കൽപ്പറ്റ : കടുവ ബൈക്കിന് പിന്നാലെ ഓടുന്ന വീഡിയോ സംബന്ധിച്ച് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി പുൽപ്പള്ളി റൂട്ടിൽ പാമ്പ്രയിൽ നിന്നുള്ള വീഡിയോ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കടുവയുടെ വീഡിയോയുടെ ഉറവിടം സംബന്ധിച്ചാണ് വനം വകുപ്പ് അന്വേഷണം ആരംഭിച്ചത്. സൗത്ത് വയനാട് വനം ഡിവിഷന് കീഴിലെ ഇരുളം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ അനന്തന്റെ നേതൃത്വത്തിലാണ് അന്വേഷണം. ചെതലയം റേഞ്ചിലെ കേളു എന്ന വാച്ചർ മൊബൈലിൽ പകർത്തിയതാണ് ദൃശ്യമെന്നാണ് ആദ്യം പ്രചരിച്ചത്. എന്നാൽ കേളുവിന് അങ്ങനെയൊരു ദൃശ്യം കിട്ടിയിട്ടില്ലന്നും വീഡിയോ വ്യാപകമായി പ്രചരിച്ചതിന് ശേഷം കടുവയുടെ ലൊക്കോഷൻ കണ്ടെത്താൻ വനം വകുപ്പ് നിയോഗിച്ച സംഘത്തോടൊപ്പം പിന്നീട് കേളുവെന്ന വാച്ചറും ഉണ്ടായിരുന്നതായി ചെതലയം റേഞ്ച് ഓഫീസർ പറഞ്ഞു. വീഡിയോ സംബന്ധിച്ച് ദുരൂഹതകൾ ഉണ്ടന്നും കൂടുതൽ അന്വേഷണം വേണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ഇതിനിടെ ബന്ദിപ്പൂരിൽ നിന്നാണ് ദൃശ്യമെന്ന് കന്നട ചാനലും റിപ്പോർട്ട് ചെയ്തു. വയനാട്ടിൽ കടുവ ശല്യം രൂക്ഷമായതും വന്യ മൃഗങ്ങളുടെ ജീവന്റെ സുരക്ഷയെ കരുതി രാത്രി കാല ഗതാഗത നിരോധനം നിലനിൽക്കുന്നതുമാണ് വീഡിയോയുടെ ദുരൂഹത വർദ്ധിപ്പിക്കുന്നത്. നേരത്തെ ക്യാമറ ഓൺ ആയിരുന്നതും കൃത്യമായി ദൃശ്യം ലഭിച്ചതും വ്യക്തമാക്കുന്നത് നേരത്തെ ബൈക്ക് യാത്രികർ കടുവയുടെ സാന്നിധ്യം മനസ്സിലാക്കിയിരുന്നുവെന്നാണ്.
പാമ്പ്ര എസ്റ്റേറ്റിന് സമീപത്ത് കൂടി കടന്നു പോകുന്ന സംസ്ഥാനപാതയിലൂടെ യാത്ര ചെയ്ത ബൈക്ക് യാത്രികർക്ക് നേരെയാണ് കടുവ പാഞ്ഞടുത്തതെന്നാണ് പറയപ്പെടുന്നത്. പിന്നിലുള്ളയാൾ കാടിന്റെ ദൃശ്യഭംഗി പകർത്തുന്നതിനിടെയാണ് കാമറക്ക് മുന്നിലേക്ക് കടുവയുടെ അപ്രതീക്ഷിത വരവ്. കടുവയുടെ സ്റ്റാർട്ടിംഗ് സെക്കന്റുകൾ പിഴച്ചതാണ് യാത്രക്കാർ കടുവയിൽ നിന്ന് രക്ഷപ്പെട്ടത്. പിന്നീട് ഇവർ തന്നെ സമൂഹമാദ്ധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. ഇതോടെ ഇതുവഴി ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ സൂക്ഷിക്കണമെന്ന നിർദേശവുമുണ്ടായി. എന്നാൽ ഞായറാഴ്ച ഈ വാർത്തകൾ വിവാദമാകുകയും ദൃശ്യം വയനാട്ടിൽ നിന്നുള്ളതല്ലന്നും പ്രചാരണം വന്നു. അതിന് മുമ്പ് തന്നെ സംഭവത്തിൽ വനം വകുപ്പ് അന്വേഷണം തുടങ്ങിയിരുന്നു.കടുവ ഒരിക്കലും മനുഷ്യരെ ഒാടിച്ച് ആക്രമിക്കില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |