തെന്നിന്ത്യൻ സിനിമയുടെ 'ദളപതി' വിജയ്‌യുടെ 49ാം പിറന്നാൾ ആഘോഷിക്കുകയാണ് ആരാധകരിന്ന്. ഇന്ത്യൻ സിനിമയുടെ സൂപ്പർ ഹീറോകളിലൊരാളായ വിജയ്‌യുടെ ഏറ്റവും പുതിയ സിനിമയായ ലിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയ വേളയിലാണ് പിറന്നാളാഘോഷവും. സംവിധായകൻ എസ് എ ചന്ദ്രശേഖറിന്റെ മകനായി സിനിമയിലെത്തി ഇന്ത്യയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ ഒരാളായി മാറി ആളാണ് ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന വിജയ്. നിലവിൽ തമിഴ് സിനിമയിലെ ഒന്നാം നമ്പർ താരമെന്ന് വിശേഷിപ്പിക്കുന്ന നടന്റെ വളർച്ച അത്ഭുതകരമാണ്.
ജനനം, കുട്ടിക്കാലം
എസ് എ ചന്ദ്രശേഖറിന്റെയും ശോഭ ചന്ദ്രശേഖറിന്റെയും മകനായി 1974 ജൂൺ 22നാണ് വിജയ് ജനിച്ചത്. ചെറുപ്പത്തിൽ വളരെ ബഹളക്കാരനായ വിജയ് പിന്നീട് മൗനിയായി മാറിയതിന് പിന്നിലൊരു സങ്കടകരമായ കഥയുണ്ട്. വിജയ്‌യുടെ ഒൻപതാം വയസിൽ അനുജത്തി വിദ്യ മരണപ്പെട്ടു. വിദ്യ വിജയ്‌യുടെ ജീവനായിരുന്നുവെന്ന് അമ്മ ശോഭയും പിതാവ് ചന്ദ്രശേഖറും പറഞ്ഞിട്ടുണ്ട്. കൂടെപിറപ്പിന്റെ മരണം കുഞ്ഞ് വിജയ്‌യെ വല്ലാതെ ഉലച്ചു. പിന്നീടവൻ ആരോടും മിണ്ടാതെയായി. സ്‌കൂളിൽ ആരോടും മിണ്ടില്ലെന്നും വീട്ടിൽ വന്നാൽ ഒറ്റയ്ക്കിരിക്കുമായിരുന്നെന്നും ചന്ദ്രശേഖർ പറയുന്നു. രണ്ട് വർഷമെടുത്താണ് വിജയ് കുറച്ചെങ്കിലും സാധാരണ നിലയിലേയ്ക്ക് എത്തിയതെന്നും മാതാപിതാക്കൾ പറയുന്നു. വിജയ്‌യുടെ വി വി പ്രൊഡക്ഷൻ ഹൗസും വിദ്യയ്ക്കുള്ള സമർപ്പണമാണ്.
സിനിമയിലേയ്ക്ക്
കുട്ടിക്കാലം തൊട്ടുതന്നെ പഠനത്തിൽ അത്ര താത്‌പര്യമില്ലായിരുന്ന വിജയ്‌യുടെ ലക്ഷ്യം സിനിമ തന്നെയായിരുന്നു. സിനിമയിലെ അതികായനായ ചന്ദ്രശേഖറിന്റെ മകന് സിനിമാപ്രവേശനം ബുദ്ധിമുട്ടുള്ളതായിരുന്നില്ല. 1984ൽ പുറത്തിറങ്ങിയ 'വെട്രി' എന്ന സിനിമയിലൂടെ പത്താം വയസിലാണ് വിജയ് കോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് കുടുംബം, വസന്തരാഗം തുടങ്ങി നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു.
പതിനെട്ടാം വയസിൽ പിതാവ് ഒരുക്കിയ 'നാളയ തീർപ്പ്' എന്ന സിനിമയിലാണ് ആദ്യമായി നായകനായെത്തിയത്. വിജയ് എന്നായിരുന്നു ആദ്യ നായകസിനിമയിലെ കഥാപാത്രത്തിന്റെ പേര്. സിനിമ ബോക്‌സോഫീസിൽ ഭേദപ്പെട്ട നിലയിൽ ഓടിയെങ്കിലും നിരവധി വിമർശനങ്ങൾ വിജയ് നേരിട്ടു. എന്നാൽ ചന്ദ്രശേഖർ പിന്മാറിയില്ല. വീണ്ടും വിജയ്‌യെ നായകനാക്കി സിനിമകൾ ചെയ്തെങ്കിലും അവയും പരാജയമറിഞ്ഞു.
"ഇന്ത മൂഞ്ചിയെല്ലാം യാരാച്ച് കാസ് കൊടുത്ത് പാപ്പാങ്കളാ" എന്നായിരുന്നു പുതുമുഖനടനായിരുന്ന വിജയ്‌യെക്കുറിച്ച് ഒരു മാഗസിനിൽ വന്ന വാചകം. നായകന് പറ്റിയ മുഖമാണോയെന്നും പിതാവ് സംവിധായകനായതുകൊണ്ട് സിനിമയിലെത്തിയെന്നും നിരവധി വിമർശനങ്ങൾ നേരിട്ടു. കണ്ണീർ വറ്റാത്ത രാത്രികൾ പിന്നിട്ട വിജയ്‌യുടെ സൂപ്പർ താരമായുള്ള വളർച്ചയാണ് തെന്നിന്ത്യൻ സിനിമാലോകം പിന്നീട് കണ്ടത്.
സൂപ്പർ താരമായുള്ള ഉയർച്ചയിലേയ്ക്ക്
1996ൽ വിക്രമൻ ഒരുക്കിയ 'പൂവേ ഉനക്കാക' എന്ന സിനിമയാണ് വിജയ് എന്ന നടന്റെ തലവര മാറ്റിയത്. വിജയ്‌യുടെ സിനിമാ ജീവിതത്തിലെ ആദ്യ സൂപ്പർ ഹിറ്റായിരുന്നു ഇത്. വിജയ് എന്ന ഡാൻസറുടെ പിറവി കൂടിയായിരുന്നു അത്. മൂന്ന് ഘട്ടങ്ങളാണ് വിജയ്‌യുടെ സിനിമാ വളർച്ചയ്ക്കുള്ളത്. ആദ്യകാല സിനിമകളായ കാതലുക്ക് മര്യാദൈ, മിൻസാര കണ്ണാ എന്നിവയെല്ലാം വിജയ്‌യുടെ റൊമാന്റിക് ഹീറോ വേർഷനായിരുന്നുവെങ്കിൽ തുടർന്നുവന്ന ഗില്ലി, പോക്കിരി തുടങ്ങിയവ ആക്ഷൻ ഹീറോ വേർഷനാണ് പുറത്തെടുത്ത്. തുപ്പാക്കി മുതൽ മാസ്റ്റർ വരെ എത്തിനിൽക്കുന്ന രക്ഷക വേർഷനാണ് അവസാനത്തേത്.
റീമേക്ക് കിംഗ്
റീമേക്ക് സിനിമകളെ സൂപ്പർ ഹിറ്റാക്കി മാറ്റുന്ന പാരമ്പര്യമാണ് വിജയ് എന്ന നടനുള്ളത്. 2003ൽ പുറത്തിറങ്ങിയ 'ഗില്ലി' ആണ് വിജയ്‌ക്ക് സൂപ്പർതാരമെന്ന പരിവേഷം നൽകി തുടങ്ങിയത്. തെലുങ്കിൽ മഹേഷ് ബാബു നായകനായ ഒക്കഡുവിന്റെ തമിഴ് പതിപ്പായിരുന്നു ഗില്ലി. രജനീകാന്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായ പടയപ്പയുടെ റെക്കോർഡും ഗില്ലി തകർത്തു. പോക്കിരി, നൻപൻ, കാവലൻ തുടങ്ങിയ വിജയ് വമ്പൻ ഹിറ്റ് ചിത്രങ്ങളും റീമേക്ക് ചെയ്യപ്പെട്ടവയാണ്.
എന്നിരുന്നാലും വിജയ് ഫോർമുല പല സമയങ്ങളിലും ചോദ്യ ചെയ്യപ്പെട്ടു. 2007 മുതൽ 2010 വരെയുള്ള കാലഘട്ടം വിജയ്‌ക്ക് അനനുകൂലമായിരുന്നില്ല. വില്ല്, കുരുവി തുടങ്ങിയ ബോക്‌സോഫീൽ നിരാശയായെങ്കിലും വിജയ് സിനിമകളുടെ പാറ്റേണിന് ഇന്നും വലിയ മാറ്റം വന്നിട്ടില്ല.
പ്രണയം, വിവാഹം
വിജയുടെ ആദ്യ ഹിറ്റ് സിനിമയായ 'പൂവേ ഉനക്കാക' കണ്ട് ആരാധന മൂത്ത് വിജയ്‌യെ കാണാനെത്തിയ സംഗീത പിന്നീട് ജീവിതസഖിയാവുകയായിരുന്നു. ശ്രീലങ്കൻ തമിഴ് വ്യവസായിയുടെ മകളാണ് സംഗീത സുവർണലിംഗം. യു കെയിൽ ബിസിനസുകാരായിരുന്നു സംഗീതയുടെ കുടുംബം. തന്റെ പ്രിയ നടനെ കാണാൻ യു കെയിൽ നിന്ന് സംഗീത ചെന്നൈയിലെ ലൊക്കേഷനിലെത്തി. ആദ്യ കാഴ്‌ചയിൽ തന്നെ ഇരുവർക്കും പരസ്‌പരം ഇഷ്‌മായി.
തന്നെ കാണാൻ ഇത്രയും ദൂരം വന്നതും സംഗീതയുടെ പെരുമാറ്റവും ഇഷ്ടപ്പെട്ട വിജയ് സംഗീതയെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. വിജയ്‌യുടെ മാതാപിതാക്കൾക്കും സംഗീതയെ ഇഷ്ടപ്പെട്ടു. വിജയ്‌യുടെ പിതാവാണ് വിവാഹത്തിന് താത്‌പര്യമുണ്ടോയെന്ന് സംഗീതയോട് ചോദിക്കുന്നത്. അധികം ആലോചിക്കാതെ തന്നെ സംഗീത സമ്മതം മൂളി. 1995 ഓഗസ്റ്റ് 25ന് ഇരുവരും വിവാഹിതരായി. ജാസൺ സഞ്ചയ്, ദിവ്യ സാഷ എന്നിവരാണ് വിജയ്‌യുടെയും സംഗീതയുടെയും മക്കൾ.
അതേസമയം, വിജയ്‌യും സംഗീതയും പിരിയുകയാണെന്ന തരത്തിലുള്ള വാർത്തകൾ അടുത്തിടെയായി പ്രചരിച്ചിരുന്നു. എന്നാൽ അവയെല്ലാം കള്ളമാണെന്നും അടിസ്ഥാന രഹിതമാണെന്നും വിജയുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
രാഷ്‌ട്രീയം
വിജയ്‌യുടെ രാഷട്രീയ പ്രവേശം അടുത്തിടെ ഏറെ നാളുകളായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. വിവിധ സാമൂഹിക വിഷയങ്ങളിൽ വിജയ് നിലപാട് വ്യക്തമാക്കുന്നതും സിനിമയിലൂടെയുള്ള വിമർശനങ്ങളും രാഷ്‌ട്രീയത്തിലേയ്ക്ക് ചുവട് വയ്ക്കുന്നതിന്റെ സൂചനകളായാണ് ആരാധകർ കാണുന്നത്. വിജയ്‌യുടെ സർട്ടിഫിക്കറ്റുകളിലെല്ലാം ജാതി, മതം എന്നിവയിൽ തമിഴൻ എന്നാണ് കൊടുത്തിരിക്കുന്നത്. തൂത്തുക്കുടി വെടിവയ്പ്പിൽ കൊല്ലപ്പട്ടവരുടെ വീടുകൾ ആരുമറിയാതെ സന്ദർശിച്ചതും, കർഷകരെ ദുരിതത്തെക്കുറിച്ച് വിജയ് സംസാരിച്ചതുമെല്ലാം ആരാധകരുടെ ഹൃദയത്തിൽ നടനോടുള്ള മതിപ്പും ബഹുമാനവും വർദ്ധിപ്പിക്കുകയാണ് ചെയ്തത്.
അടുത്തിടെ സംസ്ഥാന സിലബസിൽ 10, 12 ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ താരത്തിന്റെ രാഷ്ട്രീയസ്വരം കേട്ടത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. തമിഴ്‌നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിൽ നിന്ന് 10, പ്ലസ് ടു പരീക്ഷകളിലെ ആദ്യ മൂന്നു റാങ്കുകാരെ ആദരിക്കുന്ന ചടങ്ങിൽ സമ്മാനത്തുകയും സർട്ടിഫിക്കറ്റും വിജയ് വിതരണം ചെയ്തു. ഇതിനായി രണ്ടുകോടി രൂപയാണ് വിജയ് ചെലവഴിച്ചതെന്ന വാർത്തകളും പുറത്തുവന്നിരുന്നു. 2026 ലെ തമിഴ്‌നാട് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് താരത്തിന്റെ നീക്കമെന്നാണ് സൂചന.
''നമ്മുടെ വിരൽകൊണ്ട് സ്വന്തം കണ്ണുകൾ കുത്തുകയെന്നു കേട്ടിട്ടുണ്ടോ. അതാണിപ്പോൾ നടക്കുന്നത്. കാശു വാങ്ങി വോട്ട് ചെയ്യുന്നതിലൂടെ നമ്മളും അതാണ് ചെയ്യുന്നത്. ഒരു വോട്ടിന് 1000 രൂപ എന്നു വിചാരിക്കുക. ഒന്നര ലക്ഷം പേർക്ക് ഇങ്ങനെ കൊടുക്കുകയാണെങ്കിൽ 15 കോടി വരും. ജയിക്കാൻ 15 കോടി ചെലവാക്കുന്നവർ എന്തുമാത്രം സമ്പാദിച്ചുകാണുമെന്നു ചിന്തിച്ചാൽ മതി. നിങ്ങൾ വീട്ടിൽ ചെന്ന് മാതാപിതാക്കളോട് പറയൂ, കാശ് വാങ്ങി വോട്ട് ചെയ്യാൻ പാടില്ല. നിങ്ങൾ പറഞ്ഞാൽ നടക്കും. നിങ്ങളെ പിന്തിരിപ്പിക്കാൻ പലരും ഉണ്ടാകും. നിങ്ങളുടെ മനസ് പറയുന്നപോലെ പ്രവർത്തിക്കണം."- എന്നായിരുന്നു വിജയ് ചടങ്ങിൽ പറഞ്ഞത്.
പുതിയ സിനിമ
വിജയ് - ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ വീണ്ടും ഒരുമിക്കുന്ന ലിയോ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകർക്ക് പിറന്നാൾ സമ്മാനമായി എത്തിയിരിക്കുകയാണ്. വേറിട്ട ഗെറ്റപ്പിലുള്ള വിജയ് ആണ് പുറത്തു വന്ന ഗ്രാഫിക് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. 'മെരുക്കപ്പെടാത്ത നദികളുടെ ലോകത്ത് ശാന്തമായ ജലം ഒന്നുകിൽ ദിവ്യമായ ദൈവങ്ങളോ അല്ലെങ്കിൽ പൈശാചികമായോ ആയിത്തീരുന്നു' എന്ന ടാഗ് ലൈനും പോസ്റ്ററിൽ കാണാം.
ഒക്ടോബർ 19ന് റിലീസ് ചെയ്യുന്ന ചിത്രം പാൻ ഇന്ത്യൻ സിനിമയായാണ് ഒരുങ്ങുന്നത്. എല്ലാ ഭാഷകളിൽ നിന്നുള്ള നടീ നടന്മാർ അണിനിരക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്യു തോമസ്, ബാബു ആന്റണി എന്നിവർ അഭിനയിക്കുന്നു. വിജയ്‌യുടെ അച്ഛന്റെ വേഷത്തിൽ സഞ്ജയ് ദത്ത് എത്തുന്നു. ആക്ഷൻ കിംഗ് അർജുനും ലിയോയിൽ അഭിനയിക്കുന്നുണ്ട്. തൃഷയാണ് നായിക. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്. ലളിത് കുമാർ നിർമിക്കുന്ന ചിത്രത്തിന് അനിരുദ്ധാണ് സംഗീത സംവിധാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |