SignIn
Kerala Kaumudi Online
Monday, 23 June 2025 5.16 PM IST

ഏക സിവിൽകോഡും രാഷ്ട്രീയ മുതലെടുപ്പുകാരും

Increase Font Size Decrease Font Size Print Page

photo

1985 ഏപ്രിൽ 23നാണ് ഷാബാനു കേസിൽ അന്തിമവിധിയുണ്ടായത്. ഭർത്താവ് മൊഴിചൊല്ലിയ മുസ്ലിം വനിതയ്ക്ക് ജീവനാംശത്തിന് അർഹതയുണ്ടെന്ന വിചാരണ കോടതിയുടെയും മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെയും വിധി സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് ഐകകണ്‌ഠ്യേന ശരിവച്ചു. ഖുർ- ആനിലെ പ്രസക്തമായ ആയത്തുകൾ കൂടി പരിശോധിച്ച് ചീഫ് ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡാണ് വിധിയെഴുതിയത്. പുരോഗമന ചിന്താഗതിക്കാർ അങ്ങേയറ്റം സന്തുഷ്ടരായി; വിധിയെ അഹമഹമിഹയാ പ്രകീർത്തിച്ചു. അതേസമയം യാഥാസ്ഥിതിക മുസ്ലിം നേതൃത്വം രൂക്ഷമായി പ്രതികരിച്ചു. മുസ്ലിം വ്യക്തിനിയമബോർഡും ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗും ഇതര മതസംഘടനകളും വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. നിയമപരമായി അതു സാദ്ധ്യമല്ലെന്നു വന്നതോടെ പുതിയ നിയമനിർമ്മാണവും അവർ ആവശ്യപ്പെട്ടു. ലീഗ് നേതാക്കളായ ഇബ്രാഹിം സുലൈമാൻ സേട്ടും ജി.എം.ബനാത്ത്‌വാലയുമാണ് പാർലമെന്റിൽ ഏറ്റവും ഒച്ചപ്പാടുണ്ടാക്കിയത്. ജനതാപാർട്ടി നേതാവായിരുന്ന സയ്യിദ് ഷഹാബുദ്ദീനും മുസ്ലിം മജ്‌ലിസിന്റെ സുൽത്താൻ സലാഹുദ്ദീൻ ഒവൈസിയും അതിനെ പിന്തുണച്ചു. പ്രധാനമന്ത്രി രാജീവ്ഗാന്ധി യാഥാസ്ഥിതികരുടെ സമ്മർദ്ദത്തിന് മുന്നിൽ കീഴടങ്ങി. അങ്ങനെ, വിവാഹമോചിതരായ മുസ്ലിം സ്ത്രീകളുടെ സംരക്ഷണത്തിനുള്ള പ്രത്യേക ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. കോൺഗ്രസ് പാർട്ടിയിൽത്തന്നെ രണ്ടഭിപ്രായമുണ്ടായി. കേന്ദ്ര സഹമന്ത്രിയായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ബില്ലിനെ എതിർത്ത് മന്ത്രിസഭയിൽനിന്നു രാജിവച്ചു. കേരളത്തിൽ ആര്യാടൻ മുഹമ്മദ്, വൈക്കം മുഹമ്മദ് ബഷീർ, എൻ.പി. മുഹമ്മദ്, എം.എൻ. കാരശേരി, ഹമീദ് ചേന്ദമംഗലൂർ മുതലായ ഉല്പതിഷ്ണുക്കളും ബില്ലിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. അക്കാലത്താണ് കാരശേരി വിഖ്യാതമായ 'ഉമ്മമാർക്കുവേണ്ടി ഒരു സങ്കട ഹർജി' എഴുതി പ്രസിദ്ധീകരിച്ചത്.

ചരിത്രസന്ധിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ധീരമായ നിലപാട് സ്വീകരിച്ചു. മുസ്ലിം വനിതാസംരക്ഷണ ബില്ലിനെ ശക്തമായി എതിർത്തു. ശരീഅത്ത് നിയമങ്ങൾ കാലോചിതമായി പരിഷ്‌‌കരിക്കണമെന്ന് ഇ.എം.എസ് നമ്പൂതിരിപ്പാട് ലേഖനമെഴുതി. ഏകസിവിൽകോഡിന്റെ ആവശ്യകതയിലേക്കും വിരൽചൂണ്ടി. മുസ്ലിംലീഗുകാർ കുപിതരായി. പതിനായിരം കൊല്ലം കഴിഞ്ഞാലും ശരീഅത്ത് ഇതുപോലെ തുടരുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചു. 'രണ്ടുംകെട്ടും നാലുംകെട്ടും ഇ.എം.എസിന്റെ ഓളെയും കെട്ടും" എന്ന് അണികൾ മുദ്രാവാക്യം മുഴക്കി. മാർക്‌സിസ്റ്റ് പാർട്ടിയുടെ ന്യൂനപക്ഷവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് അഖിലേന്ത്യ മുസ്ലിംലീഗ് ഇടതുമുന്നണി വിട്ടു. യൂണിയൻ ലീഗുമായി കൈകോർത്തു. ഏകീകൃത മുസ്ലിംലീഗ് യാഥാർത്ഥ്യമായി. ലീഗുമായി സഹകരിക്കണമെന്ന് മാർക്‌സിസ്റ്റ് പാർട്ടിയിലെതന്നെ ഒരുവിഭാഗം ശക്തമായി ആവശ്യപ്പെട്ടു. ഇ.കെ.നായനാർ, എം.വി. രാഘവൻ, പി.വി.കുഞ്ഞിക്കണ്ണൻ, പുത്തലത്ത് നാരായണൻ. ഇ.കെ. ഇമ്പിച്ചിബാവ, വി.വി. ദക്ഷിണാമൂർത്തി എന്നിങ്ങനെ മലബാറിൽ നിന്നുള്ള നേതാക്കളായിരുന്നു അവരിലധികവും. ഇക്കൂട്ടർ എറണാകുളത്ത് നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ ബദൽരേഖ അവതരിപ്പിക്കുകയും കടുത്ത അച്ചടക്ക നടപടിക്കു വിധേയരാകുകയും ചെയ്തു. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഒരുപോലെ ആപൽക്കരമാണെന്ന ഇ.എം.എസിന്റെ ലൈൻ എറണാകുളം സമ്മേളനവും കൊൽക്കത്തയിൽ നടന്ന 12-ാം പാർട്ടികോൺഗ്രസും അംഗീകരിച്ചു. അതിനുശേഷം രാഘവനും കുഞ്ഞിക്കണ്ണനും പുത്തലത്ത് നാരായണനും പാർട്ടിക്കു പുറത്തായി. മറ്റുള്ളവർ തെറ്റുതിരുത്തി അച്ചടക്കമുള്ള സഖാക്കളായി തുടർന്നു. ഇ.എം.എസിന്റെ ലൈനാണ് ശരിയെന്ന് 1987 മാർച്ചിലെ നിയമസഭ തിരഞ്ഞെടുപ്പ് തെളിയിച്ചു. ഹിന്ദു ഭൂരിപക്ഷമുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകൾ എൽ.ഡി.എഫ് തൂത്തുവാരി. അതേസമയം മലബാറിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ തിരിച്ചടി നേരിട്ടു. എന്നാലും ഇടതുമുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറി. ഇ.കെ. നായനാർ വീണ്ടും മുഖ്യമന്ത്രിയായി.

ഷാബാനു കേസിലെ വിധിയും മുസ്ലിം വനിതാ സംരക്ഷണനിയമവും അഖിലേന്ത്യാതലത്തിൽ ബി.ജെ.പിക്ക് ഗുണകരമായി. അതേകാലത്താണ് അടൽ ബിഹാരി വാജ്‌പേയിയുടെ സ്ഥാനത്ത് എൽ.കെ. അദ്വാനി ദേശീയ അദ്ധ്യക്ഷനായത്. കോൺഗ്രസിന്റെ പ്രീണനരാഷ്ട്രീയത്തെ അദ്ദേഹം അതിശക്തമായി വിമർശിച്ചു. ബാബറി മസ്ജിദ് വിവാദവും ആളിക്കത്തിച്ചു. വടക്കേ ഇന്ത്യയിൽ ബി.ജെ.പിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞുവന്നു. രാമശിലാപൂജകളും വർഗീയ കലാപങ്ങളുമായി അവർ അരങ്ങ് കൊഴുപ്പിച്ചു. പാർട്ടിക്ക് അധികാരം ലഭിക്കുന്നപക്ഷം രാജ്യത്ത് ഏകസിവിൽ കോഡ് നടപ്പാക്കുമെന്ന് അദ്വാനി പ്രഖ്യാപിച്ചു. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കും, അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കും എന്നിവയായിരുന്നു അദ്ദേഹം മുന്നോട്ടുവച്ച മറ്റു രണ്ട് വാഗ്ദാനങ്ങൾ. 1987നു ശേഷം മാർക്‌സിസ്റ്റ് പാർട്ടി എപ്പോഴെങ്കിലും ഏകസിവിൽകോഡിനു വേണ്ടി വാദിച്ചതായി അറിയില്ല. പക്ഷേ ബി.ജെ.പി വാഗ്ദാനത്തിൽ ഉറച്ചുനിന്നു. 1989ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ അവരുടെ സീറ്റുകൾ രണ്ടിൽനിന്ന് 88 ആയി വർദ്ധിച്ചു. അദ്വാനി സോമനാഥിൽ നിന്ന് അയോദ്ധ്യയിലേക്ക് രഥയാത്ര നടത്തി അന്തരീക്ഷം കൂടുതൽ കലുഷിതമാക്കി. 1998 ആകുമ്പോഴേക്കും ബി.ജെ.പി നയിക്കുന്ന മുന്നണി കേന്ദ്രത്തിൽ അധികാരം പിടിച്ചു. 2004 വരെ അവരുടെ ഭരണം നിലനിന്നു. പക്ഷേ അയോദ്ധ്യയിൽ രാമക്ഷേത്രം പണിയാനോ കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനോ കഴിഞ്ഞില്ല. ഏകസിവിൽകോഡും സ്വപ്‌നമായി അവശേഷിച്ചു. ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം ഉണ്ടായിരുന്നില്ലെന്നതാണ് ഒരു കാരണം. ഭരണം നിലനിറുത്താൻ അവർക്ക് ഘടകകക്ഷികളെ അതിരുകവിഞ്ഞ് ആശ്രയിക്കേണ്ടിവന്നു. ഡി.എം.കെ, തെലുങ്കുദേശം, തൃണമൂൽ കോൺഗ്രസ്, ജനതാദൾ (യു) പോലുള്ള മതേതര കക്ഷികളായിരുന്നു എൻ.ഡി.എയിലെ മറ്റു പങ്കാളികൾ. രാമക്ഷേത്രത്തെയോ ഏക സിവിൽ കൊവിഡിനെയോ ഒരുതരത്തിലും അവർ പിന്തുണയ്ക്കുമായിരുന്നില്ല. നാഷണൽ കോൺഫറൻസിന്റെ കൂടി പിന്തുണയുള്ള സർക്കാരിന് ഒരുകാരണവശാലും കാശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കാൻ കഴിയുമായിരുന്നില്ല. അടൽ ബിഹാരി വാജ്‌പേയി വലിയ ജനാധിപത്യവാദിയും ആയിരുന്നു- ബി.ജെ.പിയിലെ ജവഹർലാൽ നെഹ്‌റു എന്നായിരുന്നു നാട്യം.

2014 ആകുമ്പോഴേക്കും സ്ഥിതിഗതികൾ പാടെ മാറി. ബി.ജെ.പിക്ക് ലോക്‌സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ട്. നരേന്ദ്രമോദിയാണെങ്കിൽ ജനാധിപത്യ മൂല്യങ്ങളോടോ ന്യൂനപക്ഷ അവകാശങ്ങളോടോ അത്രവലിയ പ്രതിപത്തിയുള്ള ആളുമല്ല. ഡി.എം.കെ, തൃണമൂൽ കോൺഗ്രസ് മുതലായ ശല്യക്കാരായ ഘടകകക്ഷികളുമില്ല. തെലുങ്കുദേശവും ശിരോമണി അകാലിദളും ജനതാദളു (യു) മൊക്കെ ഇടക്കാലത്ത് പിണങ്ങിപ്പിരിഞ്ഞ് പോവുകയും ചെയ്തു. അതുകൊണ്ട് കാശ്മീരിന്റെ പ്രത്യേകപദവി ഭരണഘടനാ ഭേദഗതി ചെയ്യാതെതന്നെ ഇല്ലാതാക്കി. കോടതിവിധിയുടെ ആനുകൂല്യത്തോടെ അയോദ്ധ്യയിൽ രാമക്ഷേത്രവും പണിതുയർത്തുന്നു. പാർട്ടിയുടെ അജൻഡയിൽ ഇനി ബാക്കിയുള്ള പ്രധാന ഐറ്റം ഏകസിവിൽകോഡാണ്. അതിന് നിയമപരമായോ ഭരണഘടനാപരമായോ ഒരു തടസവുമില്ല. ഇന്ത്യൻ ഭരണഘടനയുടെ 44-ാം അനുഛേദം ഏക സിവിൽകോഡിന്റെ ആവശ്യകത വ്യക്തമായി പറഞ്ഞുവച്ചിട്ടുമുണ്ട്. വ്യക്തിനിയമം ഏകീകരിക്കേണ്ടതിന്റെ ആവശ്യകത സുപ്രീംകോടതിയും പലതവണ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ലാ കമ്മിഷന്റെ ശുപാർശയും വൈകാതെയുണ്ടാകും. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഏകസിവിൽകോഡിന്റെ കരട് അവതരിപ്പിക്കാനും 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ മാൻഡേറ്റ് നേടാനുമാണ് പദ്ധതി. കോൺഗ്രസ് അടക്കം 14 പ്രതിപക്ഷപാർട്ടികൾ പാട്‌നയിൽ യോഗം ചേർന്ന് തിരഞ്ഞെടുപ്പിനെ ഒന്നിച്ചുനേരിടാൻ തീരുമാനിച്ച സാഹചര്യത്തിൽ ഏകസിവിൽകോഡ് നല്ലൊരു പ്രചരണായുധമാകുമെന്ന് ബി.ജെ.പിക്കറിയാം. ഇതിനെ എതിർക്കുന്നവരെയൊക്കെ രാജ്യദ്രോഹികളായി മുദ്ര‌യടിക്കുകയും ചെയ്യാം.

അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡും മുസ്ലിംലീഗ്, മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ പോലുള്ള രാഷ്ടീയ പാർട്ടികളും ഏകസിവിൽ കോഡ് എന്നുകേട്ടതും ചന്ദ്രഹാസം എടുത്തുകഴിഞ്ഞു. നിർദ്ദിഷ്ട നിയമനിർമ്മാണം ഭരണഘടനാവിരുദ്ധമാണ്, അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കും, രാഷ്ട്രീയമായും നിയമപരമായും നേരിടും എന്നൊക്കെയാണ് വായ്ത്താരി. ഡി.എം.കെ പോലുള്ള പ്രാദേശിക കക്ഷികളും ഏകസിവിൽ കോഡിന് എതിരാണ്. ആം ആദ്മി പാർട്ടി പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. മറ്റു പാർട്ടികളും വൈകാതെ നിലപാട് വ്യക്തമാക്കാൻ നിർബന്ധിതമാകും. ബിജു ജനതാദൾ, വൈ.എസ്.ആർ കോൺഗ്രസ് പോലുള്ള കക്ഷികളുടെ നിലപാട് എന്താകുമെന്നാണ് അറിയാനുള്ളത്. കോൺഗ്രസ് ഉള്ളുകൊണ്ട് ഏകസിവിൽ കോഡിനെതിരാണ്; ഉറക്കെപ്പറയാൻ നിവൃത്തിയുമില്ല. ജവഹർലാൽ നെഹ്‌റുവും ഡോ. ബി.ആർ. അംബേദ്കറും എഴുതിയുണ്ടാക്കിയ ഇന്ത്യൻ ഭരണഘടനയാണ് ഏകസിവിൽകോഡ് വേണമെന്നു വ്യക്തമാക്കിയിട്ടുള്ളത്. അതിനെ എളുപ്പത്തിൽ തള്ളിക്കളയാൻ കോൺഗ്രസിനാവില്ല. ഭൂരിപക്ഷ ജനവിഭാഗം എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയുമുണ്ട്. അതുകൊണ്ട് മൗനം വിദ്വാനുഭൂഷണമെന്ന നിലപാടാണ് അഭികാമ്യം. മുത്തലാഖ് നിയമവിരുദ്ധവും ശിക്ഷാർഹവുമാക്കിയപ്പോൾ കോൺഗ്രസ് അംഗങ്ങൾ പാർലമെന്റിൽ നിന്നിറങ്ങിപ്പോയ മാതൃക അവർക്കു മുന്നിലുണ്ട്. മാർക്‌സിസ്റ്റ് പാർട്ടിക്ക് ഒരു ആശയക്കുഴപ്പവുമില്ല. നിർദ്ദിഷ്ട ഏകസിവിൽകോഡ് ഫാസിസത്തിലേക്കുള്ള നിർണായക ചുവടുവയ്പ്പാണെന്ന് സഖാവ് എം.വി. ഗോവിന്ദൻ മാസ്റ്റർ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ വലിയ പോരാട്ടങ്ങളിലേക്കു പോകേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്കി. വളരെ വലിയ പോരാട്ടങ്ങൾക്ക് കാത്തിരിക്കാം.

TAGS: UNION CIVIL CODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.