കൊച്ചി: കാട്ടാനകൾക്ക് വാസസ്ഥലം ഒരുക്കാൻ നാലേക്കർ സ്വകാര്യഭൂമി വിലയ്ക്കു വാങ്ങി പരിസ്ഥിതി സംഘടനകൾ വനംവകുപ്പിന് കൈമാറുന്നു. നിലമ്പൂർ സൗത്ത് ഫോറസ്റ്റ് ഡിവിഷനിലെ നെടുങ്കയം വനത്തോട് ചേർന്ന സ്വകാര്യ തോട്ടത്തിന്റെ ഭാഗമാണ് വോയ്‌സ് ഒഫ് ഏഷ്യൻ എലിഫന്റ്സ് സൊസൈറ്റിയും നേച്ചർ മേറ്റ്സ് നേച്ചർ ക്ളബും ചേർന്ന് 40 ലക്ഷം രൂപയ്ക്ക് വാങ്ങിയത്. നിലമ്പൂർ എലിഫന്റ് റിസർവിന്റെ ഭാഗമായി ഈ നാലേക്കർ മാറ്റും. കാട്ടാനകൾക്കും മറ്റ് മൃഗങ്ങൾക്കും താമസിക്കാവുന്ന ആവസ്ഥവ്യവസ്ഥ ഇവിടെ സൃഷ്ടിക്കും.
മുമ്പ് ആനത്താരയുടെ ഭാഗമായിരുന്ന ഈ സ്ഥലം ഏറ്റെടുക്കാൻ സർക്കാരിന് ഇന്ന് അപേക്ഷ നൽകും. കേരള വനനിയമം 1961 പ്രകാരമാണ് ഭൂമി കൈമാറ്റമെന്ന് വോയ്‌സ് ഒഫ് ഏഷ്യൻ എലിഫന്റ്സ് സ്ഥാപകയും എക്സിക്യുട്ടീവ് ഡയറക്ടറുമായ പാലക്കാട് സ്വദേശി സംഗീത അയ്യർ പറഞ്ഞു. സംഗീത കാനഡയിലാണ് സ്ഥിരതാമസം.
സ്വകാര്യഭൂമിയിലും സ്വാഭാവികവനം സൃഷ്ടിക്കുന്ന സർക്കാർ പദ്ധതി പ്രകാരം ഭൂമി ഏറ്റെടുക്കുമെന്ന് പാലക്കാട് ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ കെ. വിജയാനന്ദൻ പറഞ്ഞു. കാടിനോട് ചേർന്നുള്ള സ്ഥലങ്ങൾ വിട്ടുനൽകുന്ന താമസക്കാർക്ക് നഷ്ടപരിഹാരം നൽകുന്ന പദ്ധതിയും വകുപ്പ് നടപ്പാക്കുന്നുണ്ട്.
വാർത്താസമ്മേളനത്തിൽ നേച്ചർ മേറ്റ്സ് സെക്രട്ടറി ബിനു റോയിയും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |