ഇസ്‌ലാമാബാദ്: 21 ദിവസമായി കാണാതായിരുന്ന പാകിസ്ഥാനി യൂട്യൂബർമാരായ സൊഹൈബ് ചൗധരി, സന അംജദ് എന്നിവർ തിരികെ പ്രത്യക്ഷപ്പെട്ടു. ഇന്ത്യ, പാകിസ്ഥാൻ കണ്ടന്റുകളാണ് ഇരുവരും പങ്കുവച്ചിരുന്നത്. ഇരുവരെയും തട്ടികൊണ്ടുപോയതായും അറസ്റ്റ് ചെയ്യപ്പെട്ടതായും കൊല്ലപ്പെട്ടതായും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇന്നലെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ താൻ സുരക്ഷിതയാണെന്ന് സന അറിയിച്ചത്. എന്നാൽ ജീവന് ഭീഷണിയുണ്ടെന്ന് അവർ വെളിപ്പെടുത്തി.
'ജീവൻ അപകടത്തിലാണ്. എന്തുവേണമെങ്കിലും സംഭവിക്കാം. കുടുംബാംഗങ്ങൾക്കുനേരെയും ഭീഷണി ഉയരുന്നതായും സന പറഞ്ഞു. ഇന്ത്യയെ പുകഴ്‌ത്തുന്നത് പാകിസ്ഥാനിൽ കുറ്റകരമല്ല. പ്രധാനമന്ത്രിയുൾപ്പെടെയുള്ളവർ ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകരെ വാഴ്‌ത്തിയിട്ടുണ്ട്. ഞാൻ അപ്രത്യക്ഷയായ സമയത്ത് ഇന്ത്യൻ മാദ്ധ്യമങ്ങളും യൂട്യൂബർമാരും നൽകിയ പിന്തുണയ്ക്ക് നന്ദി. എന്നാൽ പാകിസ്ഥാനി മാദ്ധ്യമങ്ങൾ നിശബ്ദരായിരുന്നു.
ലാഹോറിലെ ലിബർട്ടി മാർക്കറ്റിൽ നിന്ന് ഇന്ത്യയെക്കുറിച്ച് സംസാരിച്ച ആദ്യത്തെ യൂട്യൂബർ ഞാനാണ്. ഇക്കാര്യത്തിൽ ഞാൻ ഏറെ വിമർശനങ്ങൾ നേരിട്ടു. എന്നെ നിശബ്ദയാക്കാൻ ശ്രമങ്ങളുണ്ടായി. എന്നെ ഭീഷണിപ്പെടുത്തി പൂർണമായി എന്നെ നിശബ്ദയാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. എന്നെ നിശബ്ദയാക്കാനുള്ള ഏക മാർഗം എന്റെ ജീവനെടുക്കുക എന്നതാണ്. അല്ലാതെ ഇന്ത്യയെക്കുറിച്ച് സംസാരിക്കുന്നത് ഞാൻ അവസാനിപ്പിക്കില്ല. എനിക്കെന്താണ് സംഭവിക്കുകയെന്നത് പറയാനാവില്ല'- സന തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.
പാകിസ്ഥാനിലെ ഒരു പ്രധാന പാർട്ടി അംഗങ്ങൾ തന്നെ തട്ടികൊണ്ടുപോയി ക്രൂരമായി ഉപദ്രവിച്ചതായി മറ്റൊരു യൂട്യൂബറായ സൊഹൈബും വെളിപ്പെടുത്തി. എന്നാൽ തനിക്ക് ഭയമില്ലെന്നും ഇനിയും വീഡിയോകൾ പങ്കുവയ്ക്കുമെന്നും സൊഹൈബ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |