലെസ്‌ലി ജാക്കോബോംബെയ്ർ ( 13 ), സോളിനി ( 9 ), ടിയൻ ( 4 ) ക്രിസ്റ്റിൻ (1) എന്നിവരെ അപകടസ്ഥലത്തു നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് കണ്ടെത്തിയത്. ആഹാരക്കുറവു മൂലം ക്ഷീണതിരായ കുട്ടികളുടെ മുഖത്താകെ കീടങ്ങൾ കടിച്ച് നീരുകെട്ടിയിരുന്നു. കോപ്റ്ററിൽ എയർലിഫ്റ്റ് ചെയ്‌ത കുട്ടികളെ ഇന്നലെ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്രൂര മൃഗങ്ങളും വിഷപ്പാമ്പുകളും ഇരുട്ടും കൊടും തണുപ്പും നിറഞ്ഞ ആമസോൺ മഴക്കാടുകളിൽ അലഞ്ഞ പിഞ്ചുകുഞ്ഞുങ്ങളെ നീണ്ട രക്ഷാ ദൗത്യത്തിലാണ് കണ്ടെത്തിയത്. മേയ് 1ന് വിമാനാപകടം നടക്കുമ്പോൾ ഇളയകുട്ടിക്ക് 11 മാസമായിരുന്നു പ്രായം. അവന്റെ ഒന്നാം പിറന്നാൾ കൊടും വനത്തിൽ!

കൊളംബിയയിലെ ആമസോണസ് പ്രവിശ്യയിലെ അരാരകുവാരയിൽ നിന്ന് സാൻ ജോസ് ഡെൽ ഗുവാവിയാരെയിലേക്ക് പുറപ്പെട്ട സെസ്ന 206 ചെറുവിമാനം വനത്തിൽ തകർന്നു വീഴുകയായിരുന്നു.

വിമാനാവശിഷ്ടങ്ങൾ മേയ് 15ന് സൈന്യം കണ്ടെത്തി. പൈലറ്റ് കുട്ടികളുടെ അമ്മ മഗ്ദലീന മകൂറ്റൈ വാെലെൻഷ്യയും (33) ഒപ്പമുണ്ടായിരുന്ന ഗോത്രനേതാവ് എന്നിവരുടെ മൃതദേഹങ്ങൾ കിട്ടി. കുട്ടികൾ അപ്രത്യക്ഷരായിരുന്നു.

ഓപ്പറേഷൻ ഹോപ്പ്

ആകാശം പോലും കാണാത്ത, മരണം പതിയിരിക്കുന്ന വനത്തിൽ രക്ഷാ ദൗത്യം എളുപ്പമായിരുന്നില്ല. ഓപ്പറേഷൻ ഹോപ്പ് എന്ന രക്ഷാദൗത്യത്തിൽ 160 സൈനികരും തെരച്ചിൽ നായകളും കാടിന്റെ ഉള്ളറിയുന്ന 70 ഗോത്രവർഗക്കാരും കാട് അരിച്ചു പെറുക്കി. കുട്ടികളുടെ കാൽപ്പാടുകളും പാതി കഴിച്ച പഴങ്ങളും, പാൽക്കുപ്പി, കത്രിക, ഹെയർ ടൈ എന്നിവയും താത്കാലിക താമസസ്ഥലവും മൊബൈൽ ഫോണിന്റെ ലോഹഭാഗവും കണ്ടെത്തി. അതോടെ കുട്ടികൾ ജീവനോടെ ഉണ്ടെന്നും നിബിഡ വനത്തിലൂടെ അലയുകയാണെന്നും ഉറപ്പിച്ചു. ഹെലികോപ്റ്ററുകളിൽ ഭക്ഷണപ്പൊതികളും വെള്ളവും വനത്തിൽ നിക്ഷേപിച്ചു. മുത്തശ്ശി ഫാത്തിമ വാലെൻഷ്യയുടെ ശബ്ദത്തിൽ ഹുയിറ്റോറ്റോ ഭാഷയിൽ റെക്കോഡ് ചെയ്ത സന്ദേശങ്ങൾ ഹെലികോപ്റ്ററിൽ നിന്ന് കാടിന്റെ അങ്ങോളമിങ്ങോളം കേൾപ്പിച്ചു. സംഘത്തിലെ ഒരു നായയാണ് മണംപിടിച്ച് കുട്ടികളെ ആദ്യം കണ്ടെത്തിയത്. ദൗത്യത്തിനിടെ കാണാതായ ഒരു നായയ്‌ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

പരമ്പരാഗതമായ അറിവുകളാണ് അതിജീവനത്തിന് സഹായിച്ചത്. കാട്ടുപഴങ്ങളെ പറ്റിയുള്ള അറിവ് വിശപ്പകറ്റി. അമ്മ ജോലിക്ക് പോകുമ്പോൾ മൂന്ന് സഹോദരങ്ങളെയും പരിചരിച്ചത് മൂത്തകുട്ടിയായിരുന്നു. ഇതും അതിജീവനത്തിന് സഹായിച്ചു.

കുട്ടികളെ കണ്ടെത്തിയ വിവരം രാജ്യത്തെ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് ഇന്നലെ പുറത്തുവിട്ടത്. കുട്ടികളെ കണ്ടെത്തിയെന്ന് അബദ്ധത്തിൽ ട്വീറ്റ് ചെയ്തതിന് കഴിഞ്ഞമാസം പെട്രോയ്ക്കെതിരെ വിമർശനമുയർന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, AMAZON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360