തിരുവനന്തപുരം : ലോക രക്തദാന ദിനത്തിൽ രക്തദാതാക്കളെയും രക്തദാന അസോസിയേഷനുകളെയും ആദരിച്ച് തിരുവനന്തപുരം കിംസ്‌ഹെൽത്ത്. 'സിന്ദഗി' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ തിരുവനന്തപുരത്തെ രക്തദാതാക്കളെയും രക്തദാനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വിവിധ അസോസിയേഷനുകളെയും ആദരിച്ചു. ചടങ്ങ് തിരുവനന്തപുരം ശംഖുംമുഖം സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ ഡി.കെ പൃഥ്വിരാജ് ഉദ്ഘാടനം ചെയ്തു. രക്തദാനത്തിലൂടെ ജീവൻ പകർന്നുനൽകുന്ന വലിയ കർത്തവ്യമാണ് രക്തദാതാക്കൾ നിർവ്വഹിക്കുന്നതെന്നും എല്ലാവരും രക്തദാതാക്കളായി സ്വയം മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
കിംസ്‌ഹെൽത്ത് എക്സിക്യൂട്ടീവ് ഡയറക്ടർ ഇ.എം നജീബ് ചടങ്ങിൽ അദ്ധ്യക്ഷനായി. രക്തത്തിനായി ആളുകൾ പരക്കംപാഞ്ഞിരുന്ന ഒരു സാഹചര്യത്തെ കൃത്യമായ ബോധവൽക്കരണത്തോടെ നമുക്ക് മാറ്റിയെടുക്കാനായെന്നും ഇന്ന് സന്നദ്ധരായി രക്തം ദാനം ചെയ്യാൻ ആളുകൾ മുന്നിട്ടിറങ്ങുകയും ആശുപത്രികളിലെ രക്തദാന വിഭാഗം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വി.എസ്.എസ്.സി റിട്ട. ഡെപ്യൂട്ടി ഡയറക്ടറും കെ.ഇ.ബി.എസ് ജില്ലാ പ്രസിഡന്റുമായ ഡോ. കോശി എം ജോർജ്ജ് അനുഭവങ്ങൾ പങ്കുവച്ചു. ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ഗ്രൂപ്പ് മെഡിക്കൽ ഓഫീസറും കൺസൾട്ടന്റുമായ ഡോ. സനൂജ പിങ്കി സ്വാഗതവും നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റും ഹോസ്പിറ്റൽ ട്രാൻസ്ഫ്യൂഷൻ കമ്മിറ്റി ചെയർമാനുമായ ഡോ. സതീഷ് .ബി, നന്ദിയും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |